എല്ലാം ലഭിച്ചതാണ്

“ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ മഹത്വമുള്ള നാമത്തെ പുകഴ്ത്തുന്നു.” — 1 ദിനവൃത്താന്തം 29:13

എന്തുകൊണ്ടാണ് ദാവീദ് എല്ലാത്തിനും ദൈവത്തിന് നന്ദി പറയുന്നത്?ഉത്തരം തൊട്ടുമുമ്പുള്ള വാക്യത്തിലാണ്: “സമ്പത്തും ബഹുമാനവും നിങ്കൽനിന്നു വരുന്നു… ശക്തിയും വീര്യവും നിന്റെ കൈയിൽ; എല്ലാവരെയും വലിയവരാക്കുവാനും ശക്തിപ്പെടുത്തുവാനും നിന്റെ കൈയിൽ ആകുന്നു” (വാ. 12).

ജീവിതത്തിൽ നമുക്ക് ലഭിച്ചതെല്ലാം നമ്മുടെ കഴിവിന്റെയും പരിശ്രമത്തിന്റെയും മാത്രം ഫലമല്ല. പരിശ്രമിക്കാനുള്ള ആരോഗ്യം, ചിന്തിക്കാനുള്ള ബുദ്ധി, അവസരങ്ങളെ തിരിച്ചറിയാനുള്ള വിവേകം, മുന്നോട്ടുപോകാനുള്ള ശക്തി—ഇവയ്ക്കെല്ലാം പിന്നിൽ ദൈവത്തിന്റെ കൃപ വ്യാപരിച്ചിരുന്നു. അതുകൊണ്ട് നമ്മുടെ വിജയങ്ങൾ നമ്മെ അഹങ്കാരികളാക്കാതെ കൃതജ്ഞയുള്ളവരാക്കണം.

അതേസമയം, ജീവിതം നമ്മൾ ആഗ്രഹിച്ചതുപോലെ അഭിവൃത്തിയിൽ എത്താതിരിക്കുമ്പോഴും അംഗീകാരം ലഭിക്കതിരിക്കുമ്പോഴും മറ്റുള്ളവർ മുന്നേറുമ്പോൾ നാം പിന്നിലായിരിക്കുമ്പോഴും  ദൈവത്തിന്റെ കൈ നമ്മോടൊപ്പമുണ്ട് എന്ന സത്യം മറക്കരുത്. ദൈവം നൽകുന്നതിലും നൽകാതിരിക്കുന്നതിലും പിന്നിൽ ദിവ്യ ഉദ്ദേശ്യങ്ങളുണ്ട്. ചിലപ്പോൾ നാം ആഗ്രഹിക്കുന്ന വാതിൽ അടയ്ക്കുന്നത് പോലും നമ്മെ സംരക്ഷിക്കുന്ന കൃപയായിരിക്കാം.

വിശ്വാസത്തിന്റെ പക്വത എന്നത്, ദൈവം നമുക്ക് ഇഷ്ടമുള്ളത് നൽകുമ്പോൾ മാത്രം നന്ദി പറയുന്നതല്ല; ദൈവം ചെയ്യുന്നതെല്ലാം നമ്മുടെ നന്മയ്ക്കായി തന്നെയാണെന്ന് വിശ്വസിച്ച് നന്ദി പറയുന്നതാണ്.

അതിനാൽ ഇന്ന് നമ്മുടെ ജീവിതത്തെ വിജയത്തിന്റെ കണ്ണുകൊണ്ട് മാത്രം നോക്കരുത്; കൃപയുടെ കണ്ണുകൊണ്ട് നോക്കണം. ജീവിതത്തിൽ ഇന്നുവരെ ലഭിച്ച അനുഗ്രഹങ്ങൾ ചേർത്ത് കൂട്ടിനോക്കുമ്പോൾ, അതിന്റെ പിന്നിലുള്ള ദൈവത്തിന്റെ കരുതലും സ്നേഹവും നമുക്ക് കാണുവാൻ കഴിയും.

ദൈവമേ, എനിക്കുള്ളതെല്ലാം നിന്റെ ദാനമാണെന്ന് തിരിച്ചറിയുവാൻ എന്നെ പഠിപ്പിക്കണമേ. വിജയത്തിൽ അഹങ്കരിക്കാതെയും കുറവിൽ നിരാശപ്പെടാതെയും, എല്ലാ സാഹചര്യങ്ങളിലും നിന്റെ മഹത്വമുള്ള നാമത്തെ പുകഴ്ത്തുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമേൻ.”

-ഫാ. ഡോ. ഏ. പി. ജോർജ്