കണ്ണുനീർ തുടയ്ക്കുന്ന കരുണാമയൻ

     "സിംഹാസനത്തിന്റെ നടുവിലുള്ള കുഞ്ഞാട് അവരെ മേയ്ക്കും; അവൻ അവരെ ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും; ദൈവം അവരുടെ കണ്ണുകളിൽനിന്ന് എല്ലാ കണ്ണുനീരും തുടച്ചുകളയും." (വെളിപ്പാട് 7:17)

നമ്മുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ലോകത്തിന് കഴിയില്ല.  ചില മുറിവുകൾക്ക് മനുഷ്യരുടെ വാക്കുകൾ ആശ്വാസമാകില്ല. ചില സഹനങ്ങളിൽ ഹൃദയം വിതുമ്പോൾ കണ്ണുനീർ മാത്രമായിരിക്കും  നമ്മുടെ പ്രാർത്ഥന. ഹൃദയം തകർന്നവർക്കും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും, നിശ്ശബ്ദമായി വേദന സഹിക്കുന്നവർക്കും ദൈവം ആശ്വാസവാക്കുകൾ  മാത്രമല്ല,  അവിടുന്ന് തന്റെ സാന്നിധ്യവും നൽകും. വേദനയുടെ ഓരോ തുള്ളി കണ്ണുനീരും അവിടുത്തെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്. ഒരു കണ്ണുനീരും   നിലത്തുവീണ് നഷ്ടമാകില്ല,  അത് ദൈവ കരങ്ങളിലാണ് വീഴുന്നത്. 

വെളിപാട് പുസ്തകത്തിലെ  ഈ ദൃശ്യത്തിൽ ഏറ്റവും സ്പർശിക്കുന്ന സത്യം, കുഞ്ഞാട് തന്നെയാണ് കരയുന്നവരുടെ ഇടയനാകുന്നത് എന്നതാണ്. മുറിവേറ്റവനായ കർത്താവിനെക്കാൾ  നമ്മുടെ മുറിവുകൾ മനസ്സിലാക്കുവാൻ മറ്റാർക്കും കഴിയില്ല. 'യേശു കണ്ണീര്‍ പൊഴിച്ചു! ' (യോഹന്നാന്‍ 11 : 35). തന്റെ മക്കളുടെ കണ്ണുനീർ കണ്ട് കരഞ്ഞവനായ ക്രിസ്തുവിന് നമ്മുടെ കണ്ണുനീരിന്റെ ഭാഷ അറിയാം.

അതുകൊണ്ടാണ് അവിടുന്ന് നമ്മെ ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുന്നത്. അത് ദാഹം മാറ്റുന്ന വെള്ളം മാത്രമല്ല; ക്ഷീണിച്ച ആത്മാവിനെ പുതുക്കുകയും തകർന്ന ഹൃദയത്തെ സൗഖ്യമാക്കുകയും ചെയ്യുന്ന കൃപയുടെ ഉറവയാണ്.
"ദൈവം അവരുടെ കണ്ണുകളിൽനിന്ന് എല്ലാ കണ്ണുനീരും തുടച്ചുകളയും." എന്നാണ് നമുക്ക് ഓരോരുത്തർക്കും ഉള്ള വ്യക്തിപരമായ വാഗ്ദാനം! ദൈവം ഒരു ദൂതനെ അയച്ച് കണ്ണുനീർ തുടപ്പിക്കുമെന്നല്ല, അവിടുന്ന് തന്നെ  സ്നേഹ തൽപം കൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കും. മാതാപിതാക്കൾ  കുഞ്ഞുങ്ങളെ  കൈകളിൽ എടുത്ത് കണ്ണുനീർ തുടയ്ക്കുന്നതുപോലെ, സ്വർഗ്ഗീയപിതാവ് നമ്മുടെ ഓരോ ഹൃദയ നൊമ്പരങ്ങളെയും ആർദ്രതയോടെ സ്പർശിക്കും.
അപ്പോൾ കണ്ണുനീർ മാത്രമല്ല, അതിന് കാരണമായ പാപവും മരണവും വേർപാടും ശാശ്വതമായി നീക്കപ്പെടും. "അവൻ മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും; യഹോവയായ കർത്താവ് എല്ലാ മുഖങ്ങളിൽനിന്നും കണ്ണുനീർ തുടച്ചുകളയും" (യെശയ്യാവ് 25:8).

അതുകൊണ്ട്, നാം പ്രത്യാശയില്ലാത്ത ദുഃഖത്തിലല്ല ജീവിക്കേണ്ടത്. ഇന്നത്തെ വേദന നാളത്തെ മഹത്വത്തിന്റെ നിഴലാണ്.   'നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു.'
(റോമാ 8 : 18) എന്ന അപ്പൊസ്തലനായ പൗലോസിന്റെ വാക്കുകളുടെ അർത്ഥവും ആഴവും വിപുലമാണ്.
"എന്തുകൊണ്ട് കർത്താവെ ?" എന്ന ഓരോ ചോദ്യത്തിനും ദൈവം പെട്ടെന്ന്  മറുപടി നൽകണമെന്നില്ല. എന്നാൽ ഓരോ തുള്ളി കണ്ണുനീരിനും അവിടുന്ന് ഒരുനാൾ മറുപടി നൽകും. ആ മറുപടി ഒരു വിശദീകരണമല്ല, അവിടുത്തെ സാന്നിധ്യമായിരിക്കും, അവിടുത്തെ സ്നേഹ സ്പർശമായിരിക്കും,  അവിടുത്തെ സ്നേഹാലിംഗനമായിരിക്കും.

പ്രിയ സഹോദരങ്ങളെ,
ഇന്ന് നിങ്ങൾ കണ്ണുനീരിന്റെ സഹനയാത്രയിൽ ആണെങ്കിൽ  ധൈര്യം കൈവിടരുത്. നിങ്ങളുടെ കണ്ണുനീർ ദൈവത്തിന് അന്യമല്ല. നിങ്ങളുടെ വേദന അവിടുന്ന് അവഗണിച്ചിട്ടില്ല. നിങ്ങളുടെ ദുരന്ത യാത്രയുടെ അവസാനം  നിങ്ങളെ കാത്തിരിക്കുന്നത് ഒരു ഉത്തരമല്ല, ഒരു വ്യക്തിയാണ്—നിങ്ങളെ പേരുചൊല്ലി വിളിക്കുന്ന നിങ്ങളുടെ സ്വന്തം സ്നേഹ  ഇടയൻ.
'നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍.'
ഹെബ്രായര്‍ 4 : 15
  കണ്ണുനീരിൽ കൈവിടാത്ത കർത്താവ് നമുക്കുള്ളത്  എത്ര ഭാഗ്യവും പ്രത്യാശയുമാണ്. 

അവിടുത്തെ കൈകൾ ഒരുനാൾ നിങ്ങളുടെ അവസാന കണ്ണുനീരും തുടച്ചുമാറ്റും. ആ ദിവസം മുതൽ പിന്നീട് ഒരിക്കലും ദുഃഖമോ കരച്ചിലോ മരണവുമോ ഉണ്ടാവുകയില്ല. അന്ന് കുഞ്ഞാട്  തന്റെ ആട്ടിൻകൂട്ടത്തെ ജീവന്റെ ഉറവുകളിലേക്ക് നയിക്കും. പിതാവിന്റെ കരങ്ങളിൽ എത്തിച്ചേരുന്ന ആത്മാവിനെ കാലത്തിനും കഷ്ടപ്പാടുകൾക്കും മരണത്തിനും വേർപിരിക്കാൻ കഴിയില്ല. ദൈവ സ്നേഹത്തിന്റെ അക്ഷയ സുരക്ഷിതത്വത്തിൽ,
ദൈവസാന്നിധ്യത്തിന്റെ അനന്ത ശാന്തിയിൽ അത് എന്നേക്കും സുരക്ഷിതമായിരിക്കും.

ദൈവത്തിന് സ്തോത്രം!

-ഫാ. ഡോ. ഏ. പി. ജോർജ്