ദൈവചനം

വളരെ സമർപ്പണവും സ്വഭാവശുദ്ധിയും ട്രാൻസ്പെരൻസിയുമുള്ള ഒരു സമൂഹത്തെയാണ് ബൈബിളിലെ 'ദൈവജനം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദ്യകാല ക്രിസ്ത്യാനികൾക്ക് ഇതര മതസ്ഥർ കൊടുത്തിരുന്ന അംഗീകാരവും ശ്രേഷ്ഠ നാമധേയവും  ആയിരുന്നു. മാമോദിസയിലൂടെ ക്രിസ്തുവുമായി ഉടമ്പടി ബന്ധത്തിലേക്ക് കടന്നു വന്ന എല്ലാ ദൈവ മക്കളെയും 'വിശുദ്ധർ' എന്നാണ് പൗലോസ് അപ്പോസ്തോലൻ രണ്ടു കൊരിന്ത്യ ലേഖനത്തിൽ സംബോധന ചെയ്യുന്നത്. 

എന്നാൽ നിർഭാഗ്യവശാൽ ദൈവത്തിരുനാമത്തിന് കളങ്കം വരുത്തുന്ന ദുരാരോപണങ്ങളും  ഗോസിപ്പുമൊക്കെയാണ് ദൈവവജനത്തിൽ നിന്നും ആത്മീയ നേതൃത്വത്തിൽനിന്നും മീഡിയയിലൂടെ ലോകം കേൾക്കുന്നത്. ഇത് അക്രൈസ്തവർക്കിടയിൽ ക്രിസ്തുവിനെപ്പറ്റിയുള്ള  എതിർ സാക്ഷ്യമാണ്. മാതാപിതാക്കളുടെ അധരങ്ങളിലെ അധർമ്മ വാക്കുകൾ കേട്ടാണ് കുട്ടികൾ പങ്കിലമായ സംസാരരീതി പഠിക്കുന്നത്. ആത്മ നിയന്ത്രണത്തിലൂടെയുള്ള പ്രസാദാത്മകമായ സംസാരശൈലി  ക്രിസ്തീയ സദ്ഗുണമാണ്.
                   ബന്ധങ്ങളിൽ മുറിവും തകർച്ചയും ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ ഹൃദ്യമായ സംസാരശൈലി സഹായിക്കും.
ബന്ധങ്ങളെ മുറിവേൽപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന രണ്ട് സംസാരവൈകല്യങ്ങളാണ് പരദൂഷണവും ദുരാരോപണവും.
ഇത് കഴിവല്ല, കഴിവുകേടാണ്.
വാക്കുകൾക്ക് തകർക്കാനും ശക്തിപ്പെടുത്താനും പുതുക്കി പണിയാനുമുള്ള കഴിവുണ്ട്.  ദീർഘകാലം നൊമ്പരപ്പെടുത്തുന്ന ആന്തരിക ക്ഷതമുണ്ടാക്കുന്നതാണ്  വിദ്വേഷത്തിന്റെയും  പ്രതികാരത്തിന്റെയും വിഷം പുരട്ടിയ വാക്കുകൾ.
                     ചിലരേൽപ്പിച്ച ആന്തരിക മുറിവുകളെ പറ്റി കൗൺസിലിങ്ങിൽ പലരും പറയാറുണ്ട്:  അതൊക്കെ  ഉണങ്ങാത്ത മുറിവുകളും  ശമിക്കാത്ത വേദനയും മനസ്സിനെ തളർത്തുന്ന ദുരനുഭവവും  ആണെന്നാണ് മുറിവേറ്റവർ പറയുന്നത്. പ്രതികാരവികാരം കൊണ്ട് അടിവരയിടുന്ന ഇത്തരം ആന്തരിക മുറിവുകൾ ഓർമ്മയുടെ ഫയലുകളിൽ  വ്രണിത അനുഭവവും ഉണങ്ങാത്ത മുറിവുമായി കിടക്കും.
       അസഭ്യവാക്കുകൾ കൊണ്ട് മുറിവേൽക്കപ്പെടുമ്പോൾ  അതുണ്ടാക്കുന്ന അഭിമാനക്ഷതവും മാനഹാനിയും ആത്മസംഘർഷവും  ജീവിതകാലം മുഴുവൻ ഇരകൾ സഹിക്കേണ്ടിവരുമെന്ന്  വേട്ടക്കാർ ഓർക്കണം. വികാര തേരോട്ടത്തിൽ വാക്കുകളാകുന്ന തോക്ക് കൊണ്ട് നിറയൊഴിക്കുന്നവരുടെ ശ്രദ്ധയ്ക്കായി ക്രിസ്തു പറഞ്ഞു: 'മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന നിസ്സാര വാക്കുകൾക്ക് പോലും അന്ത്യന്യായവിധി കണക്ക് ബോധിപ്പിക്കേണ്ടിവരും'. ഇന്നത്തെ നമ്മുടെ നിഷ്ഠൂരവാക്കുകൾ അന്ന് നമുക്ക് എതിർസാക്ഷികളായി അണിനിരക്കും.
അതുകൊണ്ട് വികാര ആവേശത്തിൽ ദുരാരോപണങ്ങളും  ഗോസിപ്പും നടത്തുന്നതിനും മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും മുമ്പ് പലവട്ടം ചിന്തിക്കണം. സഹോദരങ്ങളുടെ പ്രത്യാശ തകർക്കാനും പരാജയ ബോധവും ആത്മഹത്യ പ്രേരണ ഉണ്ടാക്കാനും കാരണമാകാവുന്ന വാക്കുകളാകുന്ന വാൾ ഉറയിൽ ഇടണമെന്നാണ് കർത്താവ് പറയുന്നത്.
ക്രിസ്തീയ സാക്ഷ്യം ഭക്തിയുടെ മേലാപ്പുകളിലും സ്ഥാനപ്പേരുകളുമല്ല, അകമേ നിന്ന് വരുന്ന വാക്കുകളിൽ ആണെന്നാണ് പൗലോസ് അപ്പോസ്തലന്റെ  ഉപദേശം :
'മ്ലേച്ഛതയും വ്യർത്ഥഭാഷണവും ചാപല്യവും  നമുക്ക് യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്തോത്രമാണ് ഉചിതം'-  എഫെസ്യർ  5: 4 
               ജീവിതപങ്കാളി,  മക്കൾ മാതാപിതാക്കൾ, സഹവിശ്വാസികൾ  എന്നിവരുടെ ഹൃദയം നോവിക്കുന്ന വാക്കുകൾകൊണ്ട് നേടുന്ന ആധിപത്യവും അധീശത്വവുമൊക്കെ വെറും താൽക്കാലികമാണ്. വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുന്നവരിൽനിന്ന് മറ്റുള്ളവർ അകന്നു പോകും.
നമ്മൾ വിധിക്കുന്ന വിധി നമ്മൾക്കെതിരെയുള്ള  വിധിയും മറ്റുള്ളവരെ അളക്കുന്ന അളവുകോൽ  നമുക്ക് എതിരെയുള്ള  അളവുകോലുമായി ഒരിക്കൽ തിരിച്ചടിക്കും.
'നിന്‍െറ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍െറ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
മത്തായി 12 : 37
കണ്മഷം നിറഞ്ഞ വാക്കുകൾ ഹൃദയത്തിലെ അശുദ്ധി വെളിപ്പെടുത്തുന്നു എന്നാണ് കർത്താവ് പറയുന്നത്: 'വായിൽനിന്നു വരുന്നത് ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.അതു മനുഷ്യനെ അശുദ്ധനാക്കുന്നു.  ദുഷ്ടചിന്തകൾ,  കൊലപാതകം,  വ്യഭിചാരം,  മോഷണം,  കള്ളസാക്ഷി,  പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്'-( മത്തായി 12 :37)
സംസാരത്തിൽ ഒരു മാനസാന്തരം ആവശ്യമാണെന്ന തിരിച്ചറിവ്  ജീവിത വിശുദ്ധിയിലേക്കുള്ള ചുവടുവെപ്പാണ്. മെരുങ്ങാത്തതും  കീഴടങ്ങാത്തതുമായ നാവിന്റെ മേൽ പരിശുദ്ധാത്മ നിയന്ത്രണത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ദൈവമേ,  മറ്റുള്ളവരെ അനുഗ്രഹിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പ്രത്യാശ നൽകുന്നതുമായ സൽഫലങ്ങളായ വാക്കുകലും ചിന്തകളും  വിളയുന്ന ക്രിസ്ത്യാനി വൃക്ഷമാകാൻ ഞങ്ങളുടെ തുറക്കപ്പെട്ട അവയവങ്ങൾക്കു  കാവൽക്കാരെ നിയമിക്കേണമേ.