അപ്പൊസ്തലപ്രവൃത്തികൾ 4-ാം അധ്യായത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് പത്രോസ് പറയുന്നത്.
ഇത് പത്രോസ് തന്റെ ജീവിതവും വിശ്വാസവും കൊണ്ട് സാക്ഷ്യപ്പെടുത്തിയ സത്യമാണ്:
“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല..”
— അപ്പൊസ്തലപ്രവൃത്തികൾ 4:12
ഒരിക്കൽ ഭയന്നു വിറച്ച്, ഇരുട്ടിൽ മറഞ്ഞ പത്രോസിനെയാണ് ഇവിടെ നാം കാണുന്നത്. യേശുവിനെ പിടികൂടിയ രാത്രിയിൽ, ഒരു സ്ത്രീയുടെ ചോദ്യത്തിനു മുമ്പിൽ, “ഞാൻ അവനെ അറിയുന്നില്ല” എന്ന് മൂന്നു പ്രാവശ്യം പത്രോസ് നിഷേധിച്ചു. എന്നാൽ യേശുവിനെ ക്രൂശിക്കുന്നതിന് ഗൂഢാലോചന നടത്തി, കരുക്കൾ നീക്കിയ പ്രധാന പുരോഹിതന്മാരുടെയും യഹൂദ അധികാരികളുടെയും മുമ്പിൽ പത്രോസ് നിർഭയനായി, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ അചഞ്ചല സാക്ഷിയായി നിൽക്കുകയാണ്. അവന്റെ വാക്കുകളിൽ ഭയമില്ല, പരിശുദ്ധാത്മാവിന്റെ വിസ്മയ ശക്തിയുടെ പ്രകമ്പനമാണ്. പത്രോസ് പറഞ്ഞു:
“നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനമൊക്കെയും അറിഞ്ഞുകൊൾവിൻ.”
— അപ്പൊ. 4:10
ജന്മനാ മുടന്തനായ മനുഷ്യന്റെ സൗഖ്യത്തിന് കാരണമായി, മനുഷ്യശക്തിയെയോ തന്നെത്തന്നെയോ പത്രോസ് പറഞ്ഞില്ല. ക്രൂശിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവിനെയാണ് പത്രോസ് ഉയർത്തിക്കാട്ടിയത്. “നിങ്ങൾ ക്രൂശിച്ച യേശുവിനെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു” എന്ന വിസ്മയ യാഥാർത്ഥ്യമായിരുന്നു പത്രോസിന്റെ ധൈര്യത്തിന്റെ അടിസ്ഥാനം.
കർത്താവിന്റെ മഹത്വം നേരിൽകണ്ടും കേട്ടും അനുഭവിച്ച പത്രോസ് ആരെയും ഭയപ്പെടാതെ പറഞ്ഞു:
'ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.'
അവിടെ കൂടിയ അധികാരികൾ അത് നിഷേധിച്ചില്ല. കർത്താവിന്റെ ഉയർത്തെഴുന്നേൽപ്പ് എല്ലാവരും അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമായിരുന്നു. എന്നിട്ടും മതനേതൃത്വം ആ യാഥാർത്ഥ്യം അന്നും ഇന്നും അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? സ്വന്തം അധികാരത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയാണെന്ന് തോന്നുന്ന ഒരു യാഥാർത്ഥ്യത്തെ ശക്തമായി എതിർക്കുന്ന പ്രവണതയാണിതിനു പിന്നിൽ. ഇത് മാനസിക പ്രതിരോധപ്രതികരണം (Psychological reactance)ആണ്.
അതിനുശേഷം പത്രോസ് വിശ്വാസത്തിന്റെ ഏറ്റവും വ്യക്തവും സമുന്നതവുമായ പ്രഖ്യാപനം നടത്തി :
“മറ്റാരിലും രക്ഷയില്ല; ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷിക്കപ്പെടുവാൻ വേറെ ഒരു നാമവും നൽകപ്പെട്ടിട്ടില്ല.” — അപ്പൊ. 4:12
ഇതാണ് സഭയുടെ വിശ്വാസം. രക്ഷ ക്രിസ്തുവിൽ മാത്രം. മനുഷ്യന്റെ നന്മയിലും കഴിവിലും സമ്പത്തിലുമല്ല; ഏതെങ്കിലും ലോകശക്തിയിലുമല്ല; നമ്മുടെ സ്വന്തം നീതിയിലുമല്ല. പാപത്തിൽനിന്നുള്ള മോചനവും ദൈവത്തോടുള്ള അനുരഞ്ജനവും നിത്യജീവനും നൽകുവാൻ കഴിയുന്ന ഏക രക്ഷകൻ യേശുക്രിസ്തു മാത്രമാണ്.
പത്രോസിന്റെ ജീവിതത്തിലെ മാറ്റം നമ്മെയും ചിന്തിപ്പിക്കണം. ഭയപ്പെട്ടിരുന്ന പത്രോസ് ധൈര്യശാലിയായത് സ്വന്തം ശക്തിയാലല്ല; ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ അനുഭവിച്ചതുകൊണ്ടാണ്. ക്രൂശിൽ മരിച്ച യേശു ജീവനോടെ ഉയിർത്തെഴുന്നേറ്റു എന്ന സത്യം അവന്റെ ഹൃദയത്തെ മാറ്റി. പരിശുദ്ധാത്മാവിന്റെ ശക്തി അവനെ നിസ്തുല സാക്ഷിയാക്കി.
ക്രിസ്ത്യാനികൾക്കും ഇതേ വിശ്വാസവും ധൈര്യവും ആവശ്യമാണ്. ക്രിസ്തുവിലുള്ള വിശ്വസം ആരാധനാലയത്തിൽ മാത്രം പ്രഖ്യാപിക്കേണ്ട കാര്യമല്ല. നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും സുഹൃത്തുക്കളുടെ ഇടയിലും, യേശുക്രിസ്തു മാത്രമാണ് രക്ഷകൻ എന്ന സമുന്നത സത്യത്തിന്റെ സാക്ഷിയാകുവാൻ നമുക്ക് കഴിയണം.
ലോകം പല വഴികളും പല ആശയങ്ങളും നമ്മുടെ മുമ്പിൽ വയ്ക്കും. എന്നാൽ ക്രിസ്തുവിന്റെ മക്കൾ നിത്യ സത്യത്തിൽ ഉറച്ചിരിക്കണം:
“എന്റെ രക്ഷ ക്രിസ്തു യേശുവിൽ മാത്രം. എന്റെ പ്രത്യാശ കർത്താവിൽ മാത്രം. എന്റെ ജീവിതത്തിന്റെ കർത്താവ് ക്രിസ്തു മാത്രമാണ് .”
ഒരിക്കൽ പത്രോസ് ഭയന്നതുപോലെ ക്രിസ്തുവിനെ സാക്ഷിക്കുവാൻ നമുക്കും ആത്മവിശ്വാസക്കുറവ് ഉണ്ടായേക്കാം. എന്നാൽ ഭയത്തെക്കാൾ വലിയതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം. നമ്മുടെ ശക്തിയിൽ ആശ്രയിക്കാതെ പരിശുദ്ധാത്മാവിൽ ആശ്രയിക്കുമ്പോൾ, നമുക്കും ധൈര്യത്തോടെ ക്രിസ്തുവിന്റെ സാക്ഷികളാകുവാൻ കഴിയും.
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു.' ഫിലി. 4:13
ക്രൂശിക്കപ്പെട്ട ക്രിസ്തു നമ്മുടെ രക്ഷകനാണ്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ പ്രത്യാശയാണ്.
വീണ്ടും വരുവാനിരിക്കുന്ന ക്രിസ്തു നമ്മുടെ മഹത്വമാണ്.
അവന്റെ നാമം മാത്രമാണ് രക്ഷയുടെ ഏക നാമം!
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )