ദൈവ ദർശനത്തിനുള്ള ആത്മീയ കാഴ്ചശക്തി നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ദൈവം അകലെയായതുകൊണ്ടല്ല, ആത്മിയ കാഴ്ച്ച മങ്ങിയതുകൊണ്ടാണ് ദൈവസാന്നിധ്യം അനുഭവിക്കാൻ കഴിയാതെ വരുന്നത്. സൂര്യൻ ആകാശത്തുണ്ടെങ്കിലും മൂടൽമഞ്ഞ് പ്രകാശം തടസ്സപ്പെടുത്തുന്നതു പോലെ, ദൈവസാന്നിധ്യം ചുറ്റുമുണ്ടെങ്കിലും മലിന ഹൃദയത്തിന്റെ നിവ്വികാരത ( insensitivity) മൂലം തിരിച്ചറിയുന്നില്ല.
'കർത്താവ് പറഞ്ഞു : ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.' (മത്തായി 5:8)
ഹൃദയം ഒരു ദിവസംകൊണ്ടല്ല മലിനമാകുന്നത്. ചെറിയ വിട്ടുവീഴ്ചകളിലൂടെയാണ് അത് ആരംഭിക്കുന്നത്. പ്രതികാരത്തിന്റെ കയ്പ്പ്, അസൂയ, അഹങ്കാരം, സ്ഥാന മോഹം, രഹസ്യ പാപങ്ങൾ—ഇവ ഓരോന്നും ഹൃദയത്തിന്റെ മനോദർപ്പണത്തിൽ പറ്റുന്ന അഴുക്കുകളാണ്. ആദ്യം അവ നിസ്സാരമായി തോന്നും. എന്നാൽ കാലക്രമേണ അവയൊക്കെ ദൈവത്തിന്റെ മുഖം മറയ്ക്കുന്ന തടസ്സങ്ങളായി മാറും.
" ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ!" (സങ്കീര്‍ത്തനങ്ങള്‍ 51 : 10) എന്ന് ദാവീദ് പ്രാർത്ഥിച്ചത് യാദൃശ്ചികമല്ല. ഹൃദയം വിശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ദൈവത്തിന്റെ പ്രിയമാനസനായ ദാവീദിന് അറിയാമായിരുന്നു. ഹൃദയശുദ്ധി മനുഷ്യന്റെ കഴിവുകൊണ്ട് നേടുന്നതല്ല, അത് ദൈവത്തിന്റെ ദാനമാണ്. എന്നാൽ ആ ദാനം വിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ആത്മപരിശോധന, ഏറ്റുപറച്ചിൽ, മാനസാന്തരം, ദൈവവചന ധ്യാനം, ആരാധന പ്രാർത്ഥന—ഇവയെല്ലാം അനുദിനം ഹൃദയം തുടച്ചു വൃത്തിയാക്കുവാൻ സഹായിക്കുന്ന ആത്മീയ ശീലങ്ങളാണ്.
വസ്ത്രം വൃത്തിയായിരിക്കണം, വീട് മനോഹരമായിരിക്കണം, സമൂഹത്തിൽ നല്ല പ്രതിച്ഛായ ഉണ്ടായിരിക്കണം, ആത്മീയ അനുഷ്ഠാനങ്ങളിൽ മുടക്കം വരരുത്... തുടങ്ങിയ ബാഹ്യപ്രകടനങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ കൊടുക്കാറുള്ളത്.
എന്നാൽ ദൈവം ശ്രദ്ധിക്കുന്നത് ഹൃദയത്തിന്റെ അവസ്ഥയാണ്. മറ്റുള്ളവർ കാണാത്തിടത്താണ് ദൈവീക ഇടപെടലുകൾ നടക്കുന്നത്. അന്തരംഗത്തിലെ സ്നേഹം വിശുദ്ധമാണോ, ചിന്തകൾ നിർമ്മലമാണോ, തിരുവിഷ്ടം പ്രവർത്തികളിലൂടെ വെളിപ്പെടുന്നുണ്ടോ ... തുടങ്ങിയ ചോദ്യങ്ങൾ ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ടതാണ്.
'ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും...'
(1 കോറി. 13 : 12) എന്നതായിരുന്നു പൗലോസ് അപ്പസ്തോലന്റെ പ്രത്യാശ.
എങ്ങിനെയാണ് ഇപ്പോൾ അവ്യക്തമായി ദൈവത്തെ കാണുവാൻ കഴിയുക?
അനുദിന ജീവിത സംഭവങ്ങളിൽ ദൈവത്തിന്റെ കരുതൽ നമുക്ക് കാണുവാൻ കഴിയും. പരീക്ഷണങ്ങളിൽ അവിടുത്തെ സാന്ത്വന സാന്നിധ്യം തിരിച്ചറിയാൻ കഴിയും. കണ്ണുനീർ താഴ്വരയിലും കൃപയുടെ പ്രകാശം അനുഭവിക്കുവാൻ കഴിയും. അതെ, ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളിൽ പരിശുദ്ധാത്മാവിന്റെ സൂക്ഷ്മ സ്പർശങ്ങൾ പോലും നിർമ്മല ഹൃദയം തിരിച്ചറിയുന്നുണ്ട്.
ദാവീദ് ഈ ദിവ്യ സാന്നിധ്യം ആത്മാവിൽ അനുഭവിച്ചിരുന്നു :
'കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 16 : 8-9
ആത്മിയ ജീവിതത്തിൽ ഹൃദയവിശുദ്ധിയുടെ പ്രസക്തി പരമ പ്രധാനമാണ്. ക്ഷമിക്കപ്പെടാത്ത മുറിവുകളോ, ഉപേക്ഷിക്കാത്ത പാപങ്ങളോ, ദൈവത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്ന വിഗ്രഹങ്ങളോ ഹൃദയ വിശുദ്ധിക്ക് തടസ്സങ്ങളായേക്കാം. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിലേക്ക് അവയെ കൊണ്ടുവരണം. ഹൃദയം വിശുദ്ധമാകുമ്പോൾ ജീവിതം മാറും. ജീവിതം മാറുമ്പോൾ കൂടുതൽ സുതാര്യതയോടെ ദൈവ ദർശനം സാധ്യമാകും.
'നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തുസൂക്‌ഷിക്കുക;
ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്.'
സദൃ. 4 : 23
ഹൃദയവിശുദ്ധി ആയിരിക്കണം ഏറ്റവും പ്രധാനപ്പെട്ട ആത്മിയ അജണ്ട. കാരണം, ദൈവത്തെ കാണുന്ന കണ്ണുകൾ നമ്മുടെ ശരീരത്തിലല്ല, ഹൃദയത്തിലാണ്.
'ഇസ്രായേല്‍ സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്‌ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്‌ധനാണ്.'
ലേവ്യര്‍ 19 : 2
☆
-fr. dr. a. p. george
(Courtesy)