പാപം നിസ്സാരമല്ല

പാപത്തിന്റെ ദുരന്ത ഫലത്തെപറ്റി പറഞ്ഞ് വിശ്വാസികളെ അസ്വസ്ഥരാക്കരുതെന്നാണ് ആധുനിക ആത്മീയ കാഴ്ചപ്പാടുള്ള പലരുടെയും അഭിപ്രായം. പ്രോസ്പിരിറ്റി ഗോസ്പെൽ പറഞ്ഞും അൽഭുത രോഗശാന്തി ശുശ്രൂഷകൾ നടത്തിയും ആളുകളെ കംഫർട്ടബിൾ ആക്കുന്നതാണ് ഇടയത്വ ദൗത്യമെന്ന് ചിന്തിക്കുന്നവരുണ്ട്.

പക്ഷേ, പാപത്തെ അത്ര നിസ്സാരമായി തള്ളിക്കളയാൻ പറ്റുന്നതാണോ?
അതിന്റെ അനന്തരഫലങ്ങൾ അവഗണിക്കാവുന്ന താണോ?

ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്ന് എഴുന്നേറ്റ് കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു  (2 സാമുവേൽ 11:2)

ബേത്ശേബയുമായുള്ള അവിശുദ്ധ ബന്ധം മറ്റനേകം പ്രതിസന്ധികളിലേക്കും പാപങ്ങളിലേക്കും ദാവീദിനെ വലിച്ചിഴച്ചു.
അതിലൊന്ന് ബേത്ശേബയുടെ ഭർത്താവ് ഊരിയാവിന്റെ കൊലപാതകമാണ്. അങ്ങനെ പാപം വ്യഭിചാരത്തിൽ നിന്ന്  കൊലപാതകത്തിലേക്കു ദാവീദിനെ നയിച്ചു. വിശ്വസ്ത ഭടനായ ഊരീയാവിന്റെ ഭാര്യയെയും അവന്റെ ജീവനെയും ദാവീദ് ബലാൽക്കാരമായി പിടിച്ചെടുത്തു.

സേനാധിപനായ യോവാബ് ഊരിയാവിന്റെ കൊലക്കുറ്റത്തിൽ ദാവീദിനോടൊപ്പം പങ്കാളിയായി.  ഒരാളുടെ പാപം മറയ്ക്കുവാൻ കൂട്ട് നിൽക്കുന്നവരെല്ലാം കൂട്ട് പ്രതികളും നീതിമാന്റെ രക്തത്തിൽ പങ്കാളികളും ആകും.

ഊരിയാവിനെ ചതിച്ചുകൊല്ലുവാൻ ദാവീദു കൊടുത്തയച്ച കത്ത് യോവബിന്റെ
കയ്യിൽ ഉണ്ടായിരുന്നു. കുറ്റം മറയ്ക്കാൻ ദാവീദ് യോവബിനെ കൂട്ടു പിടിച്ചപ്പോൾ പുറത്തായ രഹസ്യത്തിന്റെ തെളിവായിരുന്നു ആ കത്ത്. യോവാബ് ഇത് മുതലെടുത്തു. പിന്നീട് അവൻ തന്നി ഷ്ടക്കാരനായി. ദാവീദിന് അവന്റെമേൽ നിയന്ത്രണം ഇല്ലാതെയായി. അതിന്റെ പ്രത്യാഘാതം പിന്നീട് ദാവീദിന് അനുഭവിക്കേണ്ടിവന്നു. അബ്ശ ലോമിന്റ മേൽ കൈവെക്കരുതെന്ന ദാവീദിന്റെ കൽപ്പന ലംഘിച്ച് അബ്ശലോമിനെ യോവാബ്  കൊന്നു. യോവാബിന്റെ അഹങ്കാരത്തിന്റെ മുമ്പിൽ ദാവീദിന് നിശബ്ദനായി നിൽക്കേണ്ടി വന്നു.

നമ്മുടെ രഹസ്യങ്ങളും വീഴ്ചകളും അറിയുന്നവർ നമുക്കെന്നും ഭീഷണിയും ടൈംബോംബുമായിരിക്കും. മത -രാഷ്ട്രീയ നേതാക്കൾ ചിലർക്ക് മുമ്പിൽ കീഴടങ്ങുന്നതിന്റെ പ്രധാന കാരണം അവരുടെ പല രഹസ്യങ്ങളും പുറത്താകും എന്നതുകൊണ്ടാണ്.

ദാവീദിന്റെ വിശ്വസ്ത ഉപദേശകൻ ആയിരുന്നു അഹിഥോഫെൽ. അദ്ദേഹത്തിന്റെ ഉപദേശം ദൈവത്തിന്റെ വെളിപാടുപോലെ ദാവീദ് സ്വീകരിച്ചിരുന്നു (2 സാമുവൽ 16 :23). ബേത്ഷേബ യുടെ ഗ്രാൻഡ് ഫാദർ ആയിരുന്ന അഹിഥോഫെൽ
ദാവീദ് ചെയ്ത ക്രൂരത അറിഞ്ഞപ്പോൾ അവനിൽ  നിന്ന് അകന്നു.
  പാപം ദൈവത്തെ മാത്രമല്ല,  നല്ല സുഹൃത്തുക്കളെയും ആകറ്റിക്കളയും.

ദാവീദ് തന്റെ അപരാധത്തിന് വേണ്ടി അനുതപി ക്കുകയും പാപക്ഷമ ലഭിക്കുകയും ചെയ്തെങ്കിലും പാപത്തിന്റെ അനന്തരഫലം പിന്തുടർന്നു.  ദാവീദിന്റെ മകൾ താമാറിന്റെ അർത്ഥ സഹോദരനായ അമ്നോൻ അവളെ ക്രൂരമായി ബലാൽസംഗം ചെയ്തു.  നൂറുനൂറായിരം മുനകളുള്ള വാളായി തന്റെ പാപം മകളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് നിസ്സഹായനായി പിതാവായ ദാവീദിന് കാണേണ്ടിവന്നു.

അമ്നോന്റെ ഈ ക്രൂരതയ്ക്ക് അവളുടെ സഹോദരനായ അബ്ശലോം പകരംവീട്ടി. ഊരിയാ വിനെ ചതിയിലൂടെ കൊല്ലുവാൻ കല്പന കൊടുത്ത ദാവീദിന്റെ പുത്രനായ അബ്ശലോം അമ്നോനെ ചതിയിലൂടെ കൊന്നുകളഞ്ഞു.

അമ്മോന്യരുടെ വാൾ കൊണ്ട് ഹിത്യനായ  ഊരിയാവിനെ  കൊല്ലിച്ച നിന്റെ ഭവനത്തിൽ നിന്ന് വാൾ ഒഴിയുക ഇല്ല എന്ന നാഥൻ പ്രവാചകന്റെ പ്രവചനം നിവൃത്തിയായി.

ഒടുവിലായി, ദാവീദിന്റെ ഭവനത്തിലേക്ക് കടന്നുവന്ന വാൾ  പുത്രനായ അബ്ശലോമിനെയും വെട്ടിവീഴ്ത്തി.

ഊരിയാവിന്റെ കൊലപാതകത്തിന് പ്രതികാര പടയണിയായി ദാവീദിന്റെ ജീവിതത്തിലേക്ക് ഒന്നിനു പിറകെ മറ്റൊന്നായി മാർച്ച് ചെയ്ത വന്ന ദുരന്തങ്ങൾ അനവധിയായിരുന്നു:  താമറിന്റെ സഹനം, ഉപദേശകൻ അഹിഥോഫെലിന്റെ പിന്മാറ്റം, അമ്നോന്റെ മരണം,   ദാവീദിനെതിരെയുള്ള അബ്ശലോമിന്റെ കലാപവും ദയനീയമായ അന്ത്യവും.
അതെ, ഒരു പാപത്തിന് ആറിരട്ടി ദാവീദിന് മടക്കി കൊടുക്കേണ്ടിവന്നു.

എന്തിനാണ് ഈ ദുരന്ത കഥകൾ ബൈബിളിൽ എഴുതിവച്ചിരിക്കുന്നത്?

ജീവിത പ്രലോഭനങ്ങൾക്ക് കീഴ്പ്പെടാതെ സൂക്ഷിക്കാനുള്ള മുന്നറിയിപ്പാണ് ഇതൊക്കെ.

  പാപത്തിന്റെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഓരോ ഐറ്റത്തിലും ഓരോ പ്രൈസ് ടാഗ് ഉണ്ട്.  ആസ്വദിക്കുന്ന ഓരോ പാപത്തിനും തക്കതായ കനത്ത വില കൊടുക്കേണ്ടി വരും.

പശ്ചാത്താപത്തിലൂടെ പാപക്ഷമ ലഭിച്ചാലും പാപം അതിന്റെ വില കണക്കുപറഞ്ഞ് പിടിച്ചു മേടിക്കും.  ശരീര മനസ്സുകളുടെയും കുടുംബത്തിന്റെയും തലമുറകളുടെയും സഹന നഷ്ടങ്ങളിലൂടെ അതൊക്കെ കൊടുത്തു തീർക്കേണ്ടതായും വരും.

ഗോലിയാത്തിനെ കൊന്ന യങ്ങ് ഹീറോ, ഇസ്രായേൽ ജനത്തെ ഒരുമിച്ചു നിർത്തി ശത്രു നിരകളെ തോൽപ്പിച്ചാൽ ധീരനായ മിലിട്ടറി കമാൻഡർ,  ദൈവത്തിന്റെ പ്രിയമാനസനായ ചക്രവർത്തി,  പരിശുദ്ധാത്മാവിൽ നിറഞ്ഞു സങ്കീർത്തനങ്ങൾ രചിച്ച ഭക്തകവിയുമൊക്കെ യായിരുന്ന ദാവിദിന്റെ ജീവിതസായാഹ്നം അസ്വസ്ഥ പൂർണമായിരുന്നു.

തിളങ്ങുന്ന അധികാരിയായി പടവുകൾ ചവിട്ടിക്കയറിയ ദാവീദിന്റെ മകൻ ശലോമോൻന്റെ ജീവിതവും അപ്പന്റെതുപോലെതന്നെ ആയി- തിളങ്ങുന്ന തുടക്കം, ദയനീയ അന്ത്യം

പാപം കീഴ്മേൽ മറിച്ച ജീവിതങ്ങൾ!

ഇന്നും പാപം കീഴ്മേൽ മറിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളും ദാമ്പത്യ ബന്ധങ്ങളും കുടുംബങ്ങളും കുഞ്ഞുങ്ങളും സഭയും രാഷ്ട്രങ്ങളും!

  പാപം നിസ്സാരമല്ല,  അതിന് കനത്ത വില കൊടുക്കേണ്ടിവരും.

മക്കൾക്കും മാതാപിതാക്കൾക്കും ദാമ്പത്യ പങ്കാളികൾക്കും മത രാഷ്ട്രീയ നേതാക്കൾക്കുമൊ ക്കെയുള്ള ശക്തമായ മുന്നറിയിപ്പും താക്കീതും ആണ് ദാവീദിന്റെ ജീവിത ദിനവൃത്താന്തം.

ലോകം മുഴുവൻ നേടിയിട്ടും ആത്മാവും കുടുംബവും നഷ്ടമായാൽ പിന്നെ നേട്ടങ്ങൾ കൊണ്ട് എന്തു പ്രയോജനം?

അതുകൊണ്ട് വീണവനും വീണിടത്ത് നിന്ന് കർത്താവ് കൈ പിടിച്ചെഴുന്നേൽപ്പിച്ചവനുമായ പത്രോസ് നൽകുന്ന മുന്നറിയിപ്പ് വളരെ വളരെ വളരെ ശ്രദ്ധേയമാണ്:

'നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍.
തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും.
ആധിപത്യം എന്നും എന്നേക്കും അവന്റേ തായിരിക്കട്ടെ! ആമേന്‍.
1 പത്രോസ് 5 : 7-11

-ഫാ. ഡോ. ഏ. പി. ജോർജ്