'സഖരിയാ പുരോഹിതനോട് നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി, നിന്റെ ഭാര്യ എലിസബത്ത് ഒരു മകനെ പ്രസവിക്കും' എന്ന് മാലാഖ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോമൺസെൻസിന് അത് ഉൾക്കൊള്ളാനായില്ല. ഞങ്ങൾക്ക് ഈ അത്ഭുത ഭാഗ്യം ലഭിക്കും എന്നതിന് എന്താണ് തെളിവ് എന്ന് അദ്ദേഹം ചോദിച്ചു.
ഇതിന് ദൈവം കൊടുത്ത തെളിവായിരുന്നു മാലാഖയുടെ മറുപടി:
'തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും'.
ഇത് സഖരിയ പുരോഹിതന് കൊടുത്ത കഠിന ശിക്ഷയും കനത്ത പ്രഹരവും ആണെന്നുള്ള അമിത വ്യാഖ്യാനം ശരിയല്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
ഈ ലേവ്യദമ്പതികളെ പറ്റി സമുന്നത സാക്ഷ്യമാണ്
തിരുവചനം നൽകുന്നത്:
'ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.'
നേരായി നടക്കുന്ന പുരോഹിതൻ ഒരു സംശയം ചോദിച്ചതിന്റെ പേരിൽ പ്രതികാരനടപടികളെടുത്തു ശിക്ഷിക്കുന്നവനല്ല സ്നേഹനിധിയായ ദൈവം. അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന ദൈവത്തിന്റെ അൽഭുത പ്രവർത്തികളെ പറ്റി ധ്യാനിക്കാനും കാണാതെ വിശ്വസിക്കാൻ കരുത്തു നേടാനുമായി ഒൻപതു മാസത്തെ ഒരു "ഹോളി സൈലൻസ്' ദൈവം പുരോഹിതനു കൊടുക്കുകയായിരുന്നു. സാമൂഹ്യ സമ്പർക്കം ഇല്ലാതെ അനേകം മാസങ്ങൾ 'ഡിവൈൻ ക്വാറന്റയിനിൽ' കഴിച്ചുകൂട്ടിയ സഖറിയാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞ് അത്യുജ്ജ്വല പ്രവചന ഗീതം പാടിയാണ് മൗനത്തിനന്റെ വാല്മീകത്തിൽ നിന്ന് പുറത്തുവന്നത്.
അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന ദൈവത്തിന്റെ വിസ്മയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ യുക്തിയുടെ ക്രമപ്രശ്നം ഉന്നയിക്കാതെ ഹൃദയംകൊണ്ട് സ്വീകരിക്കാനുള്ള വിശ്വാസ വളർച്ച നേടിയ സമയങ്ങളായിരുന്നു പുരോഹിതന്റെ ഈ മൗനത്തിന്റെ നാളുകൾ.
സംശയം വിശ്വാസത്തിൽ പ്രതിസന്ധികളുണ്ടാക്കുമ്പോൾ സ്വീകരിക്കേണ്ട ചില വഴികളെപ്പറ്റിയുള്ള തിരുവചനത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നമ്മുടെ വിശ്വാസജീവിതത്തിൽ നിഷേധശക്തികൾ എപ്പോഴാണ് പ്രതിസന്ധിയുണ്ടാക്കുക എന്നറിയില്ലല്ലോ.
1. സംശയാലുക്കളോട് ദയവുള്ളവരായിരിക്കണം.
യൂദയുടെ ലേഖനത്തിൽ പറയുന്നത്: സംശയിക്കുന്നവരും ചഞ്ചലമനസ്ക്കരുമായവരോട് കരുണ കാണിക്കണമെന്നാണ്. ദാമ്പത്യത്തിലും കുടുംബത്തിലും സഭയിലുമുള്ള സംശയാലുക്കളെ വിധിക്കുന്നതും പരിഹസിക്കുന്നതും അൽപരായി കാണുന്നതുമോക്കെ ഒഴിവാക്കണം. അവരെ വിശ്വാസത്തിലും പരസ്പര ധാരണയിലും പ്രത്യാശയിലും വളർത്തിക്കൊണ്ടുവരാൻ നാം ശ്രമിക്കണം. സംശയ പ്രവണത ചിലരുടെ വ്യക്തിത്വ വൈകല്യമാണ്. ചിലപ്പോൾ അത് ജീവിതകാലം മുഴുവൻ തുടർന്നേക്കാം. രണ്ടും അഞ്ചും താലന്തുകൾ കിട്ടിയവർ അവരോട് സഹിഷ്ണുതയും ക്ഷമയും കാണിക്കണം.
2. പല സംശയങ്ങളും വിശ്വാസ സ്ഥിരതയിലേക്ക് നടത്തുവാനും കാരണമായേക്കാം.
ചെറുപ്പത്തിൽ മാതാപിതാക്കളും സഭയും പഠിപ്പിക്കുന്ന വിശ്വാസസത്യങ്ങൾ കുട്ടി കാണാപാഠം പഠിക്കും. എന്നാൽ ഇരുപതു മുപ്പതുകളിൽ വിമർശന ചിന്തകളും ജീവിത പ്രതിസന്ധികളും കാണാപ്പാഠം പഠിച്ച കാര്യങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ സംശയങ്ങൾ തലപൊക്കും. അതുകൊണ്ട് വിശ്വാസം തകരില്ല. വിശ്വാസത്തിന്റെ അടിത്തറ ഉറപ്പിക്കാൻ വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിനോട് അപേക്ഷിക്കണം. ബൈബിളിൽ അന്വേഷണ യാത്ര തുടരണം. അന്വേഷിക്കുന്നവർ സത്യം കണ്ടെത്തും. മുട്ടുന്നവർക്ക് വിശ്വാസ മർമ്മങ്ങളുടെ വാതിലുകൾ തുറന്നു കൊടുക്കും. യാചിക്കുന്നവർക്ക് വിശ്വാസ കണ്ണുതുറപ്പിക്കാൻ പരിശുദ്ധാത്മാവിനെ സമൃദ്ധമായി നൽകും.
3. മറുപടി കിട്ടാത്ത അനേകം ചോദ്യങ്ങളുമായി സംശയിക്കാതെ ആത്മീയ മോക്ഷയാത്ര തുടരണം .
ദൈവം അനേകം ദിവ്യരഹസ്യങ്ങൾ നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്. എന്നാൽ അത് പൂർണമല്ല. ചിലത് ദിവ്യ രഹസ്യമായി തന്നെ ഇരിക്കുവാൻ ദൈവം തീരുമാനിച്ചിട്ടുണ്ടെന്ന് തിരുവചനം പറയുന്നു :
'രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്ത്താവിന്േറതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്.
ആവര്‍ത്തനം 29 : 29
ശൂന്യതയിൽനിന്ന് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് എങ്ങനെയാണ്, ത്രിത്വ രഹസ്യങ്ങൾ എന്താണ്, മിറക്കിൾ ഹീലിങ്ങ് നടത്തുന്നത് എങ്ങനെയാണ് തുടങ്ങി അനേകമനേകം ചോദ്യങ്ങൾക്ക് ദൈവം ഉത്തരം തന്നാലും ഗ്രഹിക്കുവാൻ നമ്മുടെ ജഡിക മനസ്സിന് പ്രാപ്തിയില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയാലേ വിശ്വസിക്കു എന്ന നിർബന്ധം നല്ലതല്ല. ഉത്തരംകിട്ടാത്ത കാര്യങ്ങളെപ്പറ്റി സംശയിക്കാതെ, വെളിപ്പെടുത്തപ്പെട്ട വെളിപാടിന്റെ തിരിച്ചറിവിൽ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകണം.
4. എപ്പോഴും കാതലായ വിഷയത്തിൽ ആണ് മനസ്സ് ഉറപ്പിക്കേണ്ടത്.
ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ അടിസ്ഥാന വിഷയത്തെപ്പറ്റി പൗലോസ് അപ്പസ്തോലൻ പറയുന്നത് ഇങ്ങനെയാണ്:
'എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,
ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു.
1 കോറിന്തോസ് 15 : 1-4
യേശുക്രിസ്തു നമ്മുടെ വീണ്ടെടുപ്പിന് വേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റു ജീവിക്കുന്നു എന്ന പരമ സത്യത്തിൽ എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരേപോലെ വിശ്വസിക്കുന്നവരാണ്. അതിൽ ആർക്കും തർക്കമില്ല. സംശയവും സംവാദവും വിയോജിപ്പും നിലനിൽക്കുന്നത് അത്ര പ്രധാനമല്ലാത്ത മറ്റുചില സെക്കൻഡറി ഇഷ്യുസിലാണ്. ആവശ്യമുള്ളത് ഒന്നേയുള്ളൂ, അതിൽ മനസ്സുറപ്പിച്ച് വിശ്വസിച്ച് മുന്നോട്ട് പോകണം. ആവശ്യമില്ലാത്ത പലതിനെപ്പറ്റിയുള്ള വഴിതെറ്റിക്കുന്ന കപട സിദ്ധാന്തങ്ങളുടെ ചുഴിയിൽ പെട്ട് വിശ്വാസ തകർച്ച ഉണ്ടാകാതെ ശ്രദ്ധിക്കണം. ക്രിസ്തുവിനെയും സുവിശേഷത്തെയും പറ്റി തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന മീഡിയ പോസ്റ്റുകൾ വിശ്വാസ യാത്രയിലെ തകർച്ചയും ഇടർച്ചയും ഉണ്ടാക്കുന്ന വാരിക്കുഴികൾ ആണ്.
അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം.
സംശയത്തിന്റെ മനശാസ്ത്രവും ദൈവശാസ്ത്രവും തിരുവചനത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഒരു വിശ്വാസ ജീവിതശൈലി നമ്മൾ ചിട്ടപ്പെടുത്തണം. തിരുവചനധ്യാനവും പഠനവുമൊക്കെ ഇക്കാര്യത്തിൽ ആവശ്യമായ ഉൾക്കാഴ്ച നമുക്ക് തരും.
സംശയം എപ്പോഴും അവിശ്വാസത്തിനന്റെ ലക്ഷണമായി കാണരുത്. 'Doubt is the bridge that connects current faith to perfect faith' എന്ന പ്രസ്താവന എത്ര അർത്ഥവത്താണ്. തോമസിന്റെ അവിശ്വാസ ട്രാക്കിലൂടെയുള്ള ഓട്ടം സമ്പൂർണ്ണ വിശ്വാസത്തിൽ അദ്ദേഹത്തെ എത്തിച്ചു.
സംശയം രണ്ടുതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്:
ഒന്ന് ദൈവത്തിൽനിന്നുള്ള അകൽച്ചയും, രണ്ടാമത്തേത് വിശ്വാസത്തിൽ നിന്നുള്ള പിന്മാറ്റവും. വിശ്വാസ പ്രതിസന്ധികളിൽ ദൈവത്തെ വിളിച്ച് അപേക്ഷിക്കുമ്പോൾ ദൈവം യഥാസ്ഥാനപ്പെടുത്തും . ദൈവത്തിൽ നിന്ന് അകറ്റുന്ന സംശയങ്ങൾ അപകടകാരികളാണ്. അത് സംഭവിക്കുമ്പോൾ തന്നെ വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിനോട് അടിയന്തിര സഹായം ആവശ്യപ്പെടണം.
ഏലിയാ പ്രവാചകനെ പോലുള്ള ധീരവിശ്വാസികൾ പോലും ഇടറിയെങ്കിൽ നമ്മുടെ ജീവിതത്തിലും സംശയവും ഭയാശങ്കകളും ഒക്കെ ഉണ്ടായേക്കാം. അതിൽ നിരാശപ്പെടരുത്. വിശ്വാസത്തിൽ യഥാസ്ഥാനപ്പെടുത്താൻ ദൈവത്തിന് അനേകം വഴികളുണ്ട്. ദൈവമേ, വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ എന്ന് നമ്മൾ പ്രാർത്ഥിച്ചാൽ വിശ്വാസത്തിന്റെ അടിത്തറ ക്രിസ്തുവിൽ ഉറപ്പിക്കും.
ദൈവമേ, ശാസ്ത്ര-സാങ്കേതിക അറിവുകളും ടെക്നോളജിയും അമിത സ്വാശ്രയ ബോധവും യുക്തിയുമൊക്കെ സംശയവും വിശ്വാസ തകർച്ചയും എന്നിലുണ്ടാക്കാറുണ്ട്. സംശയത്തിന്റെ ഒഴുക്കിൽപ്പെട്ടൊഴുകി അ വിശ്വാസത്തിന്റെ കയങ്ങളിൽ മുങ്ങി പോകാതിരിക്കാൻ ഞങ്ങളെ അവിടുന്ന് കരുത്തുള്ള കരങ്ങളിൽ ഉറപ്പിച്ചു നിറുത്തേണമേ. അവൻ എന്നെ കൊന്നാലും ഞാൻ അവനെ ഉപേക്ഷിക്കുകയില്ല എന്ന ഇയ്യോബിന്റെ വിശ്വാസ പ്രഖ്യാപനത്തിൽ ജീവിതാവസാനംവരെ ഉറച്ചുനിൽക്കാൻ കൃപയും അമിത ബലവും തന്ന് സഹായിക്കണമെന്ന് യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. എ. പി. ജോർജ്ജ്