കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും?

ക്രിസ്തുവിന്റെ അനേകം ശിഷ്യന്മാർ അവനെ വിട്ടുപോയി. ക്രിസ്തു പന്ത്രണ്ടുപേരോട് ചോദിച്ചു:

“നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?”

അവരെ പിടിച്ചുനിർത്താൻ ക്രിസ്തു ശ്രമിച്ചില്ല. ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും ആരുടെ മേലും നിർബന്ധം അടിച്ചേൽപ്പിക്കില്ല.  ക്രിസ്തു ശിഷ്യന്മാരുടെ  സ്വാതന്ത്ര്യത്തിന്റെ മുൻപിൽ, മറുപടിക്കായി നിശബ്ദനായി  നിന്നു.

അപ്പോൾ പത്രോസ്,  'കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.  നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു' എന്ന് ഉത്തരം പറഞ്ഞു.' യോഹന്നാൻ 6:68–69

ഇത് ഒരു സാധാരണ വിശ്വാസ പ്രഖ്യാപനമായിരുന്നില്ല,  ഒരു ആത്മീയ തിരിച്ചറിവായിരുന്നു.
കർത്താവെ, എല്ലാം എനിക്ക് മനസ്സിലായിട്ടില്ല, എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ല, എങ്കിലും നിന്നെ കൂടാതെ എന്റെ ആത്മാവിന് മറ്റൊരു ഭവനം ഇല്ല എന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ അർത്ഥം. അതാണ് ആഴവും അടിത്തറയും ഉള്ള  വിശ്വാസം.

ജീവിതത്തിൽ എല്ലാം കൈവിട്ടുപോകുന്നതുപോലെ തോന്നുമ്പോൾ, വിശ്വസിച്ചവർ നിരാശപ്പെടുത്തുമ്പോൾ, പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ, ദൈവം പോലും നിശ്ശബ്ദനാണെന്ന് തോന്നുമ്പോൾ— ഒരു ചോദ്യം നമ്മുടെ ആത്മാവിന്റെ വാതുൽക്കൽ വന്ന് മുട്ടും :
“ഇനി എവിടേക്കാണ് പോകേണ്ടത്?”
വിശ്വാസം എന്നത് സംശയങ്ങളില്ലാത്ത അവസ്ഥയല്ല; സംശയങ്ങളുടെ നടുവിലും ആരെ ആശ്രയിക്കണമെന്ന്  തിരിച്ചറിയുന്ന  അവസ്ഥയാണ്. ദൈവത്തിന്റെ വഴികൾ മനസ്സിലാകാത്തപ്പോഴും ദൈവ സ്നേഹത്തിലും കരുതലിലും സംശയിക്കാതിരിക്കുന്നതാണ് വിശ്വാസം. ദൈവത്തിന്റെ നിശ്ശബ്ദതയിൽ പോലും അവന്റെ സാന്നിധ്യത്തെ അന്വേഷിക്കുന്നതാണ് വിശ്വാസം. ഉത്തരങ്ങൾ ലഭിക്കാത്ത സഹന രാത്രികളിലും  ദൈവത്തെ ഉപേക്ഷിച്ച് അന്ധകാരത്തിന്റെ വഴികളിലൂടെ വഴിതെറ്റി പോകാതിരിക്കുന്നതാണ് വിശ്വാസം.

പ്രതിസന്ധികളിൽ പ്രശ്നങ്ങൾക്ക് പരിഹാരം  കണ്ടെത്താൻ മറ്റ് സങ്കേതങ്ങളിലേക്ക് ചുവടുവയ്ക്കാൻ   ജഡീക മനസ്സ് നമ്മോട് പറയും: കൂടുതൽ പണം, കൂടുതൽ അംഗീകാരം, കൂടുതൽ ബന്ധങ്ങൾ, കൂടുതൽ അനുഭവങ്ങൾ, കൂടുതൽ ഫോളോവേർസ്, കൂടുതൽ വിജയം, ആൾദൈവങ്ങൾ, ലഹരി ...
നമ്മിൽ എന്തോ കുറവുണ്ടെന്നു ബോധ്യപ്പെടുത്തി, അതിന്റെ പരിഹാരം ലോകത്തിലും സോഷ്യൽ മീഡിയയിലും നൂതന സിദ്ധാന്തങ്ങളിലും കണ്ടെത്തുവാൻ നമ്മെ പ്രേരിപ്പിക്കും.

പക്ഷേ,  മനുഷ്യന്റെ ഏറ്റവും കഠിനമായ വിശപ്പ് വിജയത്തിന് വേണ്ടിയുള്ളതല്ല, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാനാണ്.
ഏറ്റവും ആഴത്തിലുള്ള ദാഹം സുഖത്തിനു വേണ്ടിയുള്ളതല്ല,  ദൈവ സാന്നിധ്യത്തിന് വേണ്ടിയുള്ള ആത്മാവിന്റെ ദാഹമാണ് .
ഏറ്റവും വലിയ ഏകാന്തത തനിച്ചാകുന്നതല്ല,  ദൈവത്തിൽ നിന്ന് അകന്നു പോകുന്നതിന്റെ ശൂന്യതാ ബോധമാണ്.
അതുകൊണ്ടാണ്,  “ ഞങ്ങൾ ആരുടെ അടുക്കൽ പോകും?”എന്ന് പത്രോസ് ചോദിച്ചത്.

കർത്താവ് നമ്മെ ഒരു വിശ്വാസ കൂട്ടായ്മയിലേക്ക് മാത്രമല്ല തന്നിലേക്കാണ്, തന്നിൽ വസിക്കുവാനാണ് വിളിക്കുന്നത്. കർത്താവ് നൽകുന്നത് ശ്രേഷ്ഠമായ ഉപദേശങ്ങൾ മാത്രമല്ല, സമൃദ്ധമായ ജീവനും സമാധാനവും സന്തോഷവും പ്രത്യാശയും ആത്മഹർഷവും ആണ്. 

ചിലപ്പോൾ ജീവിതത്തിൽ കർത്താവിനെ സംശയിച്ചു പോകുന്ന   ദുർഘട സമയം വന്നേക്കാം. അപ്പോൾ അവനെ ഉപേക്ഷിക്കരുത്, തള്ളി പറയരുത്.  ഒരുപക്ഷേ, ആ പ്രതികൂല സമയത്ത്, 'ഞാൻ കർത്താവിന്റെ ദാസി /ദാസൻ അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ'  എന്ന് മേരി മാതാവിനെ പോലെ പറയുന്നതിൽ നിന്നായിരിക്കും  നിന്റെ വിശ്വാസ യാത്ര ആരംഭിക്കുന്നത്.

ആ യാത്രയുടെ അവസാനം,  വിശ്വാസത്തിന്റെ ചില സമുന്നത പ്രഖ്യാപനം നിന്നിൽ നിന്നുണ്ടാകും:
കർത്താവേ, എന്റെ മുമ്പിൽ വഴിയും വാതിലും അടഞ്ഞാലും സാധ്യതകളുടെ വാതിലായി   ഞാൻ നിന്നെ കാണും.
എന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാത്തപ്പോഴും,  ദിവ്യ പരിപാലനത്തിന്റെ തമ്പുരാനായ അങ്ങയിലാണെന്റെ പ്രത്യാശ.
കർത്താവേ, ജീവിത സമസ്യകളുടെ  പൊരുൾ  എനിക്കറിയില്ല.
എങ്കിലും അവിടുന്ന് അൽഫയും ഒമേഗയും ആണെന്നും അങ്ങറിയാതെ എനിക്കൊന്നും സംഭവിക്കില്ലെന്നും ഞാൻ വിശ്വസിക്കുന്നു...
നിത്യജീവന്റെ വചനമായ കർത്താവേ,  എന്നെ ഉപേക്ഷിക്കരുതേ,
എനിക്ക് പോകാൻ മറ്റൊരിടമില്ല.

-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )