കുട്ടികളിലെ ന്യൂറോഡൈവർജൻസ്

മസ്തിഷ്കത്തിന്റെ വളർച്ചയിലും ആശയവിനിമയം നടത്തുന്ന രീതിയിലും കാണുന്ന സ്വാഭാവികമായ ചില വ്യത്യാസങ്ങളെയാണ് 'ന്യൂറോഡൈവർജൻസ്' (Neurodivergence) എന്ന് വിളിക്കുന്നത്. ഇതൊരു രോഗമല്ല, മറിച്ച് ലോകത്തെ തികച്ചും വ്യത്യസ്തമായി മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു രീതിയാണ്.

പ്രധാന വിഭാഗങ്ങൾ:

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രധാന ന്യൂറോഡൈവർജന്റ് അവസ്ഥകൾ താഴെ പറയുന്നവയാണ്:

• ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD): സാമൂഹിക ഇടപെടലുകളിലും ആശയവിനിമയത്തിലുമുള്ള ബുദ്ധിമുട്ടുകൾ.

• എ.ഡി.എച്ച്.ഡി (ADHD): ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയായ്മ, അമിതമായ പ്രവൃത്തികൾ (Hyperactivity), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.

• പഠന വൈകല്യങ്ങൾ (Learning Disabilities): ഉദാഹരണത്തിന്, വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഡിസ്ലെക്സിയ (Dyslexia).

പ്രധാന ലക്ഷണങ്ങൾ:

ഓരോ കുട്ടിയും വ്യത്യസ്തരാണെങ്കിലും, ചില പൊതുവായ ലക്ഷണങ്ങൾ ഇവയാണ്:

• ആശയവിനിമയത്തിലെ ബുദ്ധിമുട്ട്: മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാതിരിക്കുക, പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക.

• ആവർത്തന സ്വഭാവങ്ങൾ: ഒരേ വാക്കുകൾ ആവർത്തിച്ചു പറയുക, കൈകൾ വീശുക, അല്ലെങ്കിൽ ഒരേ കളിപ്പാട്ടം ഉപയോഗിച്ച് എപ്പോഴും ഒരേപോലെ കളിക്കുക.

• സെൻസറി പ്രശ്നങ്ങൾ: ചില പ്രത്യേക ശബ്ദങ്ങൾ, വെളിച്ചം, അല്ലെങ്കിൽ വസ്ത്രങ്ങളുടെ സ്പർശനം എന്നിവയോട് അമിതമായി പ്രതികരിക്കുകയോ ഭയപ്പെടുകയോ ചെയ്യുക.

• ശ്രദ്ധക്കുറവ്: ഒരു കാര്യത്തിൽ കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.

 

കാരണങ്ങൾ:

എന്തുകൊണ്ടാണ് കുട്ടികളിൽ ഈ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്ന് പൂർണ്ണമായി കണ്ടെത്താനായിട്ടില്ലെങ്കിലും, പ്രധാന കാരണങ്ങൾ ഇവയാണ്:

• ജനിതക കാരണങ്ങൾ (Genetics): കുടുംബത്തിൽ മറ്റാർക്കെങ്കിലും ഇത്തരം അവസ്ഥകൾ ഉണ്ടെങ്കിൽ അത് കുട്ടികളിലേക്ക് വരാനുള്ള സാധ്യതയുണ്ട്.

• ഗർഭാവസ്ഥയിലെ ഘടകങ്ങൾ: ഗർഭകാലത്ത് മസ്തിഷ്കത്തിന്റെ വളർച്ചയിലുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങൾ ഇതിന് കാരണമാകാം.

 

പരിചരണവും പിന്തുണയും (Management)

ന്യൂറോഡൈവർജൻസ് പൂർണ്ണമായി മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം കുട്ടികളെ അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

• ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വിദഗ്ധോപദേശം തേടുന്നത് കുട്ടിയുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കും.

• തെറാപ്പികൾ: സംസാരശേഷി മെച്ചപ്പെടുത്താൻ 'സ്പീച്ച് തെറാപ്പിയും' (Speech Therapy), ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കാൻ 'ഒക്യുപ്പേഷണൽ തെറാപ്പിയും' (Occupational Therapy) വളരെ പ്രയോജനകരമാണ്.

• കുട്ടിയുടെ പഠനരീതി മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേക വിദ്യാഭ്യാസം (Special Education) നൽകേണ്ടത് ആവശ്യമാണ്‌.

കുട്ടിയെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിന് പകരം, അവരെ അവരായി തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ ചികിത്സ. ഇതിന് കുടുംബത്തിന്റെ പിന്തുണ വളരെ ആവശ്യമാണ്‌.

 

ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്ല്യ ദാനമാണ്. "ഞാൻ ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു" (സങ്കീർത്തനങ്ങൾ 139:14) എന്ന ദൈവവചനം ഈ കുട്ടികളുടെ കാര്യത്തിലും പൂർണ്ണമായും സത്യമാണ്. ലോകത്തിന്റെ കണ്ണിൽ ഈ കുഞ്ഞുങ്ങൾ വ്യത്യസ്തരായിരിക്കാം. എന്നാൽ സൃഷ്ടാവായ ദൈവത്തിന്റെ കയ്യിലെ വിലയേറിയതും മനോഹരവുമായ സൃഷ്ടികളാണവർ. ഇത്തരം കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് ദൈവം മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്തവും വെല്ലുവിളികൾ നിറഞ്ഞ പേരെന്റിംഗ് ശുശ്രൂഷയുമാണ്. 

☆

-ഫാ. ഡോ. ഏ. പി. ജോർജ്