ജോസഫ് അതിജീവനത്തിന്റെ ലെജൻഡ്

 

പഴയനിയമത്തിലെ ഏറ്റവും പ്രചോദനാത്മകമായ ജീവിതകഥകളിലൊന്നാണ് യോസേഫിന്റെത്. സ്വന്തം സഹോദരന്മാരാൽ ഒറ്റിക്കൊടുക്കപ്പെടുകയും അടിമയായി വിൽക്കപ്പെടുകയും വ്യാജാരോപണങ്ങൾ നേരിടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്ത യോസേഫ് ജീവിതത്തിൽ അനേകം കഠിനവേദനകൾ അനുഭവിച്ചു. എന്നിരുന്നാലും, ആ വേദനകളൊന്നും അവനെ തകർത്തില്ല. ഓരോ പരീക്ഷണവും ദൈവം ഒരുക്കിയ മഹത്തായ പദ്ധതിയിലേക്കുള്ള ഓരോ പടികളായി മാറി. മനുഷ്യരുടെ ദോഷ പ്രവർത്തികളെ ദൈവം നന്മയ്ക്കായി രൂപാന്തരപ്പെടുത്തി. യോസേഫിന് മാത്രമല്ല, അനേകം ജനങ്ങളുടെ രക്ഷയ്ക്കും അനുഗ്രഹത്തിനും അതു കാരണമായി.

സാഹചര്യങ്ങൾ നമ്മുടെ ഫൈനൽ ഡെസ്റ്റിനേഷൻ നിർണയിക്കുന്നില്ലെന്ന് യോസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. തിരസ്കാരത്തെ പകയായും അനീതിയെ പ്രതികാരമായും മാറ്റാൻ അദ്ദേഹം തയ്യാറായില്ല. പോത്തീഫറിന്റെ ഭവനത്തിലും, കാരാഗൃഹത്തിലും, ഈജിപ്തിലെ ഭരണാധികാരി ആയപ്പോഴും 
 യോസേഫ് ദൈവത്തോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്നു. ജീവിതത്തിലെ കഷ്ടതകളല്ല, ദൈവസാന്നിധ്യമാണ് അദ്ദേഹത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഓരോ പരീക്ഷണവും വലിയ ദൗത്യത്തിനായി ദൈവം അദ്ദേഹത്തെ ഒരുക്കിയ പരിശീലന കളരിയായി മാറി.

യോസേഫിന്റെ ഏറ്റവും വലിയ വിജയം ഈജിപ്തിന്റെ ഭരണാധികാരിയായതല്ല, തന്നെ ഒറ്റിക്കൊടുത്ത സഹോദരന്മാരോട് പൂർണ്ണഹൃദയത്തോടെ ക്ഷമിച്ചതായിരുന്നു. പ്രതികാരം ചെയ്യാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും അദ്ദേഹം കരുണ തിരഞ്ഞെടുത്തു. സഹോദരന്മാരെ ആശ്വസിപ്പിച്ച്, അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. തന്റെ ജീവിതത്തിലെ ഓരോ സംഭവത്തിന്റെയും പിന്നിലെ ദൈവത്തിന്റെ പരമാധികാരം തിരിച്ചറിഞ്ഞതു കൊണ്ടാണ് പ്രതികാര പ്രലോഭനങ്ങളെ ഫോർഗിവ്നെസ്സ് ആക്കി മാറ്റുവാൻ കഴിഞ്ഞത്. 

'നിങ്ങൾ എനിക്ക് ദോഷം വരുത്തുവാൻ വിചാരിച്ചു; എന്നാൽ അനേകം ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടതിന് ദൈവം അതിനെ നന്മയ്ക്കായി മാറ്റി.' — ഉല്പത്തി 50:20
എന്തൊരു പോസിറ്റീവ് മെന്റൽ സെറ്റ് ആണല്ലേ!

'ക്ഷമ' എന്നത് വേദനയെ നിഷേധിക്കുന്നതല്ല, വേദന ദൈവത്തിന്റെ കൈകളിൽ സമർപ്പിച്ച്, പ്രതികാര മനോഭാവം നമ്മുടെ ഭാവിയെ നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കുന്നതാണ്. പ്രതികാര ചിന്തകൾക്കുള്ള ആന്റി ഡോട്ട് ആണ് ക്ഷമ.

ക്ഷമ മറ്റുള്ളവരെ മാത്രമല്ല, നമ്മെത്തന്നെയും മോചിപ്പിക്കുന്ന അനുഗ്രഹമാണെന്ന വിസ്മയ ഉൾക്കാഴ്ച്ചയാണ് യോസേഫിന്റെ ജീവിതം നമുക്ക് നൽകുന്നത്. ക്ഷമിക്കുന്നവർ രോഗശാന്തിയുടെയും സമാധാനത്തിന്റെയും ഉപകരണങ്ങളാണ്‌ . യോസേഫിന്റെ ക്ഷമ ഒരു കുടുംബത്തെ സംരക്ഷിച്ചു, ദൈവജനത്തെ രക്ഷിച്ചു, ഒടുവിൽ കുരിശിൽ കിടന്നുകൊണ്ട് "പിതാവേ, ഇവരോട് ക്ഷമിക്കണമേ" എന്ന് പ്രാർത്ഥിച്ച യേശുക്രിസ്തുവിലേക്കുള്ള ഒരു മഹത്തായ ചൂണ്ടുപലകയായി മാറി.

ഇന്ന് നിങ്ങൾ വഞ്ചനയുടെയോ തിരസ്കാരത്തിന്റെയോ അനീതിയുടെയോ മുറിവുകളുമായി ജീവിക്കുകയാണോ? യോസേഫിനെ ഓർക്കുക. നിങ്ങളുടെ കാരാഗൃഹം ദൈവത്തിന്റെ പദ്ധതിയിൽ രാജകൊട്ടാരത്തിലേക്കുള്ള വഴിയായേക്കാം. നിങ്ങളുടെ കണ്ണുനീർ നാളെയുടെ അനുഗ്രഹ വിളവിന്റെ വിത്തുകളെ നനയ്ക്കുന്ന മഴയായേക്കാം. ദൈവം നിങ്ങളെ ഉയർത്തുമ്പോൾ പ്രതികാരത്തിനു പകരം ക്ഷമയും, കയ്പിനുപകരം കൃപയും, നിരാശയ്ക്കുപകരം പ്രത്യാശയും തിരഞ്ഞെടുക്കുവാൻ അവിടുന്ന് നിങ്ങളെ സഹായിക്കട്ടെ.

യഥാർത്ഥ വിജയികൾ ഒരിക്കലും കഷ്ടതകൾ നേരിടാത്തവരല്ല; കഷ്ടതകളിലൂടെ ദൈവത്തിൽ വിശ്വസിക്കുകയും തങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിക്കുകയും ചെയ്യുന്നവരാണ്.

യഥാർത്ഥ ആത്മീയ വിജയം പ്രതികാരത്തിലല്ല, ദൈവഹിതത്തിൽ വിശ്വസിച്ച് ക്ഷമ തിരഞ്ഞെടുക്കുന്നതിലാണെന്നാണ് യോസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.  മനുഷ്യർ മുറിവേൽപ്പിച്ച അനുഭവങ്ങളെപ്പോലും ദൈവം തന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്ന് വിശ്വസിക്കുന്നവരുടെ ഹൃദയം സമാധാനവും മറ്റുള്ളവരോടുള്ള കരുണയും കൊണ്ട് നിറയും. അതുകൊണ്ട്, യോസേഫിനെപ്പോലെ ദൈവത്തിന്റെ പരമാധികാരത്തിൽ ആശ്രയിച്ച് ക്ഷമയുടെ പാതയിൽ നടക്കുമ്പോൾ, നമ്മുടെ ജീവിതവും അനേകർക്ക് അനുഗ്രഹവും ദൈവ മഹത്വത്തിന്റെ സാക്ഷ്യവുമായി മാറും.

-ഫാ. ഡോ. ഏ. പി. ജോർജ്