മാർത്ത അസ്വസ്ഥയാണ്

 'മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങി... ' ലൂക്കോസ് 10:40

കർത്താവ് വീട്ടിലെ അതിഥിയായി വന്നപ്പോൾ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും വേണ്ടിയുള്ള  മാർത്തയുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണ്.
പക്ഷേ,  വീട്ടു ജോലികൾ മാർത്തയെ വല്ലാതെ അസ്വസ്ഥയാക്കി.

  വീട്ടിൽ വന്ന് ക്രിസ്തു വചനം പങ്കുവെച്ചപ്പോൾ
ജോലിയുടെ അധിക്യംമൂലം മാർത്തക്ക് സ്വസ്ഥമായിരുന്നു കേൾക്കുവാൻ കഴിഞ്ഞില്ല . ഒരുപക്ഷേ ജോലിയിലുള്ള  അമിത ശ്രദ്ധ മൂലം ക്രിസ്തുവിനെ ശ്രദ്ധിക്കുവാൻ തന്നെ അവൾ മറന്നു പോയിരിക്കാം.  മാർത്ത ഒരു വർക്ക്ഹോളിക്കും നിർബന്ധ ചിട്ടകളുള്ള ഒബ്സസീവ് പേഴ്സണാലിറ്റിയും ആയിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ.

ദൈവബന്ധവും ജീവിതനിയോഗവും സന്തുലിതമായി നിലനിർത്തുന്നതിൽ നമ്മൾ പലപ്പോഴും പരാജയപ്പെട്ടു പോകാറുണ്ട്.  പലകാര്യങ്ങളെപ്പറ്റിയുള്ള ആകാംക്ഷയും ജീവിതഭാരവും ഒക്കെ പ്രാർത്ഥനക്കും  ആരാധനയ്ക്കുമുള്ള സമയം അപഹരിക്കാറുണ്ട്.

  അമലേക്യരുമായുള്ള യുദ്ധത്തിലെ വിജയത്തിന്റെ പിന്നിൽ യോശുവയുടെ യോശുവയുടെ യുദ്ധ നൈപുണ്യത്തോടൊപ്പം  പ്രാർത്ഥനയോടെ  മോശ ഉയർത്തിയ കരങ്ങളും ഉണ്ടായിരുന്നു. ജീവിത വിജയത്തിന് ബുദ്ധിയും കായിക ബലവും മാത്രം പോരാ,  ദൈവശക്തിയും കൂടി വേണം. അതിന്  ദൈവത്തോട് ചേർന്നിരിക്കുവാൻ സമയം വേർതിരിക്കണം.

ദൈവ സന്നിധിയിൽ കാത്തിരുന്ന് ശക്തിപ്രാപിക്കാൻ ദീർഘ ക്ഷമയും വിശ്വാസവും വേണം.
പല കാര്യങ്ങൾക്കായി ഓടി നടക്കുന്നതുപോലെ അത്ര എളുപ്പമല്ല യേശുവോട് ചേർന്നിരിക്കുന്നത്. ഇതായിരുന്നു മാർത്ത നേരിട്ട പ്രതിസന്ധി.

നമ്മുടെ വിവിധ ലൗകിക നിയോഗങ്ങൾക്കുവേണ്ടി ഓടിനടക്കുന്നതിനിടയ്ക്ക് ക്രിസ്തുവുമായുള്ള ആത്മബന്ധത്തിനും ശക്തി പുതുക്കുന്നതിനും സമയമില്ലാതെ പോകുന്നത് നിർഭാഗ്യകരമാണ്. കുടുംബത്തിനും ബിസിനസിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രം സ്‌കെഡ്യൂൾ ചെയ്യപ്പെടുന്ന ജീവിതം സാമ്പത്തിക പുരോഗതിയും സ്ഥാനമാനങ്ങളും നേടിത്തന്നേക്കാം. പക്ഷേ, ആവശ്യമുള്ള ഒന്നായ ക്രിസ്തുവിനെ  മറന്നിട്ട് മറ്റെന്തെല്ലാം നേടിയാലും  സായൂജ്യവും ആത്മസാക്ഷാത്കാരവും ലഭിക്കില്ല.  ലഗേജില്ലാത്ത ഒരു അപ്രതീക്ഷിത മടക്കയാത്ര നമ്മുടെയൊക്കെ മുമ്പിലെ നിത്യ യാഥാർത്ഥ്യമാണ്.  നിത്യതയെ ലക്ഷ്യമാക്കിയുള്ള യാത്രയുടെ മുന്നേറ്റത്തിന് ക്രിസ്തു ഒന്നാമതും  ലോകം  രണ്ടാമതുമാകണം.

ക്രിസ്തുവുമായുള്ള ആത്മബന്ധത്തിനും തിരുവചന കൂട്ടായ്മയ്ക്കും പ്രാധാന്യം കൊടുത്ത ആദ്യകാല ക്രിസ്തീയ സമൂഹത്തിന്റെ അത്മീയ ശൈലിയല്ല ഇന്നത്തേത്. ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനുമായി മാത്രം ദേവാലയത്തിലും ആത്മീയ വേദികളിലും  കടന്നുവരുന്നവരുടെ എണ്ണം പരിമിതമായി കൊണ്ടിരിക്കുകയാണ്. അധികം പേരും ആത്മീയത്തിലെ 'അഥർ ഡ്യൂട്ടി'ക്കാരാണ്.  അവരുടെ ആത്മിയ അജണ്ടകൾ പലതാണ്. ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും വേദിയൊരുക്കുന്ന തിരക്കിലാണ് അധികം പേരും. വരുമാനം വർദ്ധിപ്പിക്കാനും തർക്കങ്ങളിൽ വാദിയും പ്രതിയും ആകാനും അധികാരസ്ഥാനങ്ങൾ കയ്യാളുന്നതിലുമാണ്  പലരുടെയും ശ്രദ്ധ.   അതൊക്കെ ദൈവ വേലയാണെന്ന്  തെറ്റിദ്ധരിച്ചിരിക്കുന്നവരും അനവധിയുണ്ട് .

ദേവാലയങ്ങളിലും ആത്മീയ വേദികളിലും ഒരുക്കങ്ങൾ നടത്താൻ സന്മനസ്സുള്ള വോളണ്ടിയേഴ്സിന്റെ സേവനം സഭയ്ക്ക് അത്യാവശ്യമല്ലെ?

കാര്യങ്ങൾ മുടക്കം കൂടാതെ നടന്നു പോകാൻ, നടുകയും നനയ്ക്കുകയും ചെയ്യുന്ന പൗലോസ്- അപ്പല്ലോസുമാരുടെ ത്യാഗപൂർണമായ സേവനം തീർച്ചയായും സഭക്ക് ആവശ്യമാണ്, വലിയ മുതൽക്കൂട്ടാണ്.

പക്ഷേ, ഞാനുൾപ്പെടുന്ന സന്നദ്ധപ്രവർത്തകർ മാർത്തയെപ്പോലെ ഓടി തളർന്നാൽ മാത്രം പോരാ. സ്വന്തം നിത്യ രക്ഷയെപ്പറ്റിയും  ചിന്തിക്കണം. പ്രാർത്ഥനയ്ക്കും സമർപ്പണത്തിനും മാനസാന്തരത്തിനും  സമയം കണ്ടെത്തണം. ആരാധനക്കും ബൈബിൾ പഠനത്തിനും താൽപ്പര്യം കാണിക്കണം. സമയം നീക്കി വയ്ക്കണം.

ദൈവത്തിന്റെ പേരിൽ ചെയ്ത വീര്യപ്രവർത്തികളെപ്പറ്റി ദൈവത്തോട് പറയുമ്പോൾ,  ' ഞാൻ നിങ്ങളെ അറിയുന്നില്ല'  എന്ന മറുപടി ഉണ്ടായാൽ എന്തെല്ലാം ചെയ്തിട്ടും എന്താണ് പ്രയോജനം? ദൈവത്തിന്റെ അത്തരം പ്രതികരണം  ഹൃദയഭേദകമായിരിക്കും.
മത്തായി
7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച്‌ അവിടുന്നു പ്രതിഫലം നല്‍കും.
സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന്‌ മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നു നിത്യജീവന്‍ പ്രദാനംചെയ്യും.
സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്‌ടതയ്‌ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.
റോമാ 2 : 6-8

ദൈവമേ, മാർത്തയെപ്പോലെ നിയോഗങ്ങളിൽ തീഷ്ണതയുള്ളവരും മറിയയെപ്പോലെ കർത്താവിനോടൊപ്പം വേറിട്ടിരിക്കുവാനും തിരുവചനം ജീവിതശൈലി ആക്കുവാനും ഒരുക്കമുള്ളവരാകാൻ ഞങ്ങളെ സഹായിക്കണമെ.

-ഫാ. ഡോ. ഏ. പി. ജോർജ്‌