സാധ്യതകൾ അസ്തമിക്കുമ്പോൾ

നമ്മുടെ ഭൗതിക സങ്കേതങ്ങൾ തകർക്കപ്പെടുന്ന അനേകം അവസരങ്ങൾ ജീവിതത്തിലുണ്ടാകും.
മതം, രാഷ്ട്രീയം, അധികാരം, സമ്പത്ത് തുടങ്ങിയ അടിസ്ഥാനങ്ങളിൽ ശക്തമായ നങ്കൂരം ഉറപ്പിച്ചവർ പോലും ഇത്തരം സാഹചര്യങ്ങളിൽ തകർന്നുവീണു പോകാറുണ്ട്.
അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അലകടലായി ആഞ്ഞടിക്കുന്ന കോവിഡ് ബാധയ്ക്കു മുൻപിൽ മെഡിക്കൽ ടീമും അധികാരികളും നിസ്സഹായരായി നിൽക്കുകയാണ്. ലോകമെമ്പാടുമുള്ള 30 ലക്ഷത്തോളം നമ്മുടെ സ്വന്തം സഹോദരങ്ങൾ കോവിഡ് രോഗത്തിന് മുമ്പിൽ കീഴടങ്ങി.

ചരിത്രത്തിന്റെ ഏടുകൾ പിറകോട്ട് മറക്കുമ്പോൾ ഇതുപോലുള്ള അനേകം ദുഷ്കര സാഹചര്യങ്ങളിലൂടെ മനുഷ്യൻ കടന്നു പോന്നിട്ടുള്ള തായി കാണാം. ആത്മനിയന്ത്രണവും സമാധാനവും നഷ്ടപ്പെടുത്തുന്ന ഇത്തരം സാഹചര്യങ്ങളിൽ മനസ്സിന്റെ അടിസ്ഥാനം ഉറപ്പിക്കാനുള്ള വഴികൾ തിരുവചനം പറഞ്ഞു തരുന്നുണ്ട് :

യെശയ്യാ 26:3 'സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.'

പാപം നാശനഷ്ടങ്ങളുണ്ടാക്കി നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് നന്മയും ശാന്തിയും സൗഖ്യവും സമാധാനവും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. മനുഷ്യനും അവന്റെ കണ്ടുപിടുത്തങ്ങൾക്കും നൽകുവാൻ കഴിയാത്ത സൗഖ്യവും സമാധാനവും ശാന്തിയും ഒക്കെ തരാൻ സർവ്വശക്തനായ ദൈവത്തിനു മാത്രമേ കഴിയു കയുള്ളു എന്ന്
ലോകംമനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ദുർഘട സമയമാണിപ്പോൾ.

ദൈവം സമാധാനത്തിൽ നമ്മെ കാത്തുകൊള്ളുമെന്ന തിരുവചനത്തിലെ വാഗ്ദത്വത്തിനു ഇപ്പോഴത്തെ സഹന സമയത്ത് വളരെ പ്രസക്തിയുണ്ട്. താൽക്കാലിക സമാധാനം അല്ല സമ്പൂർണ്ണ സമാധാനം നൽകുമെന്നാണ് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് :
'സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.

മനുഷ്യബുദ്ധിക്ക് അതീതമായ ദൈവം തരുന്ന ഈ സമാധാനത്തെപ്പറ്റി പൗലോസ് അപ്പോസ്തോലൻ ഫിലിപ്യ ലേഖനത്തിൽ പറയുന്നത് ശ്രദ്ധിക്കാം :

ഫിലിപ്പിയർ
4:6-7 ' ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.'

തന്നെ പിന്തുടരുന്നവർക്ക്‌ നമ്മുടെ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന ശാശ്വത സമാധാനമാണിത് :

യോഹന്നാൻ 14:27 'സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.'

ഈ അത്ഭുത സമാധാനം ദൈവത്തിന്റെ ദാനമാണ്. പക്ഷെ അത് സ്വീകരിക്കാൻ നമ്മുടെ ഭാഗത്തുനിന്ന് ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. ജീവിത സാഹചര്യം എത്ര നിരാശാജനകമാണെങ്കിലും ദൈവത്തിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നും വൻവിനകൾ തടുത്തു മാറ്റുവാൻ ദൈവം മതിയായവൻ ആണെന്നും ഉറച്ച് വിശ്വസിക്കുന്നവരുടെ മനസ്സിലേക്ക് മാത്രമേ ഈ ദിവ്യ സമാധാനം ഇറങ്ങി വരികയുള്ളൂ.

പ്രതികൂല സാഹചര്യങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും ശ്രദ്ധ ദൈവത്തിലേക്ക് തിരിക്കുവാൻ ഈ സമാധാനം ആഗ്രഹിക്കുന്നവർ തയ്യാറാകണം. വേണ്ട സമയത്ത് കരുതലും കരുണയും ലഭിക്കുന്നതിനായി പ്രത്യാശയോടെ കൃപാസസനത്തെ സമീപിക്കണം. എബ്രായർ 4 16.

ഇതൊക്കെയാണ് സൗജന്യ ദാനമായ പരിപൂർണ്ണ ദിവ്യ സമാധാനം അനുഭവിക്കുവാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.

ദൈവം പരിപൂർണ്ണ സമാധാനത്തിൽ നമ്മുടെ മനസ്സിനെ ഉറപ്പിച്ചതുകൊണ്ട് കഷ്ട നഷ്ട ശോധനങ്ങളിൽ നിർവികാരതയോടെ പാറപോലെ നമ്മൾ ഉറച്ചുനിൽക്കും എന്നൊന്നും അർത്ഥമില്ല. നമ്മൾ ബലഹീന പത്രങ്ങളാണ്. പ്രതിസന്ധികൾ നമ്മുടെ മനസ്സിൽ വികാര വേലിയേറ്റങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷെ അപ്പോഴും ദൈവത്തിൽ മനസ്സുറപ്പിക്കുന്ന സ്ഥിരമാനസന്റെ മേൽ ദൈവത്തിന്റെ കൃപാ കടാക്ഷമുണ്ടായിരിക്കും. വൈകാരിക അസന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ആന്തരിക സമാധാനം അവരിൽ വ്യാപരിച്ചു കൊണ്ടിരിക്കും. തിരകളിൽ മുങ്ങി പോകാതെ സ്വർഗ്ഗീയ സമാധാനം അവരെ നിയന്ത്രിച്ചു ഉറപ്പിച്ചു നിർത്തും. വീണാലും നിലംപരിശാകാതെ കൈ പിടിച്ചെഴുന്നേല്പിക്കും.

ഈ ആന്തരിക സമാധാനത്തിന്റെ സായൂജ്യ അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ആത്മീയ ഔട്ട്‌ലെറ്റുകളിൽ ഈ ദിവ്യ സമാധാനം ലഭ്യവുമല്ല. കർത്താവു ഓരോ വ്യക്തിക്കും സൗജന്യമായി നേരിട്ട് നൽകുന്ന പരിശുദ്ധാത്മ വരദാനമാണിതെന്നു കർത്താവ് പറഞ്ഞിട്ടുണ്ട് :

'എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. '

മുമ്പിൽ ചെങ്കടലും പിന്നിൽ ശത്രു സൈന്യങ്ങളും അണിനിരക്കുന്ന മരണനിഴൽ താഴ്‌വരയിലെ ഭ്രമജനകമായ ദുർഘടഘട്ടങ്ങളിൽ നമ്മളെന്താണ് ചെയ്യേണ്ടത്?
പ്രതികൂലസാഹചര്യങ്ങളിൽ നിന്ന് സർവ്വശക്തനായ ദൈവത്തിലേക്ക് ശ്രദ്ധതിരിപ്പിക്കണം. മീഡിയ പറഞ്ഞു ഭയപ്പെടുത്തുന്ന വാർത്തകളും ഊഹാപോഹങ്ങളും കേട്ട് അസ്വസ്ഥരാകരുത്. അതൊക്കെ മറന്നേക്കൂ.

ആശ്രയ ബോധത്തോടെ സർവ്വശക്തനിലേക്ക് നോക്കി അപേക്ഷിക്കുമ്പോൾ ഹൃദയം പ്രകാശിക്കും. സകല ബുദ്ധിയെയും കവിയുന്ന പരിപൂർണ്ണ സമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും.

ജീവിതത്തിലെ സങ്കീർണ്ണ സാഹചര്യത്തിൽ ഈ സമ്പൂർണ്ണ സമാധാനം അനുഭവിച്ച ദാവീദിന്റെ സാക്ഷ്യം നമുക്ക് കേൾക്കാം :
'ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.'- സങ്കീർത്തനങ്ങൾ
4:7-8

നമ്മൾ കടന്നുപോകുന്ന കഷ്ടതകളിലൂടെ നമുക്കുമുമ്പേ കടന്നുപോയ ഒരു മദ്ധ്യസ്ഥൻ നമുക്ക് സ്വർഗത്തിലുണ്ട്. സാധ്യതകൾ അസ്തമിക്കുമ്പോൾ, പ്രിയരെല്ലാം കൈവിടുമ്പോൾ നമ്മുടെ ഉള്ളംഉള്ളതുപോലെ അറിയുന്ന കർത്താവിൽ ചിന്തകളും മനസ്സും ഉറപ്പിക്കണമെന്നാണ് എബ്രായ ലേഖനകർത്താവ് പറയുന്നത് :

'ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക- എബ്രായർ 4:14-16

ലോകവും പ്രത്യേകിച്ച് ഇന്ത്യയും കടന്നുപോകുന്ന ഭ്രമജനകമായ കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ സർവശക്തൻ നമ്മുടെ ആത്മശരീരമനസ്സുകളെ ക്രിസ്തു യേശുവിന്റെ ദിവ്യ സമാധാനത്താൽ നിറക്കട്ടെ! ആന്തരീയ സമാധാനവും ശാന്തിയും നൽകി നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ഡോ. എ. പി. ജോർജ്ജ്