കുടുംബത്തിലെയും തലമുറയിലേയും വീണു പോയവരെയും അപമാനംവരുത്തിയവരെയും പറ്റി പറയുവാൻ ആരും ഇഷ്ടപ്പെടാറില്ല. അതൊക്കെ മറച്ചുവെക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. കുടുംബാംഗങ്ങളുടെ വീഴ്ചകൾ ആരെങ്കിലും
സൂചിപ്പിച്ചാൽ മുറിവേൽക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും. എന്നാൽ തലമുറകളിലെ ശ്രേഷ്ഠരുടെയും പ്രശസ്തരുടെയും മഹിമകൾ അതിശയോക്തിപരമായി പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യും. സ്വന്തം ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കഴിഞ്ഞ കാലങ്ങളെ പറ്റി ആരെങ്കിലും പറയുന്നത് കേൾക്കുന്നത് ആർക്കും ഇഷ്ടമല്ല.
ക്രിസ്തുവിന്റെ വംശാവലിയെ പറ്റി എഴുതിയപ്പോൾ വാസ്തവങ്ങൾ മറച്ചുവെച്ച് ഗ്ലോറിഫൈ ചെയ്യാൻ ബൈബിൾ രചയിതാക്കൾ തയ്യാറായില്ല. അതാണ് ബൈബിളിന്റെ സത്യസന്ധതയും ട്രാൻസ്പെരൻസിയും. ക്രിസ്തുവുമായി വളരെ വൈരുധ്യ പ്രവണതകളുള്ള പൂർവ്വീകരുടെ വംശാവലിയാണ് മത്തായി സത്യസന്ധമായി എഴുതി ചേർത്തിരിക്കുന്നത്.
ഇന്നാണെങ്കിൽ വീഴ്ചകൾ തമസ്കരിച്ചു നേട്ടങ്ങൾ പർവതീകരിച്ചു സെലിബ്രിറ്റികളെ അമാനുഷരാക്കി മാറ്റുമായിരുന്നു.
ഭാര്യ, സഹോദരിയാണെന്ന് കള്ളം പറഞ്ഞ അബ്രഹാമും മകൻ ഇസഹാക്കും വംശാവലിയിലെ ആദ്യ കണ്ണികളാണ്. നുണ പറഞ്ഞു പിതാവിനെ വഞ്ചിച്ചും ചേട്ടനെ ചതിച്ചും അമ്മായിഅപ്പനെ കബളിപ്പിച്ചും മത്സര പ്രയാണം നടത്തിയ യാക്കോബും സ്വന്തം സഹോദരനെ അടിമയായി വിൽക്കുകയും മരുമകളോടൊപ്പം ശയിക്കുകയും ചെയ്ത യാക്കോബിന്റെ മകൻ യൂദയും രാഹാബ് എന്ന വേശ്യയും യഹൂദന്മാർ വെറുക്കുന്ന പുറജാതി ക്കാരിൽ നിന്നു വന്ന രൂഥും വ്യഭിചാരവും കൊലപാതകവും ചെയ്ത ദാവീദും ഭാര്യമാരുടെ നിർബന്ധത്തിന് വഴങ്ങി അന്യദേവരാധന നടത്തിയ
ജ്ഞാനികളിൽ ജ്ഞാനിയായ
ശലോമോനും ഇസ്രായേൽ രാജ്യത്തെ രണ്ടായി വിഭജിച്ച രഹോബയാമും സ്വന്തം മകനെ വിഗ്രഹങ്ങൾക്ക് ബലി കഴിച്ച മനശ്ശേ രാജാവും ദുഷ്ടരും വിഗ്രഹാരാധകരുമായ മറ്റ് അനേകം രാജാക്കന്മാരും ഉൾപ്പെടുന്ന, വീണവരുടെയും വിശുദ്ധി നഷ്ടപ്പെട്ടവരുടെയും വലിയൊരു വംശാവലി ക്യാൻവാസാണ് സുവിശേഷകൻ മത്തായി വരച്ചുകാണിക്കുന്നത്.
കളങ്കിതമായ വംശാവലിയുടെ അവസാന കണ്ണിയായിട്ടാണ് പാപമേശാത്ത തന്റെ പുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചത്.
പാപത്തിന്റെ വഴിയെ നടന്നവരുടെ വംശാവലിയിൽ ദൈവപുത്രൻ മനുഷ്യാവതാരം എടുക്കുവാനുള്ള കാരണമെന്താണ്?
പാപദുരന്തങ്ങളിൽ വീണു പോയവരെ രക്ഷിക്കാനാണ് ദൈവം ലോകത്തിലേക്ക് വന്നത്. നീതിമാന്മാരെ അല്ല പാപികളെ തേടിയാണ് രക്ഷകനും വീണ്ടെടുപ്പുകാരനുമായ ക്രിസ്തു വന്നത്. പാപ രോഗികളെ സൗഖ്യമാക്കാനാണ് സ്വർഗ്ഗീയ വൈദ്യൻ ഭൂമിയിലെത്തിയത്. അതുകൊണ്ട് പാപികളും പതിതരുമായവരുടെ വംശാവലിയിലെ കണ്ണിയായി രക്ഷകൻ ഭൂജാതനായി.
മഹത്വവും ലജ്ജയും കലർന്ന മനുഷ്യ ചരിത്രത്തിന്റെ പരിച്ഛേദമാണ് ക്രിസ്തുവിന്റെ വംശാവലി.
പാപ കെണിയിൽ വീണു പോയ വംശാവലിയിലെ വ്യക്തികളിൽ മാത്രമല്ല, ക്രിസ്തുവിന്റെ വംശാവലിയുടെ അനുബന്ധകണ്ണികളായ നമ്മുടെ പൂർവികരിലും നമ്മളിലും ഈ വീഴ്ചയും വിജയവും ഇന്നും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ക്രിസ്തുവിന്റെ വംശാവലി നൽകുന്ന സുവാർത്താ ദൂതുകൾ അനവധിയാണ് :
ദൈവജനം പാപത്തിൽ വീണു ദൈവത്തിൽ നിന്ന് അകന്നു പോയിട്ടും ദൈവം തന്റെ വാഗ്ദാനങ്ങളിൽ നിന്ന് പിൻമാറിയില്ല. വീണവർ ക്കിടയിലൂടെ ദീർഘക്ഷമയോടെ നടന്ന് സാത്താൻ വീഴിച്ചവരെയും അടിമപ്പെടുത്തിയവരെയും സ്വതന്ത്രരാക്കി വീണ്ടെടുത്തു.
ലജ്ജാകരമായ കുടുംബ പശ്ചാത്തലവും പാരമ്പര്യവും ജീവിതശൈലിയും ഒക്കെ ആയിരിക്കാം എന്റെതും നിങ്ങളുടേതും. അതെല്ലാം പോക്കി പരിഹരിക്കാനും സൗഖ്യമാക്കാനും ദൈവമുമ്പാകെ നീതികരിച്ചു നിർത്തുവാനും മതിയായവനാണ് നമ്മുടെ കർത്താവ്. ക്രിസ്തുവിലാകാൻ തയ്യാറുണ്ടെങ്കിൽ എന്നെയും നിങ്ങളെയും അവൻ പുതിയ സൃഷ്ടിയാക്കും. പഴയതെല്ലാം നീങ്ങിപ്പോകും. വീഴ്ചകളിൽ നിന്ന് പ്രത്യാശയുടെ പുതിയൊരു ജീവിതശൈലി ചി ട്ടപ്പെടുത്തുവാൻ നമ്മുടെ ദൈവത്തിന് കഴിയും. നസറേത്തിൽ നിന്ന് നന്മയുണ്ടാക്കാൻ സാധ്യതകളുടെ തമ്പുരാനായ നമ്മുടെ കർത്താവിനു സാധിക്കും.
മക്കളുടെയും മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും സഭയുടെയും ഒക്കെ കഴിഞ്ഞകാല വീഴ്ചകളും വഴിതെറ്റും മൂലം പ്രത്യാശ നഷ്ടപ്പെട്ട് ഇനി ഒരിക്കലും ശരിയാവില്ല എന്ന് ചിന്തിക്കുന്നവർക്ക് വലിയ പ്രത്യാശയാണ് ക്രിസ്തുവിന്റെ വംശാവലി തരുന്നത്. അന്ധകാരത്തെ വെളിച്ചമാക്കാനും ശാപത്തെ അനുഗ്രഹമാക്കാനും പാപ ബന്ധനത്തിലായവരെ സ്വതന്ത്രമാക്കാനും കഴിയുന്നവനാണ് വിമോചകനായ ക്രിസ്തു.
വിശ്വസ്തനും വീണ്ടെടുപ്പുകാരനുമായ രക്ഷകനെ ദൈവം നമ്മുടെ ജീവിതത്തിലേക്ക് അയച്ചത് തകർന്നതെല്ലാം പുതുക്കിപ്പണിത് പുതിയ സൃഷ്ടി യാക്കുവാനും പഴയത് മാറ്റി കളയാനുമാണ്. വീണു പോയവരെ വീണ്ടെടുക്കാനും യഥാസ്ഥാനപ്പെ ടുത്താനും അനുഗ്രഹ വിഷയമാക്കാനും നമ്മുടെ കർത്താവിനു കഴിയും.
നമ്മുടെ പ്രിയപ്പെട്ടവരുടെയും തലമുറകളുടെയും വീഴ്ചകളെ പറ്റി പറഞ്ഞു പരിഹസിക്കുന്നവരോട് പ്രതികരിക്കേണ്ട. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നവരോട് പ്രതികാരത്തിനു പോകേണ്ടതില്ല. ഇയ്യോബിന്റെ പ്രത്യാശ വചനം അത്തരം സമയങ്ങളിൽ മനസ്സിൽ ഉരുവിട്ട് സധൈര്യം മുന്നോട്ട് പോയാൽ മതി. ' എന്നെ വീണ്ടെടുക്കുന്ന അവൻ, എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു' -19:25
കൊലൊസ്സ്യർ
1:13-14 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
ദൈവമേ, പാപം ഞങ്ങളുടെയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ വരുത്തിയ കളങ്കവും അപമാനവും ദുഷ്കൃത്യവുമൊക്കെ തുടച്ചു മാറ്റി, പുതിയ തുടക്കത്തിനുള്ള അവസരമൊരുക്കിത്തരെണമേ. പാപക്ഷമ നൽകി പുണ്യപ്പെടുത്തുന്ന ക്രിസ്തുവിന്റെ വിശുദ്ധ രക്തത്താൽ കറകളെല്ലാം കഴുകിക്കളയേണമേ. ദൈവമക്കളെന്ന അഭിമാനവും അവകാശവും മാന്യതയും നൽകി ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമെയെന്ന് യേശു കർത്താവിന്റെ അത്ഭുത നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. എ. പി. ജോർജ്ജ്