കൂടിളക്കുന്നവൻ

                ഇസ്രായേലിന്റെ ദിവ്യ പരിപാലനം വ്യക്തമാക്കുവാൻ വേണ്ടിയാണ് ആവർത്തന പുസ്തകത്തിൽ കൂടിളക്കി കുഞ്ഞുങ്ങളെ പറക്കുവാൻ പഠിപ്പിക്കുന്ന അമ്മ കഴുകന്റെ വിവരണം ദൈവം നൽകുന്നത്. കൂട് ഇളക്കിയാൽ മാത്രമേ കഴുകൻ കുഞ്ഞുങ്ങൾ പറക്കുവാൻ പഠിക്കുകയുള്ളൂ.  തന്റെ പ്രിയ മക്കളെ ആത്മീയ പക്വതയിലേക്ക് ദൈവം വഴിനടത്തുന്നതിന്റെ പ്രതീകമാണ് ജീവിതഗന്ധിയായ ഈ സംഭവം.

'കഴുകൻ തന്റെ കൂട് അനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ച് അവനെ എടുത്ത്
തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.'
ആവർത്തനം 32:11

 നമ്മുടെ ആത്മീയ ജീവിതത്തിന് പ്രയോജനകരമായ  മൂന്ന് ഇമേജറികൾ ഈ സംഭവത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കുവാൻ സാധിക്കും. 

1. നമ്മെ മുന്നോട്ട് നടത്തുവാൻ ദൈവം പലപ്പോഴും നമ്മുടെ കംഫർട്ട് സോണുകൾ ഇളക്കാറുണ്ട്.

  അവസരങ്ങളുടെ വാതിലുകൾ അടയ്ക്കും, ശീലിച്ച ജീവിതശൈലി മാറ്റും,  സുഹൃത്തുക്കൾ അകന്നുപോകും, ജീവിത സാഹചര്യങ്ങൾ അസ്വസ്ഥത നിറഞ്ഞതായി മാറും...
 വളർച്ചയിലേക്കും അനന്തസാധ്യതകളിലേക്കും നമ്മെ തള്ളി വിടുന്ന ദൈവത്തിന്റെ കരങ്ങൾ ആയിരിക്കും പലപ്പോഴും ഇതിന്റെ പിന്നിൽ. ഉയർച്ചയിലേക്കും വളർച്ചയിലേക്കും  നടത്തുന്ന ദൈവത്തിന്റെ ദിവ്യ പരിപാലന പദ്ധതിയാണ് കൂടിളക്കൽ.

2. പ്രതിസന്ധികളിൽ നമ്മൾ തനിച്ചാണെന്ന് തോന്നുമ്പോഴും ശാശ്വതഭൂജങ്ങൾ നമ്മളോടൊപ്പമുണ്ട്.
'തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും.'
സങ്കീര്‍ത്തനങ്ങള്‍ 91 : 4

ഒറ്റപ്പെടുമ്പോൾ പലപ്പോഴും ദൈവസന്നിധ്യം നമുക്ക് അനുഭവിക്കുവാൻ കഴിഞ്ഞെന്നു വരില്ല. കുഞ്ഞുങ്ങൾക്കുമീതെ പറക്കുന്ന കഴുകനെപ്പോലെ ജീവിതത്തിലെ പ്രതികൂല യാത്രകളിൽ മേഘസ്തംഭവും അഗ്നിസ്തംഭവുമായി ദൈവം കൂടെയുണ്ടായിരിക്കും. അല്ലെങ്കിൽ നമ്മൾ ഇവിടെ വരെ എത്തുമായിരുന്നില്ല.

 പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ല. അനാഥരും അവഗണിക്കപ്പെട്ടവരുമല്ല. കരുണയുള്ള അപ്പന്റെ ദയാദൃഷ്ടി എന്നും എപ്പോഴും നമ്മുടെ മേൽ ഉണ്ട്. കരുത്തുള്ള കരങ്ങളിലാണ് നമ്മൾ പിടിച്ചിരിക്കുന്നത്. പിന്നെന്തിനാ പേടിക്കുന്നെ?

3. ചിലപ്പോൾ നമ്മൾ വീഴുവാൻ ദൈവം അനുവദിക്കാറുണ്ട്.  പക്ഷേ,  തകർന്നുപോകാനും പരാജയപ്പെടുവാനും ഇടവരുത്തില്ല. 

'മനുഷ്യന്റെ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്‌;
തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്‌ഥിരനാക്കും.
അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല;
കര്‍ത്താവ്‌ അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്‌.'
സങ്കീര്‍ത്തനങ്ങള്‍ 37 : 23-24

 കൂടിളക്കി കഴുകൻ കുഞ്ഞിനെ തള്ളിയിടുമ്പോൾ,  ഇളം ചിറകുകൾ അടിച്ച് അത് അഗാധത്തിലേക്ക് വീണു പോകും.   പക്ഷേ പാറക്കെട്ടുകളിൽ വീഴുന്നതിനു മുമ്പ് അമ്മ അതിനെ ചിറകുകളിൽ വഹിക്കും.  വീണ്ടും അത് ആവർത്തിക്കും. വീണ്ടും ചിറകുകളിൽ വഹിക്കും. പറക്കുവാൻ പഠിക്കുന്നത് വരെ ഈ പരിശീലനം തുടരും.

 ആത്മീയ വളർച്ചയ്ക്ക് ദൈവം ഇതുപോലെ നമ്മെയും പരിശീലിപ്പിക്കാറുണ്ട്.  ചെറിയ വീഴ്ചകൾക്ക് അനുവദിക്കും, അത് തകർക്കുവാൻ അല്ല, ശക്തരാക്കുവാൻ വേണ്ടിയാണ്.
നിസ്സഹായതയിലാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കും,  അത് ദൈവാശ്രയം പഠിപ്പിക്കുവാനാണ്‌.
 പരീക്ഷണങ്ങൾ ജീവിതത്തിൽ കടന്നു വരാൻ അനുവദിക്കും,  അത് ആത്മീയ മസിലുകൾ ശക്തമാക്കാൻ വേണ്ടിയാണ്. ദൈവത്തിന്റെ ശാശ്വത ഭുജങ്ങൾ നമുക്ക് താഴെയുണ്ടെന്ന വിശ്വാസത്തോടെ ജീവിത നിലാകാശത്ത് പറക്കുവാൻ അവൻ നമ്മെ പഠിപ്പിക്കും.

4. തന്റെ മക്കളെ സമുന്നത ലക്ഷ്യത്തിലേക്ക് നയിക്കുവാൻ ദൈവത്തിന് വിസ്മയ പദ്ധതികൾ ഉണ്ട്.

 നമ്മുടെ വളർച്ച,  പക്വത,  ജീവിതപ്രയാണം എന്നിവക്കായി വഴിയൊരുക്കി വഴി നടത്തുന്നത് ദൈവമാണ്.  നിർത്തുന്നതും നടത്തുന്നതും ഉയർത്തുന്നതും വഹിക്കുന്നതും സർവ്വശക്തന്റെ വിസ്മയ കരങ്ങളാണ്.
 ക്രിസ്തീയ ജീവിതം ദൈവത്തിന്റെ നിയന്ത്രണത്തിലൂടെ ഓടുന്ന യാത്രയാണ്. ക്രിസ്തീയ ജീവിത വിജയത്തിന്റെ മർമ്മം, ഒരിക്കലും നമ്മുടെ അമിത പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ അല്ല.  സർവ്വശക്തനിലുള്ള പൂർണ്ണ ആശ്രയത്തിലാണ്.

'കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക;
സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ;
അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും,'
സുഭാഷിതങ്ങള്‍ 3 : 5-6

 ജിപിഎസ് ഉപയോഗിക്കുന്ന യാത്രക്കാരൻ, അത് നൽകുന്ന നിർദ്ദേശങ്ങളെ ഒരിക്കലും അവഗണിക്കാറില്ല. യാത്രയുടെ അവസാന ഡെസ്റ്റിനേഷൻ വരെ  സാറ്റലൈറ്റ് നിയന്ത്രിക്കുന്നുണ്ട്  എന്ന വിശ്വാസം കൊണ്ടാണ്,  ഇടതും വലതും തിരിയാനും എക്സിറ്റ് എടുക്കാനും പറയുമ്പോൾ ചോദ്യം ചെയ്യാതെ അനുസരിക്കുന്നത്. അതുപോലെ നിത്യത വരെയുള്ള നമ്മുടെ വഴി നിത്യവും കാണുന്ന ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്ന വിശ്വാസി പ്രതിസന്ധികളിലും ദുരന്തങ്ങളിലും പതറാതെ കർത്താവിൽ ആശ്രയിച്ച് സധൈര്യം മുന്നോട്ട് പോകും. കാഴ്ചയാലല്ല വിശ്വാസത്താലെ ആയിരിക്കും ഈ യാത്ര.

പ്രിയ സുഹൃത്തുക്കളെ, 
 സർവ്വശക്തൻ കൂടെയുള്ളതുകൊണ്ട്   കംഫർട്ട് സോണുകൾ വിട്ട് പറക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. സുരക്ഷിതമെന്ന് കരുതുന്ന ജീവിത സംവിധാനങ്ങളെ ദൈവം ഇളക്കുന്നത് നമ്മെ വീഴ്ത്തുവാൻ അല്ല,  ഉയർത്തുവാൻ ആണ്.  അവൻ നമുക്ക് മുകളിൽ സദാ വ്യാപരിക്കുന്നുണ്ട്.  നമ്മുടെ കരങ്ങളിൽ പിടിച്ചിരിക്കുന്നുണ്ട്.  നമ്മുടെ ചിറകുകൾ ആകുന്ന  ആത്മാവിനെ എപ്പോഴും ശക്തിപ്പെടുത്തുന്നുണ്ട്. വിശ്വാസത്തോടെ വിശാലതയിലേക്ക് പറക്കുവാനും അവനിൽ ആശ്രയിക്കുവാനും അവനെ അനുസരിക്കുവാനും ലക്ഷ്യബോധത്തോടെ ചുവടു വയ്ക്കുവാനും പഠിപ്പിക്കുന്ന ദൈവത്തിൽ മനസ്സുറപ്പിച്ച് നമുക്ക് മുന്നോട്ടു പോകാം. 

 സ്വർഗ്ഗസ്ഥ പിതാവേ,
നിന്റെ മക്കളെ സുരക്ഷിത മാർഗ്ഗങ്ങളിലൂടെ നയിക്കുന്ന നിന്റെ ദിവ്യ പരിപാലനത്തിനായി സ്തോത്രം.  
 കർത്താവേ ജീവിതത്തിലെ കംഫർട്ട് സോണുകളിലെ ഇളക്കങ്ങളും തകർച്ചകളും ഒറ്റപ്പെടുത്തലും എന്തിനാണെന്ന് പലപ്പോഴും ഞങ്ങൾ അറിയുന്നില്ല. പക്ഷേ അങ്ങയുടെ സ്നേഹ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരാണെന്നും അവിടുത്തെ ദിവ്യ  പദ്ധതികൾ  സമുന്നതമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്