കർത്താവിൻ സ്നേഹത്തിൽ എന്നും വസിക്കുവാൻ -Friday.5
'എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.'
മത്തായി 5 : 28
ന്യായപ്രമാണത്തിലെ അക്ഷരീകമായ കൽപ്പനയെക്കാൾ ഒരു പടി കടന്ന്, ഹൃദയത്തിലെ ചിന്തകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടു യേശു സംസാരിക്കുകയാണിവിടെ. പാപസംബന്ധമായ ബാഹ്യപ്രവൃത്തികൾ വര്‍ജ്ജിക്കുന്ന പരീശന്മാര്‍ തങ്ങൾ ദൈവദൃഷ്ടിയിൽ ശ്രേഷ്ഠരും നീതിമാന്മാരുമാണെന്നു ചിന്തിച്ചിരുന്നു. ഹൃദയാവസ്ഥയും ആന്തരിക ജീവിതവും അവര്‍ ഗണ്യമാക്കാറില്ല.
പാപചിന്തകളുടെയും പ്രവർത്തികളുടെയും അനന്തരഫലം ഒന്നുതന്നെയല്ല. സഹോദരന് എതിരെയുള്ള പ്രതികാര ചിന്തയും അവനെ കൊല്ലുന്നതും ഒന്നല്ല. വ്യഭിചാര ചിന്തയും വ്യഭിചാരവും രണ്ടാണ്. പാപ ചിന്ത തുടക്കവും പ്രവർത്തി അതിന്റെ അനന്തര ദുരന്തഫലവുമാണ്. ചിന്തകളിലും മനോഭാവങ്ങളിലും മാനസാന്തരവും നിർമ്മലതയും നിലനിർത്തുന്നില്ലെങ്കിൽ ഒടുവിൽ ചിന്തയിലെ പാപം നമ്മെ പ്രവർത്തിയിൽ കൊണ്ടു ചെന്നെത്തിക്കും!
പുറമേയുള്ള പാപ പ്രവൃത്തികൾ പോലെ തന്നെ ഹൃദയത്തിലെ പാപ ചിന്തകളും ദുരാഗ്രഹങ്ങളും, അതേ പ്രാധാന്യത്തോടെ കാണേണ്ടതാണെന്ന് യേശു വ്യക്തമാക്കുന്നു.
പാപത്തിന്റെ ഉറവിടം ഹൃദയത്തിലാണ്. മാനസാന്തരവും പാപക്ഷമയും മാത്രമാണ് അതിനുള്ള പരിഹാരം. ദൈവരാജ്യ പ്രവേശനത്തിനു തടസ്സമായ പാപപ്രവൃത്തികളിൽ നിന്നും, ചിന്തകളിൽ നിന്നും അകന്നു നിൽക്കുവാനുള്ള നിരന്തര പരിശ്രമം ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്.
മനുഷ്യന് നേടിയെടുക്കുവാൻ അസാധ്യമായ ആന്തരിയ ഒരുക്കവും വിശുദ്ധിയും നൽകുവാൻ ദൈവം സദാ സന്നദ്ധനാണ്.
'അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുന്നു.
നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.'
1 യോഹന്നാന്‍ 1 : 7-9
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ