നിരപരാധികൾ അനുഭവിക്കുന്ന പീഡനങ്ങളും അപമാനങ്ങളും ഒക്കെ ദൈവം അനുഗ്രഹവും അഭ്യുന്നതിയും ആയി രൂപാന്തരപ്പെടുത്തുമെന്ന വലിയ ജീവിതഗന്ധിയായ സാക്ഷ്യമാണ് പഴയ നിയമത്തിലെ ജോസഫിന്റെ ജീവിതം.
യാതൊരു തെറ്റും ചെയ്യാതെ താൻ അനുഭവിച്ച ജീവിത സഹനങ്ങൾക്ക് പിന്നിൽ വലിയ ദൈവ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞ ജോസഫ് തന്റെ സഹോദരന്മാരോട് പറഞ്ഞു : ' നിങ്ങൾ വിഷമിക്കേണ്ട ദൈവമാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.'
പ്രതികാരത്തിനായി തേരോട്ടം നടത്തുന്ന മനുഷ്യർക്കിടയിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നന്മ നിറഞ്ഞ മനുഷ്യർ എത്ര അപൂർവ്വമാണ് അല്ലേ?
ഈ ദർശനം ഉൾക്കൊണ്ടാണ് പൗലോസ് അപ്പോസ്തോലൻ പറഞ്ഞത്:
'അതെ, ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്‌ക്കായി രൂപാന്തരപ്പെടുത്തുന്നു.'
റോമാ 8 : 28
യഥാസ്ഥാനപ്പെടുത്തുന്ന ഒരു ദൈവം നമുക്കുള്ളതുകൊണ്ട്, നമ്മൾ ഏതെല്ലാം നിസ്സഹായ സാഹചര്യങ്ങളിൽ തള്ളിയിടപ്പെട്ടാലും ഒരു ഉയർത്തെഴുന്നേൽപ്പ് നമുക്ക് ഉണ്ടാകും. ഈ പ്രത്യാശയുമായി നമുക്ക് പുതുവർഷത്തിലേക്ക് ചുവട് വയ്ക്കാം.
ദുരാരോപണങ്ങളിലും അപമാനങ്ങളിലും ദൈവത്തിന്റെ ദിവ്യ പരിപാലനം ഉണ്ടാകുമെന്ന് ജോസഫ് വിശ്വസിച്ചു. പൊത്തിഫെറിന്റെ ഭാര്യയുടെ പ്രലോഭനങ്ങളിൽ നിന്ന് ജോസഫ് ഓടി അകന്നത് ദൈവത്തിന് പ്രീതികരമായി. നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നിട്ടും ജോസഫ് കരാഗ്രഹത്തിൽ ആയി. പക്ഷേ ദൈവം കാരാഗ്രഹത്തിൽ ജോസഫിനോട് കൂടെ ഉണ്ടായിരുന്നു എന്നാണ് തിരുവചനം പറയുന്നത്.
ദൈവത്തിന്റെ ന്യായപ്രമാണങ്ങളിൽ അടിയുറച്ച് നിൽക്കുന്നവരെ തകർക്കാൻ ആരോപണങ്ങൾക്കും ഗോസിപ്പുകൾക്കും കഴിയില്ല. സത്യം ഒടുവിൽ പുറത്തുവരും.
ജീവിത സഹനങ്ങൾ മഹത്വത്തിലേക്കുള്ള ചുവടുവെപ്പ് ആണെന്നാണ് പത്രോസ് അപ്പോസ്തലന്റെ സാക്ഷ്യം:
'അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്‌ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും.
തെറ്റുചെയ്‌തിട്ട് അടിക്കപ്പെടുമ്പോള്‍ ക്‌ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്‍മ ചെയ്‌തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.'
1 പത്രോസ് 2 : 19-20
ജോസഫിന്റെ കരാഗ്രഹം ജീവിതം ഉന്നത പദവിയിലേക്കുള്ള പരിശീലന ക്ലാസ് റൂം ആയിരുന്നു. നേതൃത്വവരം നൽകുന്നവരെ ദൈവം ഒറ്റപ്പെടുത്തി ശക്തരും പ്രബുദ്ധരും ആക്കും. മോശയും ദാവീദും പൗലോസുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.
കഴിഞ്ഞവർഷം ദുഷി, നിന്ദ, പരിഹാസങ്ങൾ ഏറ്റവർക്കുള്ള ദൈവത്തിന്റെ മെസ്സേജ് വളരെ ശ്രദ്ധയോടെ വായിക്കേണ്ടതാണ്: പ്രിയ കുഞ്ഞേ, ഞാൻ നിന്നെ തള്ളിക്കളഞ്ഞിട്ടില്ല, വിശുദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്.
I was refining you not rejecting you.
ദൈവത്തിന്റെ മറുപടിയും ഇടപെടലും വൈകുമ്പോൾ ദൈവം മറന്നു കളഞ്ഞു എന്ന് ചിന്തിച്ച് വ്യാകുലപ്പെടരുത്.
പാനപാത്ര വാഹകന്റെ സ്വപ്നം വ്യാഖ്യാനിച്ചു കൊടുത്തപ്പോൾ, നിനക്ക് നല്ലകാലം വരുമ്പോൾ എന്റെ നിരപരാധിത്വവും നിസ്സഹായതയും ഓർക്കണം എന്ന് ജോസഫ് അവനോട് പറഞ്ഞിരുന്നു. പക്ഷേ അവനത് മറന്നു. അത് നന്ദി ഇല്ലായ്മയായി തോന്നിയേക്കാം. പക്ഷേ സ്വർഗ്ഗമാണ് ആ മറവിയിലൂടെ കാല താമസം ഉണ്ടാക്കിയത്. ആരുടെയെങ്കിലും കാരുണ്യം കൊണ്ട് ജോസഫ് കരാഗ്രഹത്തിൽ നിന്ന് വിമോചിതനായിരുന്നെങ്കിൽ വീണ്ടും അടിമയായി തുടരേണ്ടി വരുമായിരുന്നു. രാജാവിന്റെ സ്വപ്നസമയം വരെ കരാഗ്രഹത്തിൽ തുടർന്നതുകൊണ്ട് സെലിബ്രിറ്റിയായി കരാഗ്രഹത്തിൽ നിന്ന് പുറത്തുവരുവാൻ കഴിഞ്ഞു. ദൈവത്തിന്റെ ശിക്ഷയെന്ന് നാം ചിന്തിക്കുന്ന ചില കാലതാമസങ്ങൾ ദൈവം നമ്മെ ഒരുക്കുന്ന സമയങ്ങളാണ്.
'ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ലെന്നാണ്
(ഹബക്കുക്ക് 2 : 3) പ്രവാചകന്റെ സാക്ഷ്യം
സങ്കീർത്തനക്കാരന്റെ ജീവിതാനുഭവങ്ങളിലൂടെ നമുക്ക് നൽകുന്ന ഉപദേശം വളരെ ശ്രദ്ധയോടെ നമ്മൾ കേൾക്കണം:
'ഒരുവനെ താഴ്‌ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്.'
സങ്കീര്‍ത്തനങ്ങള്‍ 75 : 6-7
ദൈവം നൽകുന്ന മഹത്വത്തിലേക്കുള്ള യാത്രയ്ക്ക് നമ്മുടെ മനസ്സിലെ പരിഭവത്തിന്റെയും പ്രതികാരത്തിന്റെയും ഫയലുകൾ പലപ്പോഴും തടസ്സമായേക്കാം. ഈ ആത്മീയ മർമ്മം ജോസഫിന് അറിയാമായിരുന്നു. സഹന ജീവിതകാലത്ത് തന്നെ മുറിവേൽപ്പിച്ച സഹോദരന്മാർ, പൊത്തിഫെറിന്റെ ഭാര്യ, തന്നെ മറന്ന പാനപാത്ര വാഹകൻ തുടങ്ങിയവരോട് പരിഭവവും പ്രതികാരചിന്തയുമില്ലാതെയാണ് ജോസഫ് കൊട്ടാരത്തിലെ മഹത്വത്തിലേക്ക് ചുവട് വച്ചത്. കടക്കാരോട് ക്ഷമിച്ചപ്പോൾ ജോസഫ് ദൈവത്തിന്റെ ഇഷ്ടമാനസനായി, പ്രതികാര ചിന്തകളിൽ നിന്ന് സ്വതന്ത്രനായി. കടക്കാരോട് ക്ഷമിക്കുമ്പോൾ കർത്താവ് നമ്മെ മഹത്വത്തിന്റെ പടവുകളിലൂടെ കൈപിടിച്ച് നടത്തും.
അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ മാപ്പ് കൊടുക്കുന്നതിനെ പറ്റി വളരെ പ്രധാനപ്പെട്ട ഒരു ഉപദേശം നമുക്ക് നൽകിയിരിക്കുന്നത്:
'സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടും കൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.
ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.'
എഫേ. 4 : 31-32
ദൈവത്തിന്റെ അനുഗ്രഹങ്ങളും ദൈവം നൽകുന്ന മഹത്വവും നഷ്ടപ്പെടാതിരിക്കാൻ അപ്പോസ്തലൻ നമുക്ക് തരുന്ന വിസ്മയ ഉപദേശം പുതുവർഷത്തിൽ വളരെ ശ്രദ്ധയോടെ അനുസരിക്കേണ്ടതാണ്:
'ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്‌പരം ക്‌ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്‌ഷമിച്ചതുപോലെതന്നെ നിങ്ങളും ക്‌ഷമിക്കണം
സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.'
കൊലോ. 3 : 12-14
ദൈവം നമുക്ക് വിസ്മയമയകരമായ അനുഗ്രഹങ്ങൾ നൽകുവാൻ പോകുന്ന ഈ പുതുവർഷത്തിൽ മനസ്സിലെ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും പിണക്കത്തിന്റെയും ഫയലുകൾ നമുക്ക് ഡിലീറ്റ് ചെയ്യാം.
നമ്മുടെ ജീവിതത്തിൽ കഴിഞ്ഞ കാലങ്ങളിൽ ദുരന്തങ്ങളും മുറിവുകളും ഉണ്ടാക്കിയവർക്ക് ക്രിസ്തുവിന്റെ നാമത്തിൽ മാപ്പ് കൊടുക്കാം. ജോസഫിനെ പോലെ നമുക്ക് പറയാം: 'നിങ്ങൾ വിഷമിക്കേണ്ട, ദൈവം നടത്തിയ വഴികൾ ആയിരുന്നു അതൊക്കെ.' God was behind it.
തന്നെ മുറിവേൽപ്പിച്ചവരുടെ പാപങ്ങൾ ക്ഷമിക്കുവാൻ കർത്താവ് ക്രൂശിൽ പ്രാർത്ഥിച്ചു. കർത്താവ് പഠിപ്പിച്ച അവസാനത്തെ പ്രാർത്ഥനയായിരുന്നു അത്. പുതുവർഷത്തിന്റെ വാതുക്കൽ നിൽക്കുന്ന നമുക്കും ഈ പ്രാർത്ഥന ചൊല്ലാം. കടക്കാർക്ക് മാപ്പ് കൊടുക്കാം. കഴിഞ്ഞകാലങ്ങളിലെ വേദനയും മുറിവുകളും പരിഭവങ്ങളും കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ച്, പുതുവർഷത്തിൽ ദൈവം തരുവാൻ പോകുന്ന മഹത്വത്തിലേക്ക് നമുക്ക് ചുവട് വയ്ക്കാം.
എല്ലാ ദുരന്താനുഭവങ്ങളും കർത്താവിന്റെ നിയന്ത്രണത്തിലാണ്, കർത്താവ് അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല, എല്ലാം നന്മയ്ക്കായി രൂപാന്തരപ്പെടുത്തുവാൻ കഴിയുന്ന കർത്താവിൽ ഹൃദയം ഉറപ്പിച്ച് പ്രത്യാശയോടെ പുതുവർഷത്തിൽ നമുക്ക് ചുവട് വയ്ക്കാം.
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ദൈവത്തിന്റെ ദിവ്യ പരിപാലനത്തിന്റെ ഭാഗമാണ്. അത് നമ്മെ തകർക്കുവാനല്ല, പുതുക്കി പണിയുവാനും വിസ്മയ അനുഗ്രഹങ്ങളിലേക്ക് നടത്തുവാനുമാണ്. ജീവിത സഹനങ്ങളിലൂടെ പുതിയ ദർശനങ്ങളും ദൈവാശ്രയ ബോധവും സ്വഭാവ രൂപീകരണവും നൽകുന്ന ദൈവത്തിന് സ്തോത്രം. ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ 25 വർഷം അനുഗ്രഹമായി ചുവട് വയ്ക്കാൻ ബലവും ശക്തിയും കൃപാവരങ്ങളും നൽകി അനുഗ്രഹിച്ച ദൈവത്തിന് സ്തോത്രം ഹല്ലേലൂയാ!
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )