എത്ര വലിയ മുറിവുകളും സൗഖ്യമാക്കാൻ കഴിയുന്ന ശക്തമായ ആന്റിബയോട്ടിക്കുകളും ആന്റി സെപ്റ്റിക് ലേപനങ്ങളും മെഡിക്കൽ സയൻസ് കണ്ടുപിടിച്ചിട്ടുണ്ട്. ശരീരമുറിവിനേക്കാൾ സുഖമാകാൻ ബുദ്ധിമുട്ടുള്ളതാണ് മനസ്സിന്റെ മുറിവുകൾ. അതും കുറെയൊക്കെ സൗഖ്യമാക്കാൻ സൈക്യാട്രിക് ടീമിന്റെ സേവനം വളരെ സഹായകമാണ്.
രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകളെപ്പറ്റി യശ്ശയ്യാ പ്രവാചകൻ പറയുന്നുണ്ട് :
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
യശയ്യാ 53 : 5
ഉയർത്തെഴുന്നേറ്റ കർത്താവ് തന്റെ കൈകാലുകളിലെയും വിലാപ്പുറത്തെയും മുറിവുകൾ ശിക്ഷ്യന്മാർക്കു കാണിച്ചു കൊടുത്തപ്പോൾ ഈ പ്രവചനം നിവൃത്തിയായി.
റോമാ പടയാളികളുടെ ക്രൂര മർദ്ദനങ്ങൾ, മുൾമുടി, ഇരുമ്പാണി, കുന്തം തുടങ്ങിയ ക്രൂര മുനകൾ എന്നിവകൊണ്ട് പിളർന്നു പോയ ശരീരമായിരുന്നു കാൽവറി ബലിപീഠത്തിൽ ലോകത്തിന്റെ പാപപരിഹാര ബലിക്കായി കർത്താവ് സ്വയം സമർപ്പിച്ചത്.
മരണശിക്ഷ ഒഴിവാക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കണം കഠിന പീഡനത്തിലൂടെ തകർത്തുകളഞ്ഞ ക്രിസ്തുവിനെ പീലാത്തോസ് യഹൂദന്മാരുടെ മുമ്പിൽ നിർത്തിയത്. അടി പ്പിണരുകളിലൂടെ ഒഴുകുന്ന നിണച്ചാലുകളും മരണത്തോടടുത്ത ക്രിസ്തുവിന്റെ നിസ്സഹായതയും കാണുമ്പോൾ യഹൂദന്മാരുടെ ഹൃദയം സഹതാപം കൊണ്ട് അലിയുമെന്നും കൂടുതൽ കടുത്ത ശിക്ഷക്ക് നിർബന്ധിക്കില്ലെന്നു അദ്ദേഹം ചിന്തിച്ചു കാണും. പക്ഷേ ശിലാ ഹൃദയരായ ശാസ്ത്രി പരീശ പുരോഹിതർ ആർത്തട്ടഹസിച്ചു കൊണ്ട് പറഞ്ഞു : 'അവനെ കൊന്നുകളയുക, ക്രൂശിക്കുക.'
കാരുണ്യത്തിന്റെ നീർച്ചാലുകൾ വറ്റിവരണ്ട മനസ്സാണ് മതഭ്രാന്ത് ബാധിച്ചവരുടേത്. കരുണയും ആർദ്രതയും കുറ്റബോധവും സഹാനുഭൂതിയും ഒന്നും വിരിയാത്ത ഉഷര മരുഭൂമിയാണ് അവരുടെ ഹൃദയം.
ഘോര വേദനയ്ക്കും മരണത്തിനും കാരണമാക്കിയ ക്രിസ്തുവിന്റെ ഈ മുറിവുകളാണ് നമുക്ക് പാപ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകിയത്, നൽകിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
യശയ്യാ 53 : 5
ക്രിസ്തുവിന്റെ നിത്യ മുറിവുകൾ നമുക്ക് സൗഖ്യം നൽകുമെന്ന് യശ്ശയ്യാ പ്രവാചകൻ പറയുന്നതിന്റെ അർത്ഥമെന്താണ് ?
തീവ്ര വികാരങ്ങൾ മനോഭാവത്തിലും മാനസികാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് മനശാസ്ത്ര തത്വം. ക്രിസ്തുവിന്റെ മുറിവുകളിലേക്ക് ആത്മസമർപ്പണത്തോടെ നോക്കുന്നവരുടെ ഹൃദയം ദുഃഖ സാന്ദ്രമായി തീരും. അവർക്ക് സ്വന്തം പാപത്തെപ്പറ്റി കുറ്റബോധവും ദുഃഖവും പശ്ചാത്താപത്തിന്റെ കണ്ണുനീരുമുണ്ടാകും. കർത്താവിന്റെ അടിപ്പിണരുകളിലേക്ക് നോക്കി പീലാത്തോസ് പറഞ്ഞു :
'ഇതാ ആ മനുഷ്യൻ!'
അന്നും ഇന്നും കർത്താവിന്റെ മുറിപ്പാടുകളും നിണച്ചാലുകളും കണ്ടു ഹൃദയം തകർന്നു പോകുന്നവർ അനവധിയാണ്.
നമ്മുടെ മനസ്സിന്റെ ആൾത്താരയിൽ മുറിവേറ്റ കർത്താവ് നിൽക്കുമ്പോൾ, 'ഇതാ ആ മനുഷ്യൻ' എന്ന് നമ്മുടെ മനസ്സാക്ഷി പറയും. അപ്പോൾ പശ്ചാത്താപത്തിന്റെ ആർദ്രവികാരങ്ങളാൽ ഹൃദയം നുറുങ്ങുകയും ക്രൂശിലെ സ്നേഹം നമ്മെ
പുതിയ സൃഷ്ടി ആവുകയും ചെയ്യും.
അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
നീതിമാൻ ആയിരിക്കുമ്പോൾ മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി ക്രിസ്തു ഏറ്റ മുറിവുകളിലേക്ക് നോക്കുന്നവരുടെ മനസ്സാക്ഷിയിൽ വിസ്മയ ചലനങ്ങൾ ഉണ്ടാകുന്നതാണ് സൗഖ്യത്തിന് രണ്ടാമത്തെ കാരണം. നമ്മുടെ ഭാരങ്ങൾ വഹിച്ചു, നമുക്ക് പാപക്ഷമ നൽകി ദൈവമുമ്പാകെ നീതീകരിച്ചു നിർത്തുമ്പോൾ, മനസ്സാക്ഷിയുടെ കുറ്റബോധത്തിന്റെ തടവിൽനിന്ന് നാം മോചിക്കപ്പെടും. അങ്ങനെ ക്രിസ്തുവിന്റെ മുറിവുകൾ നമുക്ക് ആന്തരിക സൗഖ്യം നൽകും.
അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ക്രിസ്തുവിന്റെ മുറിവുകളെ നോക്കുന്തോറും പാപത്തോടുള്ള വെറുപ്പും ക്രിസ്തുവിനോടുള്ള അടുപ്പവും വർദ്ധിക്കുന്നതാണ് സൗഖ്യത്തിന്റെ മൂന്നാമത്തെ വഴി . അവന്റെ മുറിവുകൾ സൗഖ്യദായകവും ശക്തിദായകവും ആണിപ്പാടുള്ള കരങ്ങൾ വഴിതെറ്റിപ്പോയവർക്കുള്ള നേർ വഴിയുമാണ്.
അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ഞങ്ങൾക്കായി പീഡകളും കഷ്ടതകളും മുറിവുകളും ഏറ്റ കർത്താവേ, ഞങ്ങളുടെ ആത്മശരീര മനസ്സുകളെ വിശുദ്ധീകരണത്തിനും നിത്യ സൗഖ്യത്തിനും ആയി അവിടുത്തെ അടിപിണരുകളിൽ സമർപ്പിക്കുന്നു. പാപാ ശുദ്ധിയിൽ നിന്ന് ജനകോടികളെ കഴുകി ശുദ്ധീകരിച്ച് സൗഖ്യമാക്കിയ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ, വിശുദ്ധീ
കരിക്കേണമേ. ഞങ്ങൾക്കുവേണ്ടി മുറിവുകളേറ്റ യേശു കർത്താവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.