ദൈവത്തിന്റെ മഹത്വത്തെ നിശ്ശബ്ദമായി പ്രഘോഷിക്കുന്ന മഹാസുവിശേഷമാണ് ഈ പ്രപഞ്ചം. വാക്കുകളില്ലാതെ, ശബ്ദമില്ലാതെ, അതിന്റെ സന്ദേശം ലോകമെമ്പാടും എത്തിച്ചേരുന്നു. “ആകാശം ദൈവത്തിന്റെ മഹത്വം വർണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേലയെ പ്രഖ്യാപിക്കുന്നു” (സങ്കീർത്തനം 19:1). പകലിൽ സൂര്യന്റെ തേജസ്സും രാത്രിയിൽ നക്ഷത്രങ്ങളുടെ അനന്തവിശാലതയും നമ്മെ വിസ്മയിപ്പിക്കുന്നു. ഓരോ ഗ്യാലക്സിയും ഓരോ നക്ഷത്രവും സർവ്വശക്തന്റെ ജ്ഞാനത്തിന്റെയും ശക്തിയുടെയും സാക്ഷ്യപത്രങ്ങളാണ്.
ഈ മഹാവിശ്വത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവൻ നമ്മുടെ സ്വന്തം പിതാവാണെന്ന സത്യം ചിന്തിക്കുമ്പോൾ ഹൃദയം വിനയത്താൽ നിറയുന്നു. ദാവീദ് അത്ഭുതത്തോടെ ചോദിച്ചു: “നിന്റെ വിരലുകളുടെ പ്രവൃത്തിയായ ആകാശവും നീ സ്ഥാപിച്ചിരിക്കുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഞാൻ കാണുമ്പോൾ, മനുഷ്യനെ നീ ഓർക്കുവാൻ അവൻ എന്ത്?” (സങ്കീർത്തനം 8:3-4). പ്രപഞ്ചത്തിന്റെ അളവറ്റ വിശാലതയ്ക്കു മുമ്പിൽ മനുഷ്യൻ വെറും ധുളിയാണ്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ അത്ര നിസ്സാരനല്ല. പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുകയും തന്റെ സ്നേഹ പാത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും ആശങ്കകളും പലപ്പോഴും പർവതങ്ങളെപ്പോലെ വലുതായി തോന്നാറുണ്ട്. എന്നാൽ നക്ഷത്രസമൂഹങ്ങളെ പേരുപറഞ്ഞ് വിളിക്കുന്ന ദൈവത്തിന് (യേശയ്യാ 40:26) നമ്മുടെ ഭാരങ്ങൾ അമിത ഭാരമല്ല. അതിലും അത്ഭുതകരമായ സത്യം, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അവിടുന്ന് നമ്മുടെ ഹൃദയത്തിന്റെ നിശ്ശബ്ദ നെടുവീർപ്പുകളും കേൾക്കുന്നു എന്നതാണ്. നമ്മുടെ ഓരോ തുള്ളി കണ്ണുനീർ പോലും അവിടുത്തെ കരങ്ങളിലാണ് വീഴുന്നത് (സങ്കീർത്തനം 56:8). അവന്റെ ശക്തിക്കു മുമ്പിൽ നമ്മുടെ പ്രശ്നങ്ങൾ ചെറുതാണ്; എന്നാൽ അവന്റെ സ്നേഹത്തിനു മുമ്പിൽ അവ വളരെ വിലപ്പെട്ടവയാണ്.
ദൈവം മനുഷ്യനെ സൃഷ്ടികളിൽ ഒന്നായി മാത്രം കണ്ടില്ല എന്നാണ് എട്ടാം സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നത്. “മഹത്വവും ബഹുമാനവും കൊണ്ട് അവനെ കിരീടധാരിയാക്കി” (സങ്കീർത്തനം 8:5). അതിനാൽ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം നമ്മെക്കുറിച്ചല്ല, നമ്മെ സൃഷ്ടിച്ചവനെ മഹത്വപ്പെടുത്തുന്നതിലാണ്. സൂര്യൻ തന്റെ പ്രകാശത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതുപോലെ, നക്ഷത്രങ്ങൾ തങ്ങളുടെ സ്ഥാനത്ത് നിന്ന് അവനെ സ്തുതിക്കുന്നതുപോലെ, നാം നമ്മുടെ വിശ്വാസം, സ്നേഹം, വിശുദ്ധി, വിധേയത്വം എന്നിവയിലൂടെ അവന്റെ മഹത്വം പ്രതിഫലിപ്പിക്കുവാൻ വിളിക്കപ്പെട്ടവരാണ്.
പ്രപഞ്ചത്തിന്റെ അനന്തത നമ്മെ ഭയപ്പെടുത്തേണ്ടതില്ല; മറിച്ച് അതിന്റെ അധിപനും അധീശനുമായ സർവ്വശക്തനിൽ കൂടുതൽ വിശ്വാസം അർപ്പിക്കാൻ നമ്മെ പഠിപ്പിക്കണം. കാരണം പ്രപഞ്ചനാഥൻ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെയും നാഥൻ. അതുകൊണ്ടാണ് അപ്പസ്തോലൻ പൗലോസ് എഴുതിയത്: “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ; പ്രാർത്ഥനയാലും അപേക്ഷയാലും കൃതജ്ഞതയോടെ നിങ്ങളുടെ അഭ്യർത്ഥനകൾ ദൈവസന്നിധിയിൽ അറിയിക്കുവിൻ. അപ്പോൾ എല്ലാ ബുദ്ധിയെയും അതിക്രമിക്കുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും” (ഫിലിപ്പി 4:6-7).
ഒരു നിമിഷം ആകാശത്തേക്ക് നോക്കാം. നക്ഷത്രങ്ങളെ സൃഷ്ടിച്ചവൻ നമ്മെ മറന്നിട്ടില്ല. ഗ്യാലക്സികളെ കൈയിൽ ധരിക്കുന്നവൻ നമ്മുടെ ജീവിതവും തന്റെ കരങ്ങളിൽ സുരക്ഷിതമായി വഹിക്കുന്നു. അതിനാൽ ഭയപ്പെടാതെ വിശ്വസിക്കാം; പരാതിപ്പെടാതെ ആരാധിക്കാം; സ്വയം മഹത്വം അന്വേഷിക്കാതെ അവന്റെ മഹത്വം പ്രതിഫലിപ്പിക്കുന്ന ജീവിതം നയിക്കാം. അപ്പോൾ നമ്മുടെ ജീവിതവും ഈ പ്രപഞ്ചത്തെപ്പോലെ ദൈവത്തിന്റെ മഹത്വത്തെ നിശ്ശബ്ദമായി പ്രഖ്യാപിക്കുന്ന ഒരു സുവിശേഷമായി മാറും.
കാലത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന പ്രപഞ്ചനാഥന്, നമ്മുടെ ജീവിതത്തിലെ ഒരോ നിമിഷവും വിലപ്പെട്ടതാണ്. സർവ്വശക്തന്റെ കരങ്ങളിൽ പ്രപഞ്ചവും അവനിൽ ആശ്രയിക്കുന്ന ആത്മാവും സുരക്ഷിതമാണ്.
☆
-ഫാ. ഡോ. ഏ. പി. ജോർജ്