ജ്ഞാനികളിൽ ജ്ഞാനിയും വീണുപോയി

ദൈവത്തോട് ജ്ഞാനം അപേക്ഷിച്ച ശലോമോന് ദൈവം അതുല്യമായ ജ്ഞാനവും സമ്പത്തും മഹത്വവും നൽകി അനുഗ്രഹിച്ചു. അവന്റെ ജ്ഞാനം കേൾക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി. എന്നാൽ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ,  ശലോമോന് ആത്മീയ ട്രാക്ക് തെറ്റി.

എന്തുകൊണ്ട്?
ശലോമോന് വലിയ ആത്മീയ അനുഭവങ്ങൾ ഉണ്ടായിരുന്നു. ദൈവസന്നിധിയിലെ അനുഭവം, പ്രാർത്ഥനയ്ക്ക് ലഭിച്ച ഉത്തരം, ദൈവത്തിൽനിന്നുള്ള ജ്ഞാനം, വിജയങ്ങൾ, സമ്പത്ത്, പ്രശസ്തി—എല്ലാം അവന്റെ ജീവിതത്തിലുണ്ടായിരുന്നു.

എന്നാൽ അനുഭവങ്ങൾക്കൊപ്പം ചില തെറ്റായ ധാരണകളും വളർന്നിരിക്കാം:
“എനിക്ക് ഇത്രയും ജ്ഞാനമുണ്ട്; അതുകൊണ്ട് ഞാൻ തെറ്റിപ്പോകില്ല.”
“ദൈവം എന്നെ ഇത്രയധികം അനുഗ്രഹിച്ചല്ലോ; അതുകൊണ്ട് ഞാൻ സുരക്ഷിതനാണ്.”
“ശരിയും തെറ്റും തിരിച്ചറിയാൻ എനിക്ക് കഴിയും; അതുകൊണ്ട് എനിക്ക് വലിയ മുന്നറിയിപ്പുകൾ ആവശ്യമില്ല.”
ദൈവത്തിൽനിന്ന് ലഭിച്ച ജ്ഞാനം മാത്രം പോരാ; ആ ജ്ഞാനമനുസരിച്ച് ജീവിക്കാനുള്ള അനുസരണവും വേണം. ബുദ്ധി മാത്രം പോരാ, ദിവ്യ ശക്തിയും വേണം.
ശലോമോന്റെ ജീവിതം നൽകുന്ന ഗുണ പാഠങ്ങൾ.

ശലോമോന് ദൈവത്തിന്റെ കൽപ്പനകൾ അറിയാമായിരുന്നു. എന്നാൽ അറിവിന്റെ അഹങ്കാരം മൂലം  അവൻ അതിനുസരിച്ച് ജീവിച്ചില്ല. ദൈവത്തിന്റെ ന്യായപ്രമാണങ്ങൾ അനുസരിച്ചും സറണ്ടർ ചെയ്തും ജീവിക്കേണ്ട സാധാരണക്കാരനല്ല,  ജീനിയസ്സും ഹിസ് ഹൈനസ്സുമാണെന്ന 'ഇഗോ'  ബാബേൽ ഗോപുരമായി മനസ്സിൽ വളർന്നു കാണും. അനുഗ്രഹത്തിന്റെ അധിപതിയും അനന്ത കൃപാ പെരുംനദിയുമായ സർവശക്തൻ കലവറയില്ലാതെ അനുഗ്രഹിച്ചപ്പോൾ താൻ 'അതുക്കും മേലെ' ആണെന്ന് ചിന്തിച്ചു കാണും.
വിജാതീയരും ആയുള്ള ദാമ്പത്യ ബന്ധത്തെക്കുറിച്ച് ദൈവം വ്യക്തമായി മുന്നറിയിപ്പ്  നൽകിയിരുന്നു. എന്നാൽ ശലോമോൻ ആ മുന്നറിയിപ്പ് അവഗണിച്ചു.

“അവന്റെ ഭാര്യമാർ അവന്റെ ഹൃദയം അന്യദൈവങ്ങളിലേക്കു തിരിച്ചു” (1 രാജാക്കന്മാർ 11:4).

ശലോമോൻ ഒരു ദിവസംകൊണ്ട് ദൈവത്തിൽനിന്ന് അകന്നതല്ല. ചെറിയ വിട്ടുവീഴ്ചകൾ ക്രമേണ വലിയ വഴിതെറ്റലുകളായി മാറുകയായിരുന്നു. ആദ്യം ചില ബന്ധങ്ങൾ, പിന്നീട് ആ ബന്ധങ്ങളുടെ സ്വാധീനം, പിന്നെ ഹൃദയത്തിലെ മാറ്റം,  ഒടുവിൽ ദൈവാരാധനയിൽനിന്നും വിഗ്രഹാരാധനയിലേക്കുള്ള വ്യതിചലനം.
'ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും;
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.'
സദൃ. 14:12
ഇത് ശലോമോന്റെ മാത്രം ദുരന്ത കഥയല്ല. അനേകം വിവേകികൾക്കും ജ്ഞാനികൾക്കും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയാണ്.

നമുക്കുണ്ടായിട്ടുള്ള ആത്മീയ അനുഭവങ്ങൾ നല്ലതാണ്. എന്നാൽ ഇന്നലത്തെ അനുഭവം ഇന്നത്തെ വിശ്വസ്തതയ്ക്ക് ഉറപ്പുനൽകില്ല. ഒരിക്കൽ ദൈവം നമ്മെ ശക്തമായി ഉപയോഗിച്ചതുകൊണ്ട് ഇനി ഒരിക്കലും നാം വീഴില്ലെന്ന് കരുതാനാവില്ല. വർഷങ്ങളായി പ്രാർത്ഥിച്ചുവെന്നത് നാളെയും അതേ ആത്മാർത്ഥതയിൽ പ്രാർത്ഥിക്കുമെന്നതിനുള്ള ഉറപ്പല്ല.

ചിലപ്പോൾ നമ്മുടെ ഏറ്റവും വലിയ അപകടം നമ്മുടെ അനുഗ്രഹങ്ങൾ തന്നെയാകാം. അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ ദൈവത്തെ മറക്കുന്നതു മാത്രമല്ല അപകടം.  “ഇത്രയും അനുഗ്രഹിച്ച ദൈവം എന്നെ ഒരിക്കലും കൈവിടില്ല” എന്ന തെറ്റായ ധാരണയിൽ, ദൈവാശ്രയത്തിന്റെ  ആവശ്യകത  മറക്കുന്നതാണ് ഏറ്റവും വലിയ അപകടം.

ശലോമോന്റെ ജീവിതം നമ്മോട് വ്യക്തിപരമായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് :

എന്റെ ആത്മീയ അനുഭവങ്ങളും അനുഗ്രഹങ്ങളും എന്നെ ദൈവത്തോട് കൂടുതൽ അടുപ്പിച്ചിട്ടുണ്ടോ?
അതോ അനുഗ്രഹങ്ങളെ വിഗ്രഹങ്ങളായി ആരാധിച്ച് ദൈവാശ്രയത്തിൽ നിന്ന് അകന്നു പോയിട്ടുണ്ടോ?

“എനിക്ക് എല്ലാം അറിയാം” എന്ന അമിത ആത്മവിശ്വാസം
എന്നിലെ ആദ്യസ്നേഹം തണുത്ത് പോകാൻ കാരണമായിട്ടുണ്ടോ?

നമ്മുടെ കഴിഞ്ഞ കാലങ്ങളിലെ സമർപ്പണത്തിലും ആത്മീയ അനുഗ്രഹങ്ങളിലും  ആശ്രയിച്ച് ഇന്ന് ജീവിക്കുന്നത് അഭിലക്ഷണീയമല്ല. ഓരോ ദിവസവും  ദൈവത്തോട് ചേർന്ന് പുതിയ ആത്മീയ അനുഭവത്തിൽ,  വചനത്തിന്റെ വഴിയിൽ നടക്കണം.
'ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും.”
യോഹന്നാൻ 15:5-6

ശലോമോന്റെ പരാജയം നമുക്ക് നൽകുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ്?

നല്ല തുടക്കം മാത്രം പോരാ; നല്ല അവസാനവും വേണം.
വലിയ ജ്ഞാനം മാത്രം പോരാ; ദൈവഭയവും വേണം.
വലിയ ആത്മിയ അനുഭവങ്ങൾ മാത്രം പോരാ; തുടർച്ചയായ വിശ്വസ്തതയും വേണം.
അനുഗ്രഹങ്ങൾ മാത്രം പോരാ; അനുഗ്രഹദാതാവായ ദൈവത്തോടുള്ള ആത്മ ബന്ധവും വിധേയത്വവും  കാത്തുസൂക്ഷിക്കണം.

കർത്താവേ, എനിക്ക് ലഭിച്ച ജ്ഞാനത്തിൽ  മാത്രം  ആശ്രയിക്കാതെ, ആ ജ്ഞാനം അനുസരിച്ച് ജീവിക്കാനുള്ള വിനയവും കൃപയും തരണമേ. എന്റെ പഴയ ആത്മിയ അനുഭവങ്ങളിൽ മാത്രം അഭിമാനിക്കാതെ, ഓരോ ദിവസവും അങ്ങയെ ആശ്രയിച്ച് ജീവിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ധാരണകളല്ല, അവിടുത്തെ വചനമാകട്ടെ എന്റെ ജീവിത പാതയിലെ വഴികാട്ടി.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )