നീതിമാന്റെ പ്രാർത്ഥന

'നീതിമാൻറെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. നീതിമാൻറെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന ഫലിക്കുന്നു'- (യാക്കോബ് 5 16)

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാൻ നീതിമാനായ ഒരു മനുഷ്യന്റെ സഹായം വേണമെന്ന  ചിന്താഗതി ഈ വേദഭാഗം പലരിലും ഉണ്ടാ ക്കാറുണ്ട്.
'നീതിമാൻ' എന്ന വാക്കിന്റെ തിരുവചന അർത്ഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണയും നീതിമാന്മാരായ മനുഷ്യരെ  തേടി വഴിതെറ്റിയ അന്വേഷണവുമൊക്കെ  പലരും നടത്തുന്നത് .

നീതിമാന്മാരായി  ആരും ഇല്ല എന്നാണ് ബൈബിൾ പറയുന്നത്: ' ഒരിക്കലും പാപം ചെയ്യാത്ത നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല'- (സഭപ്രസംഗി 7).

  നീതിമാനായി ആരുമില്ല ഒരുവൻ പോലുമില്ല. കാര്യം ഗ്രഹിക്കുന്നവൻ ഇല്ല,  ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റി പോയി. എല്ലാവർക്കും ഒന്നടങ്കം തെറ്റു പറ്റിയിരിക്കുന്നു. നന്മ ചെയ്യുന്നവൻ ഇല്ല ഒരുവനും ഇല്ല'- (റോമർ 3:10).

എന്നാൽ യേശുക്രിസ്തുവിലൂടെയുള്ള നീതീകരണം സാദ്ധ്യമാണെന്ന് തിരുവചനം പറയുന്നു:
'അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതി ആകേണ്ടതിന്നു പാപം അറിയാത്തവനെ ദൈവം നമുക്ക് വേണ്ടി പാപം ആക്കി'(ഹെബ്രായർ  5: 21)

ക്രിസ്തുവിലൂടെ ദൈവമുമ്പാകെ നീതീകരിക്കപ്പെടാനും  അനുരഞ്ജനത്തിനുമുള്ള അവകാശം ചുരുക്കം ചിലർക്കു മാത്രമല്ല,  എല്ലാ ദൈവ മക്കൾക്കും ഉള്ളതാണ്. ക്രിസ്തുവിലൂടെയുള്ള നീതീകരണം എനിക്കും നിങ്ങൾക്കും സാധ്യമാണ്. ക്രിസ്തുവിലൂടെ നീതികരിക്കപ്പെട്ടവർക്ക് ധൈര്യമായി കുറ്റബോധമില്ലാതെ ദൈവമുമ്പാകെ ചെല്ലുവാനും പ്രാർത്ഥിക്കുവാനുമുള്ള അവകാശം ദൈവം തന്നിട്ടുണ്ട്:
'വേണ്ട സമയത്ത് കരുണയും കൃപാവരവും  ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ സിംഹാസനത്തെ സമീപിക്കാം' (ഫെബ്രു 4 :16)

ദൈവത്തിന്റെ മക്കളായ നമുക്ക് ക്രിസ്തുവിലൂടെ നീതീകരണം ലഭിച്ചു കഴിയുമ്പോൾ ധൈര്യമായി കൃപാസനത്തിന്റെ മുൻപിൽ ചെന്നു പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാകും.

ഏലിയാവ് നമ്മെപ്പോലുള്ള ഒരു സാധാരണക്കാരൻ ആയിരുന്നു എന്നാണ് യാക്കോബ് പറയുന്നത് (അധ്യായം 5). എന്നാൽ ദൈവത്താൽ നീതീകരിക്കപെട്ടവനായിരുന്ന ഏലിയാവിന്റെ പ്രാർത്ഥന  മഴയെ തടഞ്ഞു നിർത്താനും വീണ്ടും മഴ പെയ്യിക്കാനും ശക്തിയുള്ളതായി. 

ദൈവമക്കൾ ഒന്നിച്ച് പ്രാർത്ഥിക്കുന്നതും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും ദൈവം പ്രീതിപ്പെടുന്ന കാര്യങ്ങളാണ്. എന്നാൽ ഞാൻ പാപിയാണ്, എനിക്ക് ദൈവമുമ്പാകെ നിന്ന് പ്രാർത്ഥിക്കാൻ യോഗ്യതയില്ല,  എന്റെ പ്രാർത്ഥന ദൈവം കേൾക്കില്ല എന്നൊക്കെയുള്ള നിഷേധ ചിന്തകളിൽനിന്ന് നമ്മൾ സ്വതന്ത്രരാകണം.

ദൈവമുൻപാകെ നിന്ന് യോഗ്യതയോടെ പ്രാർത്ഥിക്കുവാനുള്ള നീതീകരണം ക്രിസ്തുവിലൂടെ നമുക്കെല്ലാവർക്കും സാധ്യമാണ്. ക്രിസ്തുവിന്റെ രക്തത്താൽ കഴുകപ്പെട്ട് നീതീകരിക്കപ്പെടുന്നരുടെ ശ്രദ്ധയോടെയുള്ള പ്രാർത്ഥന ദൈവം കേൾക്കും. സ്വയംനീതികരിച്ച പരീശന് ലഭിക്കാതെപോയ ദൈവനീതീകരണം ചുങ്കക്കാരന് ലഭിച്ചതിന്റെ  കാരണം താഴ്മയും പശ്ചാത്താപവുമായിരുന്നു.

           ചുങ്കക്കാരൻ,  പാപിനി,  കനാന്യസ്ത്രീ,  കുഷ്ഠരോഗി,  ക്രൂശിലെ കള്ളൻ, തുടങ്ങിയവരുടെ പ്രാർത്ഥന കേട്ടവൻ നമ്മുടെ ഹൃദയപൂർവ്വമായ പ്രാർത്ഥനയും കേൾക്കും. പുത്രന്റെ നാമത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുക്കും.

' എന്റെ നാമം വഹിക്കുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെ തന്നെ വെളിപ്പെടുത്തി പ്രാർത്ഥിക്കുകയും തങ്ങളുടെ ദുർമാർഗ്ഗങ്ങളിൽ നിന്ന് പിന്തിരിയുകയും ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥന കേട്ടു അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരുടെ ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കുകയും ചെയ്യും'- (2 ദിനവൃത്താന്തം 7:14)

ദൈവമേ,  യേശുക്രിസ്തുവിലൂടെ നീതീകരിക്കപ്പെട്ട് കൃപാസനത്തിന്റെ മുമ്പിൽ നിന്നു പ്രാര്ഥിക്കാനുള്ള യോഗ്യതയും അർഹതയും ഞങ്ങൾക്കു തരേണമെന്ന്  ക്രിസ്തുയേശുവിന്റെ മഹനീയ നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്