എന്റെ കൃപ നിനക്കു മതി!

 

താൻ കർത്താവിന്റെ ദാസി ആണെന്നും അതുകൊണ്ട് കർത്താവിന്റെ നിർദ്ദേശങ്ങൾക്ക് കീഴടങ്ങുവാൻ ബാധ്യസ്ഥയാണെന്നും മേരി വിശ്വസിച്ചു. തന്റെ ഇഷ്ടവും അനിഷ്ഠവും അല്ല ദൈവത്തിന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ചെറുപ്പം മുതൽ മാതാപിതാക്കൾ അവളെ പഠിപ്പിച്ചിട്ടുണ്ടായിരിക്കാം.
ഒരുപക്ഷേ അനേകരും നിരസിക്കുവാൻ സാധ്യതയുള്ള ഈ ത്യാഗനിയോഗം  വിശ്വാസത്താൽ സ്വീകരിച്ച മേരി ദൈവേഷ്ടത്തിന് സ്വയം കീഴടങ്ങി. ആഴവും പരപ്പും അടിസ്ഥാനവുമുള്ള മേരിമാതാവിന്റെ  സമർപ്പണ വിശ്വാസമായിരിക്കാം ഇത്രവലിയ ശ്രേഷ്ഠ നിയോഗത്തിന് അവളെതന്നെ തെരഞ്ഞെടുക്കുവാൻ ദൈവം തീരുമാനിച്ചത്.

നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ചില ഉത്തരവാദിത്വങ്ങൾ, നിയോഗങ്ങൾ, പുതിയ പ്രവർത്തനമേഖലകൾ,മാറ്റങ്ങൾ,  നമ്മളെക്കൊണ്ട് ചെയ്തുതീർക്കുവാൻ വിഷമമുള്ള ചുമതലകൾ... അങ്ങനെ ദുരൂഹവും ദുർവഹവും ദുരിതപൂർണ്ണവുമായ ചുമതലകൾ ദൈവമേൽപ്പിക്കുമ്പോൾ
മേരി മാതാവിനെ പോലെ,  എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നടക്കട്ടെ, ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു എന്നു പറയുന്നവർ വളരെ ചുരുക്കമാണ്.
പലരുടെയും പ്രതികരണം പലവിധത്തിലാണ് :
അയ്യോ എനിക്ക് വയ്യ, ഇതിൽ വളരെയധികം റിസ്ക് ഉണ്ട്. പ്രതിഫലം കുറവാണ്, കഠിനരായ മനുഷ്യരുടൊപ്പം പ്രവർത്തിക്കുവാൻ  എനിക്ക് വയ്യ, നിലവാരം കുറഞ്ഞ അസൈൻമെന്റ് ആണ്, വളരെയധികം കഷ്ടപ്പാട് നിറഞ്ഞതാണ്, ഈ ഭാരങ്ങൾ ഒന്നും ചുമക്കേണ്ട കാര്യം എനിക്കില്ല... എന്നൊക്കെ പറഞ്ഞ്  പിന്മാറുന്നവർ അനവധിയാണ്.

പ്രതിസന്ധി സൃഷ്ടിക്കുന്ന ജീവിതപങ്കാളി, വഴിതെറ്റുന്ന മക്കൾ, മുറിവേൽപ്പിക്കുന്ന അയൽക്കാർ, അമിതഭാരം കൊണ്ട് മനസ്സ് തളർത്തുന്ന ജോലി,  പ്രലോഭനം സൃഷ്ടിക്കുന്ന ജീവിത സാഹചര്യങ്ങൾ... ഇതൊക്ക നിരാശയും മടുപ്പും ഉണ്ടാക്കുന്ന ജീവിതാനുഭവങ്ങളാണ്. കർത്താവ് അറിഞ്ഞാണ് ഈ വഴിയിൽ നാം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. നിരാശപ്പെടരുത്, പിന്മാറരുത്. ഇമ്മാനുവേൽ എന്നും കൂടെ ഉണ്ടാകും.
ദൈവം ഏൽപ്പിച്ചിരിക്കുന്ന  നിയോഗങ്ങളുടെ വഴിയിൽ മുള്ളും മുറിവും സഹനങ്ങളും വളരെ ഉണ്ടായിട്ടും  പിന്മാറാതിരുന്ന മാതാവിന്റെ സമർപ്പണവും പ്രതിജ്ഞാ പ്രതിബദ്ധതയും നമ്മൾ മാതൃകയാക്കണം. അസാധ്യ കാര്യങ്ങൾ ദൈവത്തിൽ നിന്ന് ചോദിച്ചു വാങ്ങിത്തരുന്ന മധ്യസ്ഥക്കാരിയായി മാത്രം മേരി മാതാവിനെ കാണാതെ, ജീവിതത്തിലെ മുഴുനീള സഹന യാത്രയിൽ ദൈവം ഏൽപ്പിച്ച നിയോഗങ്ങളിൽ പതറാതെ, പിന്മാറാതെ വിശ്വസ്തയായി ജീവിച്ച മേരി മാതാവിന്റെ മാതൃകയാണ് നമ്മൾ പകർത്തേണ്ടത്.

ഇതുവരെ ക്രിസ്ത്യാനികൾ പഠിക്കാത്തതും ജീവിതത്തിൽ പകർത്താത്തതുമായ സഹനത്തിന്റെ  ദൈവശാസ്ത്രമാണ് മേരി മാതാവിന്റെ സമർപ്പണ ജീവിതം. ഉദ്ദിഷ്ടകാര്യ സാധ്യതക്കുവേണ്ടി ആത്മീയ വേദികൾ കയറിയിറങ്ങി അലഞ്ഞു നടക്കുന്ന വിശ്വാസികൾ മനസ്സിരുത്തി പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണ് മേരീമാതാവ് ജീവിച്ചുകാണിച്ച സഹനമാതൃക. 

തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ  സമർപ്പിച്ചവർ മേരി മാതാവിനെ പോലെ ദീർഘക്ഷമയുള്ളവരായിരിക്കണം. ദൈവത്തോട് ചോദിക്കുന്നതെല്ലാം ഉടനടി കിട്ടണം, തടസ്സങ്ങളെല്ലാം പെട്ടെന്ന് മാറണം, സമ്പന്നരാക്കണം, പ്രതിസന്ധികളെയും പ്രതിസന്ധി ഉണ്ടാക്കുന്നവരെയും തടുത്തു മാറ്റി കളയണം, ഉടനടി രോഗശാന്തി ലഭിക്കണം... എന്നൊന്നും നിർബന്ധം പിടിക്കരുത്. 

ചോദിക്കുമ്പോൾ തരുന്നതും തരാതിരിക്കുന്നതും, മുട്ടുമ്പോൾ തുറക്കുന്നതും തുറക്കാതിരിക്കുന്നതും, അന്വേഷിക്കുമ്പോൾ കണ്ടെത്തുന്നതും കണ്ടെത്താതിരിക്കുന്നതും ദൈവത്തിന്റെ മറുപടികളാണ്. അതിന്റെ പിന്നിൽ ദൈവത്തിന്റെ വലിയ ഉദ്ദേശം ഉണ്ട്. എല്ലാ ജീവിതാനുഭവങ്ങളെയും നന്മയായി രൂപാന്തരപ്പെടുത്തുന്നവനാണ് ദൈവം. താൽക്കാലികമായ പരാജയങ്ങളും നഷ്ടങ്ങളും വീഴ്ചകളും തകർച്ചകളും ഒക്കെ ലാഭവും നന്മയും ആക്കി മാറ്റാൻ ദൈവത്തിന് കഴിയും.

തന്റെ ജീവിതം ദൈവേഷ്ടത്തിനു സമർപ്പിച്ച മേരി മാതാവിന് ഭൗതികമായ നേട്ടങ്ങളൊന്നും തന്നെ ഉണ്ടായില്ല. പക്ഷേ,  മനുഷ്യന്റെ വീണ്ടെടുപ്പിന് പാപപരിഹാര ബലിയായിത്തീർന്ന ദൈവപുത്രനെ ലോകത്തിന് നൽകുവാനുള്ള ദൈവീക പദ്ധതിയുടെ ഭാഗമാകാൻ അവൾക്ക് കഴിഞ്ഞു.  അതിനുവേണ്ടി സഹനത്തിന്റെ അനേകായിരം വാളുകൾ അവളുടെ ഹൃദയത്തെ കുത്തി മുറിച്ചു. ഞാൻ അവിടുത്തെ ദാസി , അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെയെന്ന് ദൈവസന്നിധിയിൽ പ്രതിജ്ഞ ചെയ്ത മേരി മാതാവ് ഒരിക്കലും കഷ്ടപ്പാടുകളെയും ദുരന്തങ്ങളെയുംപ്പറ്റി പരാതി പറഞ്ഞില്ല. കുരിശിൻ ചുവട്ടിൽ  ഹൃദയമുരുകി തേങ്ങിയപ്പോഴും ആരെയും ശപിച്ചില്ല.
അവൾ  ഉത്തമ ക്രിസ്തീയ മാതൃകയും 
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളും അനുഗ്രഹീതയും തലമുറ തലമുറകൾ ഭാഗ്യവതി എന്ന് വിളിക്കപ്പെടുന്നവളുമായി.

ഭാരവും ക്ലേശവുമുള്ള നിയോഗങ്ങൾക്കുമുമ്പിൽ ദൈവം നമ്മെ നിർത്തുമ്പോൾ മേരിമാതാവിൽനിന്ന്  പ്രചോദനവും ദർശനവും ഉൾക്കൊള്ളണം. 'ഞാൻ കർത്താവിന്റെ ദാസൻ/ ദാസി, അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ എന്ന പോസിറ്റീവ് മെന്റൽ സെറ്റ് ' മനസ്സിൽ ഉറപ്പിക്കുവാനുള്ള  കൃപാവരങ്ങൾക്കായി പ്രാർത്ഥിക്കണം.

ദൈവത്തെ ഉദരത്തിൽ വഹിച്ചിട്ടും പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ നിറഞ്ഞിട്ടും ദൈവ നിയോഗത്തിനായി സമ്പൂർണ്ണമായി സമർപ്പിച്ചിട്ടും മേരി മാതാവിന്റെ ജീവിതത്തിൽ കഷ്ടതകളും വ്യാകുലതകളും വേദനകളും ഒറ്റപ്പെടലും ഉണ്ടായി.

കുടുംബം, ദാമ്പത്യം, ഇടയത്വ ശുശ്രൂഷ തുടങ്ങിയ നിയോഗങ്ങൾ നമ്മൾ ഏറ്റെടുക്കുമ്പോൾ കഷ്ടതകളും ത്യാഗങ്ങളും മുറിവുകളും നൊമ്പരങ്ങളും ഉണ്ടാകും എന്ന് ഓർക്കണം. കംഫർട്ട് സോണിൽ നിന്നുകൊണ്ട് ദൈവവിളി പൂർത്തിയാക്കുവാൻ കഴിയില്ല.  എല്ലാ ദൈവവിളികളിലും വെല്ലുവിളികൾ ഉണ്ട്.

ദൈവേഷ്ടത്തിനു സമർപ്പിച്ചിരിക്കുന്ന ജീവിതം ഒരിക്കലും പരാജയമാവില്ല. അവരെ തോൽപ്പിച്ച് കീഴ്പ്പെടുത്താൻ ഒരു നിഷേധ ശക്തിക്കും കഴിയില്ല. ദൈവത്തിനു വേണ്ടി നിയോഗങ്ങൾ ഏറ്റെടുക്കുന്നവരുടെ കഷ്ടനഷ്ട ശോധനകളിൽ ദൈവത്തിന്റെ അമിത ബലം  സമൃദ്ധമായി ഒഴുകിയെത്തും. കുടുംബം, ദാമ്പത്യം, പേരന്റിങ് ഇടയത്വ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ ദൈവം ഭരമേല്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കുവാനുള്ള കൃപ തന്ന് ദൈവം സഹായിക്കും. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം. 

'നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ്‌ നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്‌. അവിടുന്ന്‌ ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ്‌ മനുഷ്യന് ഗ്രഹിക്കുവാൻ കഴിയാത്തതാണ്.
തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.'
ഏശയ്യാ 40 : 28-31

ദൈവമേ, കഷ്ടനഷ്ടങ്ങളിലൂടെ അവിടുന്ന് ഭരമേല്പിച്ച  നിയോഗങ്ങളുമായി ഞങ്ങൾ നടക്കുമ്പോൾ നിരാശപ്പെട്ടു തളർന്നു പോകാതിരിക്കുവാൻ ശക്തമായ ശാശ്വതഭുജങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. ലോകത്തിൽ നിങ്ങൾക്ക് കഷ്ടതകൾ ഉണ്ട് എങ്കിലും ഭയപ്പെടേണ്ട, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു, ഞാൻ നിങ്ങളെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല എന്ന് അരുളി ചെയ്ത കർത്താവെ, അനുഗ്രഹീതയായ ദൈവമാതാവിനെപ്പോലെ എന്റെ ജീവിതം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറയാനുള്ള സമർപ്പണവും വിശ്വാസവും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ എന്ന് യേശു കർത്താവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.