ശക്തമായ ആസക്തിയും ആന്തരിക കൊടുങ്കാറ്റുമുണ്ടാക്കുന്ന നിഷേധ വികാരമാണ് വെറുപ്പ്. ഈ പാപവികാരത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കാത്തവർ ആരുംതന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
വെറുപ്പിനെതിരെ ശക്തമായ മുന്നറിയിപ്പാണ് എബ്രായ ലേഖനകർത്താവ് നൽകുന്നത്:
'ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. വിദ്വേഷത്തിന്‍െറ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്‌ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു.
ഹെബ്രായര്‍ 12 : 15
മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരചിന്തയും വെറുപ്പും മൂന്നു പ്രതിസന്ധികളുണ്ടാക്കുമെന്നാണ് അപ്പോസ്തോലൻ മുന്നറിയിപ്പ് നൽകുന്നത്: ദൈവകൃപയെ തടയുന്നു, വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മറ്റുള്ളവരെ മുറിവേൽപ്പിക്കാനും ജീവനു ഭീഷണി ഉ യർത്താനും വെറുപ്പ് കാരണമാകും, വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന ആന്തരിയ അശുദ്ധി വിശുദ്ധനായ ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റും.
ആഹ്വാനങ്ങളിലൂടെ വിശ്വാസികളിലും അണികളിലും പ്രതികാരത്തിന്റെ മാരകവിഷം കുത്തിവയ്ക്കുന്ന നേതൃത്വവും അത് കണ്ടും കേട്ടും വായിച്ചും വെറുപ്പും പകയുമായി സഹോദരങ്ങളോട് പടവെട്ടുന്ന പൊതുജനങ്ങളും സൂക്ഷിക്കണം. വെറുപ്പ്, പാപവും മനോഭാരവുമാണ്. അതുണ്ടാക്കുന്ന വികാരകൊടുങ്കാറ്റും അശാന്തിയും പല മനോ-ശാരീരിക രോഗങ്ങൾക്ക് കാരണമാകും. ആത്മീയ വളർച്ചയെ തടയും.
വെറുപ്പും വിദ്വേഷവും മൂലമുണ്ടാകുന്ന വൈകാരിക പ്രതിസന്ധികൾക്ക് പരിഹാരം കാണാതിരുന്നാൽ മനസ്സ് പ്രതികാരത്തിന്റെ വഴികളിലേക്ക് തിരിയും. അത് വൻവിപത്തുകൾക്ക് കാരണമാകും. മനസ്സിലെ വെറുപ്പിന്റെ വികാര തിരമാലകളിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകി പോയവരാണ് കയീനും യോസഫിന്റെ സഹോദരന്മാരുമൊക്കെ. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം കാണുന്ന ക്രൂര നരഹത്യയ്ക്ക് പിന്നിലെ പ്രധാനപ്രതി മനസ്സിൽ ഇരുട്ടും വെറുപ്പും സൃഷ്ടിക്കുന്ന പ്രതികാരമാണ്.
അതുകൊണ്ടാണ് സ്നേഹത്തിന്റെ അപ്പോസ്തോലൻ വെറുപ്പിനെതിരെ കർശനമായ താക്കീത് തന്നിരിക്കുന്നത്:
'കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.
സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.'
ഫാ. ഡോ. എ. പി. ജോർജ്ജ്
എഫേസോസ് 4 : 26-27
സൗഖ്യമാകാത്ത അന്തരീയ മുറിവുകളും മനോവിശകലനം ചെയ്യാത്ത പ്രതികരദാഹം സാത്താന്റെ ആയുധശാലയിലെ മാരകയുധമാ ണ് . അവിടെ ഭയം, പ്രതികാരം, സംശയം, അവിശ്വസ്തത, സുരക്ഷിതബോധ കുറവ് തുടങ്ങിയ നിഷേധ വികാരങ്ങളുടെ ആന്തരികമായ അഗ്നിപർവ്വതം പുകഞ്ഞു കൊണ്ടിരിക്കും. ഇത് സമാധാനവും ശാന്തിയും നഷ്ടപ്പെടുത്തും. പ്രതികാര ചിന്തകളുണ്ടാക്കുന്ന ടെൻഷനും ആങ്ങ്സൈറ്റിയും മൂലം കത്തിഎരിഞ്ഞുപോകുന്ന സൈക്കിക്ക് എനർജി വിഷാദവും
തളർച്ചയും ക്ഷീണവും നിസ്സഹായതക്കും കാരണമായേക്കാം.
ചിന്തകളിലെ പ്രതികാരത്തിന്റെയും വെറുപ്പിന്റെയും വേരുകൾ പറിച്ചു കളഞ്ഞാൽ മാത്രമേ മാനസീകാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ.
എന്താണ് ഇതിനുള്ള വഴികൾ?
ഇതിന് ഫാർമക്കോളജിയിൽ മരുന്നില്ല, സ്വന്തം വിൽപവർ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല.
പിന്നെന്താണ് പരിഹാരമാർഗ്ഗം?
ചില ആത്മീയ പരിഹാരമാർഗങ്ങളുണ്ട്:
എന്തൊക്കെയാണ് അത്?
ജീവിതത്തിലെ എല്ലാ പരാജയങ്ങൾക്കും അപരാധങ്ങൾക്കും ദൈവത്തോട് വിനയപൂർവ്വം മാപ്പ് അപേക്ഷിക്കണം.
മുറിവേൽപ്പിച്ചവർക്കെല്ലാം ഉപാധികളില്ലാതെ മാപ്പുകൊടുക്കുക. 'കടക്കാരോട് ക്ഷമിച്ചതു പോലെ' എന്ന കർത്തൃപ്രാർത്ഥന ദിവസം പലവട്ടം ചൊല്ലി കൂട്ടുമ്പോഴല്ല, ഒരു കടക്കാരനെങ്കിലും മാപ്പ് കൊടുക്കുമ്പോഴാണ് ദൈവം സ്വന്തം കടങ്ങൾ ക്ഷമിക്കുന്നത്. വെറുപ്പിന്റെ വ്രണങ്ങൾ സൗഖ്യമാക്കുന്നത്.
മനസ്സിൽ ആധിപത്യ കോട്ടകൾ കെട്ടിയിരിക്കുന്ന പ്രതികാരചിന്തകളോട്, 'കടക്കു പുറത്ത്, എന്റെ ഹൃദയം ദൈവത്തിന്റെ ആലയമാ ണ്, നിനക്കവിടെ സ്ഥാനമില്ലെ'ന്ന് സധൈര്യം പറയണം. ഈ 'ഓട്ടോ സജഷൻ' പ്രതികാര ചിന്തകളുടെ സമ്മർദ്ദം കുറയ്ക്കും.
ആന്തരിക മുറിവുകൾ സൗഖ്യമാക്കാനും അതുമായി ബന്ധപ്പെട്ട നിഷേധനികൃഷ്ട വികാരങ്ങളുടെ ഫയലുകൾ ഡീ ആക്ടിവേറ്റ് ചെയ്യാനും പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണം. മനസ്സിന്റെ സൂക്ഷ്മതലങ്ങളിൽ പരിവർത്തിച്ച് പരിശുദ്ധാത്മാവ് സൗഖ്യവും ശാന്തിയും നൽകും.
പ്രതികാരവും വെറുപ്പും നിറഞ്ഞ മനസ്സുമായി വിദ്വേഷത്തിന്റെ തേരോട്ടം നടത്തിയിരുന്ന ശൗലിനെ പോലുള്ള അനേകരെ സ്നേഹ മനോഭാവത്തിലേക്കു രൂപാന്തരപ്പെടുത്തിയ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. യേശുക്രിസ്തുവിന്റെ പാപപരിഹാരപ്രദമായ പുണ്യ രക്തത്താൽ കഴുകപ്പെടുമ്പോൾ മനസ്സിലെ പ്രതികാരം സമുന്നത സഹജ സ്നേഹവും സൗമ്യതയുമായി രൂപാന്തരപ്പെടും. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവരെ ദൈവം ഒരു പുതിയ സൃഷ്ടിയാക്കും.
ദൈവമേ, എന്റെ മനസ്സിലെ വെറുപ്പിന്റെയും പ്രതികാര ചിന്തകളുടെയും കൈപ്പുള്ളവേരുകൾ പറിച്ചുനീക്കേണമേ. മറക്കാനും മാപ്പു കൊടുക്കാനും തയ്യാറുള്ള ദൈവീക മനോഭാവമുള്ള പുതിയ സൃഷ്ടിയാക്കേണമേ.