ഞാൻ മരിക്കയില്ല

മരണത്തിൽ നിന്നും തലനാരിഴയ്ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ അത്ഭുത സാക്ഷ്യം പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഓർമയിൽ  ഭീതിയുണർത്തുന്ന,  മരണത്തെ മുഖാമുഖം കണ്ട,  മൂന്നനുഭവങ്ങൾ എനിക്കും പറയാനുണ്ട്.
മരണവും ഉറപ്പാണെന്ന് തോന്നിപ്പിച്ച രോഗങ്ങളും പ്രകൃതിദുരന്തങ്ങളും നിങ്ങളുടെ ജീവിതത്തിലും  കടന്നു വന്നിട്ടുണ്ടാകാം. നിത്യ വൈകല്യങ്ങളുണ്ടാക്കിയ അപകടങ്ങളിലൂടെ  കടന്നുപോയിട്ടുമുണ്ടാകാം. ദാവീദിന്റെ  ശത്രുക്കളെപ്പോലെ ചിലർ നിങ്ങളുടെ  ജീവിതത്തെ തകർത്തു കളഞ്ഞിട്ടുമുണ്ടാകാം. 
നിരാശയിലേക്കും മരണനിഴൽ താഴ്‌വരയിലേക്കും  തള്ളിയിടുന്നതാണ് ജീവിതത്തിലെ ഇത്തരം പ്രതിസന്ധികൾ. പക്ഷേ എന്തോ ചില അത്ഭുതങ്ങൾ സംഭവിച്ചത് കൊണ്ട് മാത്രമാണ് ഞാനും നിങ്ങളും ജീവിതസാക്ഷികളായി ഇന്നും ജീവിക്കുന്നത്.
     വിപത്തുകളുടെ നിർണായകഘട്ടങ്ങളിൽ മരണപ്രവാഹങ്ങളിൽ നിന്നും നമ്മെ വലിച്ചെടുത്ത് ആരാണ്? 
                     സർവ്വേശ്വരന്റെ  ശക്തമായ കരങ്ങളായിരുന്നു  അത്തരം  പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ രക്ഷിച്ചതെന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. സാധ്യതകൾ അസ്തമിച്ച നിസ്സഹായ സാഹചര്യങ്ങളിൽ  സങ്കീർത്തനം 118-ൽ   ആവർത്തിച്ച് പറയുന്ന ഒരു പ്രത്യാശ വചനം ഉണ്ട്:
' ഞാൻ മരിക്കില്ല ജീവിക്കും,  ഞാൻ കർത്താവിന്റെ പ്രവർത്തികൾ ആഘോഷിക്കും'
            അങ്ങനെ വിശ്വസിക്കാനും പ്രത്യാശിക്കാനും യാതൊരു സാധ്യതയും ഇല്ലാത്തപ്പോഴാണ് മനസ്സിനെ തളരാതെ നിർത്താൻ ഈ പ്രത്യാശാവചനം സങ്കീർത്തനക്കാരൻ ഉരുവിട്ടത് : ഞാൻ മരിക്കില്ല ജീവിക്കും. ദൈവത്തിന് എന്നെക്കൊണ്ട് നിർവഹിക്കാൻ ഇനിയും ശുശ്രൂഷകൾ ബാക്കിയുണ്ട്.
ഇങ്ങനെ കർത്താവിൽ ദൃഢചിത്തരായി  'മരിക്കില്ല ജീവിക്കുമെന്നു' പറയുന്ന ശക്തരായ വിശ്വാസധീരരെ തൊടാൻ മരണത്തിനും  ദുരന്തത്തിനും  സാത്താനുപോലും കഴിയില്ല.
ഞാൻ മരിക്കില്ല ജീവിക്കും എന്ന് ഹൃദയത്തിൽ ഉറപ്പിച്ച് പറയുമ്പോൾ നിങ്ങളെ രക്ഷിക്കാൻ ഒരു ഫൈനൽ പ്രൊസീജ്യറിന്റെ  സാധ്യതയെ പറ്റിയുള്ള ചിന്ത ഡോക്ടറുടെ മനസ്സിൽ ദൈവം കൊടുത്തേക്കാം. റെസ്ക്യൂ ടീം അവസാനനിമിഷത്തിൽ നിങ്ങളുടെ  അടുത്തെത്തിയേക്കാം. ക്രിട്ടിക്കൽ സാഹചര്യങ്ങളിൽ പാരാമെഡിക്സ് കൃത്യസമയത്തെത്തി  പ്രഥമ ശുശ്രൂഷയും സി പി ആറും തന്നേക്കാം. നിങ്ങളുടെ ശത്രു ഭയപ്പെട്ട് പിന്തിരിഞ്ഞു പോയേക്കാം. മരണത്തിന്റെ കറുത്ത കരങ്ങളിൽ നിന്ന് പിടിവിട്ടുപോന്ന അനേകർ ഇതുപോലുള്ള  സാക്ഷ്യങ്ങൾ പറയുന്നത് എത്രയോ നമ്മൾ കേട്ടിരിക്കുന്നു.
ഞാൻ മരിക്കില്ല ജീവിക്കും,  തോൽക്കുകയില്ല ജയിക്കും,  പിന്മാറില്ല,  ദൈവനിയോഗവുമായി മുന്നേറും എന്നൊക്കെ തലയുയർത്തി നിന്നു പറയാനും  വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്നതുമൊക്കെ സ്വന്തം വിൽപവറല്ല ദൈവത്തിന്റെ ശക്തിയാണ്. അവൻ പറഞ്ഞയക്കുന്ന ശക്തിദായകനും  ധൈര്യപ്പെടുന്നവനുമായ പരിശുദ്ധാത്മാവാണ് അതിന്റെ പിന്നിലെ ചാലക ശക്തി.
         
      'ഞാൻ മരിക്കുകയില്ല ജീവിക്കും. ഞാൻ കർത്താവിന്റെ പ്രവർത്തികൾ ഘോഷിക്കും. അവിടുന്നെനിക്കു ഉത്തരമരുളി അവിടുന്ന് എന്റെ പ്രാർത്ഥന കേട്ട് എന്നെ രക്ഷിച്ചു. ഞാൻ അവിടുത്തേക്ക് നന്ദി പറയും.' (സങ്കിർത്തനം 118).

സഭയുടെ മുമ്പാകെ നിന്നുകൊണ്ട് എന്റെ കർത്താവിന് സ്തുതിയും മഹത്വവും മാനവും സ്തോത്രവുമെന്ന് സാക്ഷ്യം പറയാൻ എന്നെ വീഴാതെ നിർത്തിയ ആയുസ്സിന്റെ  തമ്പുരാന് സഹസ്രകോടി വന്ദനോപചാരം.നിസ്സഹായതയുടെ ആഴങ്ങളിൽ മുങ്ങിതാഴുമ്പോഴും  പ്രത്യാശ കൈവിടാതെ നിന്നിൽ ഉറച്ചു വിശ്വസിക്കാനും 'ഞാൻ മരിക്കുകയില്ല ജീവിക്കും,  ഞാൻ കർത്താവിന്റെ പ്രവർത്തികൾ ഘോഷിക്കുമെന്ന് സങ്കീർത്തനകാരനെ പോലെ പറയാൻ കൃപ തരേണമേ.