തിരുവചന ശക്തിയിൽ

തിയോളജി പഠിക്കാനും  പ്രസംഗിക്കാനും ക്ലാസെടുക്കാനും ലേഖനമെഴുതാനുമൊക്കെയുള്ളതാണ് പലർക്കും ബൈബിൾ. എന്നാൽ പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിന്റെ  മരുഭൂമിയിൽ തിരുവചനം അനേകർക്ക്  മരുപ്പച്ചയും സ്വച്ചജലാശയവുമാണ്. പ്രതിസന്ധികളുടെ വൻചുഴിയിൽ  മുങ്ങിപോകാതെ പിടിച്ചു നിൽക്കാൻ സഹായിക്കുന്ന പിടിവള്ളിയാണ് അവവർക്ക് ദൈവവചനം.

  വെല്ലുവിളികളുടെ തിരമാലകൾ ഒന്നിനു പിറകേ മറ്റൊന്നായി ആഞ്ഞടിക്കുമ്പോൾ 'ദൈവം അനുകൂലമെങ്കിൽ  പ്രതികൂലമാകാൻ ആർക്ക് കഴിയു'മെന്ന തിരുവചനത്തിൽ മനസ്സുറപ്പിക്കുമായിരുന്ന എന്റെ  മാതാപിതാക്കളുടെ ദൈവാ ശ്രയം ഓർത്തുപോവുകയാണ്.
ഈ തിരുവചനം പ്രതിസന്ധിഘട്ടങ്ങളിൽ അനേകം തവണ അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബൈബിൾ വായിച്ച് തുടങ്ങുന്നതിനുമുമ്പ് നന്നേ ചെറുപ്പത്തിൽ കാണാപ്പാഠം പഠിച്ച ബൈബിൾ വചനവും  ഇതാണ്.  ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ജീവിതത്തിൽ പ്രതിസന്ധികളും വെല്ലുവിളികളും വരുമ്പോൾ മനസ്സിനെ ദൈവാശ്രയത്തിന്റെ  പാറയിൽ ഉറപ്പിച്ച് നിർത്താൻ ഇന്നും ഈ തിരുവചനം സഹായിച്ചുകൊണ്ടിരിക്കുന്നു. അതെ,  തിരുവചനം ഒരു മിറക്കിളാണ്.

പ്രതിസന്ധികളിൽ  സാന്ത്വനം നൽകുന്ന ഏതെങ്കിലും തിരുവചനം നിങ്ങളുടെ ഓർമയിലുണ്ടോ? അസ്വസ്ഥതകളിൽ മനസ്സിന്റെ നങ്കുരമിടാൻ അതു സഹായിച്ചിട്ടുണ്ടോ? 

 വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ചില തിരുവചനങ്ങൾ ഓർമ്മയുടെ ഇമ്മീഡിയറ്റ് ഫയലിൽ സൂക്ഷിക്കുമെങ്കിൽ അത്  പ്രതിസന്ധികളിൽ തുഴയും നങ്കുരവും ആകും. വചനം നൽകുന്ന പോസിറ്റീവ് ഫീഡ്ബാക്ക് ആകാംഷക്കുള്ള സൈക്കോതെറാപ്പിയാണ്‌.

  ഫിലിപ്യലേഖനം 4:13- ൽ  മനസ്സുറപ്പിച്ച്  പ്രതിസന്ധികളെ അതിജീവിച്ച രണ്ടു  ദൈവഭക്തരെ നമുക്ക് പരിചയപ്പെടാം.
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു എന്നതാണ് ആ തിരുവചനം.'

മൂന്നു കുട്ടികളെ വളർത്തിയെടുക്കാൻ രണ്ട് ജോലിചെയ്യുന്ന ഒരു സിംഗിൾ പേരന്റ് ദൈവമുബാകെ സമർപ്പിച്ച കണ്ണുനീരിൽ കുതിർന്ന  പ്രാർത്ഥന ഇങ്ങനെയാണ്: സ്വർഗ്ഗ പിതാവേ ഫിലിപ്പിയർ 4:13 ലെ അത്ഭുത വാഗ്ദത്തങ്ങളിൽ എന്റെ മനസ്സിനെ ഉറപ്പിക്കുന്നു.  അവിടുന്ന് തരുന്ന അമിത ബലം കൊണ്ട് മാത്രമാണ് കുഞ്ഞുങ്ങളെ പരിപാലിക്കാനും തിരുവചനത്തിലെ വഴിയിലൂടെ അവരെ കൈപിടിച്ച് നടത്താനും ഭാരമുള്ള ജോലി ചെയ്തു തീർക്കാനും എനിക്ക് സാധിക്കുന്നത്. നാഥാ,  എന്നെ ദിവ്യ ശക്തി കൊണ്ട് നിറയ്ക്കേണമേ!
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'

ഇടയത്വ  ശുശ്രൂഷക്കായി ഒരു യുവപുരോഹിതൻ ആദ്യമായി നിയോഗിക്കപ്പെട്ടത് പ്രതിസന്ധി നിറഞ്ഞ ഒരു ഇടവകയിലേക്കായിരുന്നു.
  ദുഷ്ട ലക്ഷ്യങ്ങളും ഹിഡൻ അജണ്ടയും ധിക്കാര മനോഭാവവുമായി ഇടവകയിലെ ഒരുകൂട്ടം ആത്മീയ പക്വതയില്ലാത്ത മക്കൾ പുരോഹിതനോട് ഏറ്റുമുട്ടി. അൾത്താരയിൽ മുട്ടുകുത്തി, പാനിയ ബലിയായി ഹൃദയം ഒഴുക്കിക്കൊണ്ട് ഇടയൻ പ്രാർത്ഥിച്ചു:
കാരുണ്യവാനായ ദൈവമേ ഇടയത്വ  ശുശ്രൂഷയ്ക്കായി അവിടുന്ന് വിളിച്ച് വേർതിരിച്ച് അനേക വർഷത്തെ പരിശീലനം നൽകിയതിനായി സ്തോത്രം. ഇപ്പോൾ  ഈ പ്രതിസന്ധി നിറഞ്ഞ ആട്ടിൻകൂട്ടത്തിന്റെ  ശുശ്രൂഷയ്ക്കായി എന്നെ  നിയോഗിച്ചിരിക്കുകയാണല്ലോ. എന്റെ ബലഹീനതകളും  അയോഗ്യതകളും  അപര്യാപ്തതകളും  അങ്ങേയ്ക്കറിയാം.  അവിടത്തെ അത്ഭുതശക്തിയില്ലാതെ പഠിച്ച തിയോളജികൊണ്ടുമാത്രം  ഈശുശ്രൂഷ വിജയകരമായി നിർവഹിക്കാൻ എനിക്കാവില്ല. അവിടുന്ന് കൂടെയുള്ളപ്പോൾ ഞാനൊരിക്കലും പരാജയപ്പെടുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  ഈ ചെറിയ ആട്ടിൻകൂട്ടത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സാത്താനെതിരായി അവിടത്തെ അമിതബലത്തിൽ ഞാൻ പൊരുതും. സാത്താൻ ആയുധമാക്കിയിരിക്കുന്ന മനസ്സുകളെ സ്വതന്ത്രമാക്കാനും  ആട്ടിൻ കൂട്ടത്തിൽ ഒന്നുപോലും നഷ്ടപ്പെടാതിരിക്കാനും അവിടുത്തെ സുരക്ഷിത കോട്ട ഇവർക്കു ചുറ്റുമുണ്ടായിരിക്കേണമേ.  ഇവർക്കിടയിൽ നിന്ന്‌  വിരുദ്ധതയുടെ ആത്മാവിനെ നിരോധിക്കേണമേ. അനുരഞ്ജനത്തിന്റെ  പരിശുദ്ധാത്മശക്തി ഇവരിൽ  പരിവർത്തിക്കേണമേ. ഫിലിപ്പിയർ 4 :13- ലെ വാഗ്ദത്ത  ശക്തിയിൽ എന്നെ ഉറപ്പിക്കേണമേ.
' എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'

തിരുവചന  ശക്തിയാൽ പ്രതിരോധ നിരകളെ മുറിച്ച് മുന്നേറുന്ന ഈ രണ്ട് ദൈവഭക്തരുടെ സാക്ഷ്യം എത്ര ഉജ്ജ്വലമാണല്ലേ?  കുടുംബം, ദാബത്യം, ഇടയത്വം തുടങ്ങിയ  ഔദ്യോഗിക മേഖലകളിലൊക്കെ വലിയ വെല്ലുവിളി നിറഞ്ഞ നിയോഗങ്ങളാണ് ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്. അതെല്ലാം നമ്മുടെ സ്വന്തം ബുദ്ധിശക്തിയാൽ  ചെയ്തു തീർക്കുവാൻ നമുക്കാവില്ല.   അങ്ങനെ ചെയ്യാൻ ദൈവം ഉദ്ദേശിച്ചിട്ടുമില്ല. എന്റെ  സാന്നിധ്യം നിന്നോടുകൂടെ ഉണ്ടാകുമെന്ന് മോശക്ക് ഉറപ്പു കൊടുത്തവൻ നമ്മുടെകൂടെ ഉണ്ടാകും. നമ്മൾ തനിച്ചല്ല, പ്രതിസന്ധികളിൽ ലോകത്തിലുള്ളവനെക്കാൾ വലിയവൻ നമ്മോടുകൂടെയുണ്ടെന്ന സത്യം  എപ്പോഴും  ഓർക്കണം. വിളിച്ചവൻ വിശ്വസ്തനാണ്. ഒരു നല്ല പ്രവർത്തി നമ്മളെക്കൊണ്ട് ചെയ്യുവാൻ ആരംഭിച്ചവൻ അത്  പൂർത്തീകരിച്ചിരിക്കും. അതിനുള്ള ശക്തി തന്നിരിക്കും. നമ്മൾ അസാധ്യമെന്ന് ചിന്തിക്കുന്ന കാര്യങ്ങൾ നമ്മളെ കൊണ്ട് തന്നെ പൂർത്തിയാക്കാൻ സർവ്വശക്തൻ തീരുമാനിച്ചിരിക്കുന്നു  എന്നറിയുന്നത് എത്ര ആഹ്ലാദകരമാണല്ലേ. ഈ ഉറപ്പും ധൈര്യവുമാണ് തിരുവചനം നമുക്കു തരുന്നത്. തിരുവചനം ജീവനും ശക്തിയുമാണ്.

ബൈബിളിലെ എല്ലാവഗ്ദത്തങ്ങളുടെയും അവകാശികളായ  ദൈവത്തിന്റെ മക്കളാണ് നമ്മൾ. ഈ  ഉറപ്പിലും  വിശ്വാസത്തിലും
പ്രത്യാശവച്ച്  മുന്നോട്ട് പോയാൽ മതി. ബാക്കിയെല്ലാം കരുതുന്നവനും  കാക്കുന്നവനുമായ ദൈവം ചെയ്തുകൊള്ളും.
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്