ഫെയ്ത്ഫുൾ മേരി

ദൈവത്തിനു സ്തോത്രം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ച് അതാണ് മറിയാമിനെ ഭാഗ്യവതി ആക്കിയ അനേകം കാര്യങ്ങളിൽ ഒരു കാര്യം.
എലിസബത്ത് പറഞ്ഞതുപോലെ കർത്താവിന്റെ അമ്മയായി ദൈവം നിയോഗിച്ചപ്പോൾ മോശയെ പോലെ പരിമിതികളുള്ള എന്നെക്കൊണ്ട് ഇതൊന്നും  മറ്റാരെയെങ്കിലും കണ്ടുപിടിക്കൂ എന്ന് പറഞ്ഞില്ല .
സക്കറിയാ പുരോഹിതനെ പോലെ അത്ഭുതം നടക്കുന്നതിനുള്ള അടയാളം കാണട്ടെ എന്നും പറഞ്ഞില്ല
വിളിച്ചത് വിശ്വസ്തനായ ദൈവം ആയതുകൊണ്ട് നിയോഗം പൂർത്തിയാക്കാനുള്ള കൃപയും ശക്തിയും തരുമെന്ന് മേരി മാതാവ് വിശ്വസിച്ചു.
ഉപാധികളില്ലാതെ നിസ്സംശയം വിശ്വസിക്കാനുള്ള അത്ഭുതസിദ്ധി മറിയാമിനുണ്ടായിരുന്നു. അതുകൊണ്ട് പുൽക്കൂട് മുതൽ ഗോഗുൽത്താ വരെയുള്ള സഹന യാത്രയിൽ വിളിച്ചവനിൽ പ്രത്യാശ വെച്ച്,  സധൈര്യം ചുവടുറപ്പിച്ച്,  അവൾ നടന്നു.
മഹാനഗരത്തിലെ തെരുവു കോളനിയിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച കുടിലിലാണ് ഒരമ്മയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ജീവിച്ചിരുന്നത്. ഭർത്താവ് ലഹരി ആസക്തനാണ്.  ഒരിക്കൽ ഒരു സുവിശേഷകൻ കുടിലിൽ വന്ന് 'ആദ്യം അവന്റെ  രാജ്യവും നീതിയും അന്വേഷിച്ചാൽ ബാക്കിയെല്ലാം കിട്ടു'മെന്ന് ഉപദേശിച്ചു.  ഒരു ബൈബിളും കൊടുത്തു. സുവിശേഷകന്റെ വാക്ക് ചോദ്യം ചെയ്യാതെ അവൾ വിശ്വസിച്ചു,  ക്രിസ്തുവിനെ അനുഗമിച്ചു. അവൾക്ക് സഹായഹസ്തങ്ങളുമായി അനേകം  ദൈവമക്കൾ എത്തി. കുഞ്ഞുങ്ങൾ പഠിച്ച മിടുക്കിയായി. പ്രിയപ്പെട്ടവന് സുബോധമുണ്ടായി. കുടുംബം സുഖമായി.  ഭൗതികവും ആത്മീയവുമായ അനുഗ്രഹങ്ങളുടെ പെരുമഴക്കാലം ആയി തീർന്നു ജീവിതം. കർത്താവ് അരുളിച്ചെയ്തത് നിവർത്തിയാകുമെന്ന് ആ ക്രൈസ്തവ അമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞപ്പോൾ അനുഗ്രഹങ്ങളുടെ വാതിൽ തുറന്നു. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ സത്യമാണെന്ന് വിശ്വസിച്ച് ആ വഴിയിലൂടെ നടന്ന  ആർക്കും  നിരാശപ്പെടേണ്ടി വന്നിട്ടില്ല.
വ്യക്തിപരമായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ നിവൃത്തിക്കാൻ  അപര്യാപ്തരാണെന്ന് ചിന്തിച്ചു ഒരിക്കലും വ്യാകുലപ്പെടരുത്,   പിന്മാറരുത്,  ഒളിച്ചോടരുത്. ദൈവത്തിൽ പ്രത്യാശ വെച്ച് മുമ്പേ  അവന്റെ  രാജ്യവും നീതിയും അന്വേഷിച്ചു  ജീവിത യാത്ര തുടർന്നാൽ ബാക്കിയെല്ലാം കർത്താവ് കരുതിക്കൊള്ളും.  സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ വരുമ്പോൾ സർവ്വശക്തൻ കൈപിടിച്ചു നടത്തും,  കൈ നിറച്ചു തരും. വിളിച്ചവൻ വിശ്വസ്തൻ ആണ്.  ഒരിക്കലും അനാഥരായി വിടില്ല.
ഫിലിപ്പിയ ലേഖനം ഒന്നാം അദ്ധ്യായം ആറാം വാക്യം ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ  ഉറപ്പാണ്:
'നിങ്ങളിൽ സൽപ്രവർത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിനെ ദിനം ആകുമ്പോഴേക്കും അത് പൂർത്തിയാക്കുമെന്ന്ഉറച്ചു വിശ്വസിക്കണം'.
നമ്മുടെ ജീവിതത്തിൽ നിവൃത്തി ആകാൻ ദൈവം പല ശുഭ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിച്ച് യാത്ര തുടർന്നാൽ എല്ലാം അനുഗ്രഹമായി നിവർത്തിച്ചു തരും. ഇതാണ് ദൈവ മാതാവിന്റെ സാക്ഷ്യം.

-ഫാ. ഡോ. ഏ. പി. ജോർജ്