കുടുംബ പ്രാരാബ്ധങ്ങളിൽ തളർന്നുപോയ മാർത്തയോട് കർത്താവു പറഞ്ഞു : 'മാർത്തേ, മാർത്തേ, നീ പലതിനുവേണ്ടിയും വ്യാകുലപ്പെടുന്നു. ആവശ്യമുള്ളത്, ഒന്നേയുള്ളൂ....'
ദൈവത്തോടൊപ്പമിരിക്കാൻ നീക്കിവയ്ക്കുന്ന സമയമാണ്, മാർത്തയോട് കർത്താവ് പറഞ്ഞ 'ആവശ്യമുള്ള ഒന്ന് '. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലും ദിവസവും അമ്മമാർ ഇതിന് മുൻഗണന കൊടുക്കണം. കുടുംബത്തിൽ അനുഗ്രഹവിഷയമാകാൻ അമ്മ ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടെയും ആകണം.
'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവരിലും വസിക്കുന്നുവോ അവർ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.'
യോഹന്നാന് 15 : 5-8
മക്കൾക്കും അവരെപ്പറ്റിയുള്ള സ്വപ്നങ്ങൾക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്നവരാണ് അമ്മമാർ. അമ്മയുടെ നിയോഗ പ്രതിബദ്ധത മിസ്റ്ററിയും മിറക്കിളുമാണ്. അതിനവളെ ശക്തയാക്കുന്നത് ദൈവത്തിന്റെ കൃപാവരങ്ങളാണ്. മേരി മാതാവിനെ കൃപകൊണ്ട് നിറച്ചതുപോലെ എല്ലാ അമ്മമാരിലും ദൈവം കൃപാ പ്രസാദവർഷം ചെരിഞ്ഞു കൊണ്ടിരിക്കും.
എനിക്കുവേണ്ടി എന്റെ അമ്മ സ്വന്തം ജീവിതത്തിൽ നീക്കിവെച്ച സമയങ്ങൾ, അനുഭവിച്ച വേദനകൾ, ഉറങ്ങാത്ത രാത്രികൾ, എന്നെകുറിച്ചു കണ്ട ശുഭസ്വപ്നങ്ങൾ, ഏനിക്കായ് ഏറ്റ മുറിവുകൾ, പ്രാർത്ഥിച്ച മണിക്കൂറുകൾ... ദൈവത്തിന്റെ സ്മരണയുടെ പുസ്തകത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള വിസ്മയങ്ങളാണ് അവയൊക്കെ.
കുട്ടികളെ വളർത്തിയപ്പോഴും ഗ്രാൻഡ് പേരന്റിംഗ് നിയോഗം ലഭിച്ചപ്പോഴും അമ്മ കടന്നുപോയ കഠിന സഹനത്തിന്റെ വഴികളെപ്പറ്റി മനസ്സിലായി... അമ്മയോടുള്ള ആദരവുകൊണ്ട് ഹൃദയം നിറഞ്ഞു...
അമ്മയുടെ സ്നേഹസ്മരണക്കു മുൻപിൽ, കുടുംബസ്തനായ പത്രോസിന്റെ സാക്ഷ്യം ആദരാന്ജലികളോടെ സമർപ്പിക്കുന്നു!
'ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്നം അണിഞ്ഞ
ആന്തരിക വ്യക്തിത്വമേ', നന്ദി!
1 പത്രോസ് 3 : 4
സ്നേഹം വറ്റിവരണ്ട ലോകത്തിലെ സ്നേഹ ജലാശയങ്ങളായ പ്രിയപ്പെട്ട എല്ലാ അമ്മമാർക്കും ഹൃദയപൂർവ്വം സ്നേഹപ്രണാമം!
ഹാപ്പി മദേഴ്ഡേ!
ഏ. പി. ജോർജച്ചൻ.