മുൻവിധി അരുത്

 

തികച്ചും ക്രിസ്തീയമല്ലാത്ത സ്വഭാവബലഹീനതയാണ്  മുൻവിധി.  മുൻവിധിയും അസൂയയും ഇന്ന് ക്രിസ്തീയ സമൂഹത്തിലുണ്ടാക്കികൊണ്ടിരിക്കുന്ന  പ്രതിസന്ധികൾ വളരെ നിർഭാഗ്യകരവും എതിർ സാക്ഷ്യവുമാണ്.
മറ്റുള്ളവരെപറ്റിയുള്ള മനസ്സിലെ മുൻവിധി അവരുമായുള്ള ഇടപെടലുകളിൽ പ്രതിസന്ധിയുണ്ടാക്കി ക്രമേണ ബന്ധം തകർക്കും.
അസൂയയും മുൻവിധിയും മനസ്സിനെ മലീനസവും വിഷലിപ്തവുമാക്കും. സ്വയം മുറിവേൽക്കുകയും മറ്റുള്ളവരെ മുറിവേൽപ്പിക്കുകയും ചെയ്യുന്ന ശിഥിലസ്വഭാവമാണ് മുൻവിധി.
മറ്റുള്ളവരിലെ നന്മയെ അഭിനന്ദിക്കുമ്പോൾ ലഭിക്കുന്ന ആത്മസന്തോഷം നഷ്ടപ്പെടുത്തുന്ന നിഷേധ മനോഭാവമാണ് മുൻവിധി. പ്രയപ്പെട്ടവർ  അകന്നുപോകാൻ കാരണമാകുന്ന, സ്വഭാവത്തിലെ മുറിവുകളുണ്ടാക്കുന്ന മുള്ളുകളാണ് അസൂയയും മുൻവിധിയും. നമ്മിൽ പലരും അനാവശ്യമായി ചുമക്കുന്ന മനോഭാരങ്ങളാണ്  ഇത്തരം നിഷേധ മനോഭാവങ്ങൾ. 

നസ്രേത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്ന നഥാനിയേലിന്റെ ചോദ്യം അദ്ദേഹത്തിന്റെ മനസ്സിലെ മുൻവിധിയുടെ നിഷേധ പ്രതികരണമാണ്. നസ്രത്തിൽ ജീവിച്ചു വളർന്ന യേശുവിനെ നേരിൽ കണ്ട്  അവന്റെ വ്യക്തിപ്രഭാവവും മഹത്വവും തിരിച്ചറിഞ്ഞപ്പോൾ 'ദൈവം തന്നത്' എന്ന് പേരിനർത്ഥമുള്ള നഥാനിയേലിന് തന്റെ മുൻവിധി തിരുത്തി എഴുതുവാനും മനുഷ്യരക്ഷകനായ യേശുക്രിസ്തുവിനെ ലോകത്തിന് നൽകിയ നസ്രത്തിനോട് ആദരവ് തോന്നാനുമൊക്കെ സാധിച്ചു.
മാതാപിതാക്കൾ, മക്കൾ, മരുമക്കൾ,  ജീവിതപങ്കാളി,  മറ്റ് മതസ്ഥർ,  വിശ്വാസികൾ,  ചില പ്രത്യേകദേശക്കാർ എന്നിവരെപ്പറ്റിയൊക്കെ  വ്യത്യസ്ത അഭിപ്രായങ്ങൾ നമുക്കു ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,  അത് മുൻവിധിയും അസൂയയും വെറുപ്പുമൊക്കെയായി രൂപാന്തരപ്പെടാൻ ഒരിക്കലും അനുവദിക്കരുത്. ചില വ്യക്തികളിൽ നിന്നും ഉണ്ടായ വേദനാപൂർണമായ അനുഭവത്തിന്റെ പേരിൽ ആ വ്യക്തിയെയും അവുരുൾപ്പെടുന്ന സമൂഹത്തെയും എന്നെന്നും തെറ്റിദ്ധരിക്കുന്നതും മുൻവിധിയും നിഷേധ മനോഭാവവും പുലർത്തുന്നതുമൊക്കെ നിർഭാഗ്യകരവും നീതീകരിക്കാനാവാത്തതുമാണ്. ഒരു ദുർബല നിമിഷത്തിൽ പത്രോസ് തള്ളിപ്പറഞ്ഞു,  തോമസ് അവിശ്വസിച്ചു. പക്ഷേ മുൻവിധികളില്ലാതെ കർത്താവ്‌  അവരെ ചേർത്തുനിർത്തി ധൈര്യപ്പെടുത്തി യഥാസ്ഥാനപ്പെടുത്തി. അവർ പിന്നീട് സഭയുടെ ഉജ്ജ്വല കാര്യവിചാരകരായിത്തീ തീർന്നു.  മുൻവിധിയോടെ അവരെ തള്ളിക്കളഞ്ഞിരുന്നെങ്കിലോ? 
ആരെയും മുൻവിധിയോടെ വിധികാത്തിരിക്കാൻസൂക്ഷിക്കണം. നസ്രേത്തിൽ നിന്ന് നന്മയുണ്ടാകാൻ പാടില്ലെന്നില്ലല്ലോ. 

എന്റെ അനേകം വീഴ്ചകൾ ക്ഷമിച്ച് വീണ്ടും വീണ്ടും അവസരങ്ങൾ നൽകിയ,  മുൻവിധികളില്ലാത്ത എന്റെ ദൈവത്തിന്റെ മഹാസ്നേഹം അനുഭവിച്ച എനിക്ക് ആരെയും അവരുടെ വീഴ്ചകളുടെ പേരിൽ മുൻവിധിയോടെ വെറുക്കാനും തള്ളിക്കളയാനും അവകാശമില്ല. മൈക്രോസ്കോപ്പിലൂടെ മനുഷ്യരുടെ ചെറുതും വലുതുമായ ബലഹീനതകൾ സൂക്ഷ്മനിരീക്ഷണം നടത്തി, മുൻവിധിയോടെ അവരെ അകറ്റി നിർത്തിയാൽ, പിന്നെ നമുക്ക് സ്നേഹിക്കാൻ ഈ ലോകത്തു  ആരുമുണ്ടാവില്ല.  മുൻവിധിയുടെ തടവിൽ നിന്ന് സ്വതന്ത്രരായില്ലെങ്കിൽ നമ്മുടെ ജീവിതം ഒരു നഷ്ടക്കച്ചവടമാകും. ഒന്നിലും സന്തോഷിക്കാൻ കഴിയാത്ത അസ്വസ്ഥതയായിരിക്കും മനസ്സിലെപ്പോഴും. 
മുൻവിധിയുടെ കാരാഗൃഹത്തിൽ നിന്ന് സ്വതന്ത്രരാകാൻ എനിക്കും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കഴിയില്ലെന്നോർത്തു നിരാശപ്പെടരുത്. മനസ്സിന്റെ ടെക്നീഷ്യനായ യേശുക്രിസ്തുവിനു തിരുമനസ്സായാൽ നസ്രത്ത്പോലെ പാപപങ്കിലമായ ഏതു വ്യക്തിത്വത്തെയും  നന്മയും സുതാര്യതയുമുള്ളതാക്കി രൂപാന്തരപ്പെടുത്താൻ കർത്താവിനു കഴിയും. 
  പരിശുദ്ധാത്മാവ്‌ ദോഷത്തിന്റെ  കണക്ക് സൂക്ഷിക്കാത്ത ഒരു പുതിയ മനസ്സൊരുക്കുമ്പോൾ, കുടുംബത്തിലും ദാമ്പത്യത്തിലും സാമൂഹിക ബന്ധങ്ങളിലുമൊക്കെയുള്ള പ്രതിസന്ധികൾക്കു പരിഹാരമുണ്ടാകും. ഇതിനായി വിശ്വാസത്തോടെ പ്രാർത്ഥിക്കുമെങ്കിൽ  ദൈവം തരുന്ന സൗഖ്യം അനുഭവിക്കാൻ കഴിയും. മാറേണ്ടത് മറ്റുള്ളവരല്ല, ഞാനും നിങ്ങളുമാണ്‌. മുൻവിധിയുടെ മാറ്റം സംഭവിക്കേണ്ടത് എന്നിലും നിങ്ങളിലുമാണ്.
മുൻവിധിയുടെ തടവറയിൽ നിന്നുള്ള മോചനവും  അതുണ്ടാക്കുന്ന അനന്തസാധ്യതകളെപറ്റിയും  പൗലോസ് അപ്പോസ്തോലൻ  പറയുന്നത് നമുക്ക് ശ്രദ്ധിക്കാം: 'നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിന്റെ  ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ.  യഥാർത്ഥ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ  സൃഷ്ടിക്കപ്പെട്ട  പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.' (എഫെസ്യർ  നാലാം അധ്യായം)

ദൈവമേ,  മുൻവിധികളില്ലാത്ത തുറവിയുള്ള മനസ്സും മനോഭാവവും ഞങ്ങളിൽ പുനഃസൃഷ്ടിച്ച് ഞങ്ങളെ നവീകരിക്കണമെന്ന് യേശുക്രിസ്തുവിന്റെ നിസ്തുല നാമത്തിൽ അപേക്ഷിക്കുന്നു, ആമ്മേൻ.