ദൃഡനിശ്ചയം

                     പ്രതിബന്ധങ്ങൾക്കും  ഭയത്തിനും പരാജയത്തിനും കെടുത്തുവാൻ കഴിയാത്ത മനസ്സിനകത്തെ തീയാണ് 'ദൃഢനിശ്ചയം'. വിസ്മയ നേട്ടങ്ങൾക്ക് മനുഷ്യനെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണിത്. 

 ആശയങ്ങളെ സ്ഥാപനങ്ങളായും സ്വപ്നങ്ങളെ നിത്യ സ്മാരകങ്ങളായും സാധാരണ ജീവിതങ്ങളെ അസാധാരണ മാതൃകകളായും മാറ്റുന്ന  വിസ്മയ വ്യക്തിത്വ ചേരുവയാണ്  ദൃഢനിശ്ചയം. സമുന്നത ലക്ഷ്യത്തോടുള്ള അചഞ്ചല പ്രതിബദ്ധതയാണിത്.

മനശ്ശാസ്ത്രത്തിൽ  ഇത് 'മനോധൈര്യം'  എന്ന ആശയവുമായി ചേർന്ന് നിൽക്കുന്നു. 
ദീർഘകാല ലക്ഷ്യങ്ങൾക്കായുള്ള അഭിനിവേശവും സ്ഥിരോൽത്സാഹവും ഈ സ്വാഭാവത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന്, മനശ്ശാസ്‌ത്രജ്ഞയായ ആഞ്ചല ഡക്ക്വർത്ത് പറയുന്നു. ദൃഢനിശ്ചയമുള്ള സാധാരണക്കാർക്ക് പോലും പരിശ്രമങ്ങളിലൂടെ ഉന്നത ലക്ഷ്യങ്ങളിൽ എത്തുവാൻ കഴിയുമെന്നാണ് അവരുടെ നിരീക്ഷണം.
ദൃഢനിശ്ചയം മനസ്സിന് ദിശാബോധവും ആത്മാവിന് ഇന്ധനവും നൽകുന്നു. ഇത് വ്യക്തികളെ കർമ്മ നിരതരാക്കുവാനും, തിരിച്ചടികളിൽ നിന്ന് കരകയറാനും,  ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

ദൃഢനിശ്ചയമുള്ളവരെ പരാജയപ്പെടുത്താൻ പരാജയങ്ങൾക്കാവില്ല. സാധ്യതകളെ മുൻകൂട്ടി കാണുവാനുള്ള പ്രത്യേക സിദ്ധിയും അതിലേക്ക് വഴിയൊരുക്കുവാനുള്ള സൃഷ്ടിപരമായ ചിന്തകളും കൊണ്ട് അനുഗ്രഹീതരാണ് ഇവർ.

ബൈബിളിൽ  ഇത്തരം അനേകം പ്രതീകങ്ങളുണ്ട്. യെരുശലേമിന്റെ മതിലുകൾ പണിയുവാൻ തയ്യാറായ നെഹെമ്യാവിന്റെ ജീവിതം ദൃഢനിശ്ചയത്തിന്റെ മാതൃകയാണ്— പരിഹസിച്ച ശത്രുകളോട് അദ്ദേഹം പറഞ്ഞു: 'ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്‌; ഇതിൽ നിന്നും പിന്മാറുവാൻ എനിക്കാവില്ല. '  ദൃഢനിശ്ചയത്തോടെയുള്ള  52 ദിവസത്തെ കഠിന അധ്വാനം കൊണ്ട് അദ്ദേഹം യെരുശലേമിന്റെ മതിലുകൾ പുതുക്കിപണിതു.
മനുഷ്യന്റെ വീണ്ടെടുപ്പ് നിയോഗ നിർവഹണത്തിനായി, ദൃഢനിശ്ചയത്തോടെ കുരിശും ചുമന്ന് കാൽവരി ബലി പീഠത്തിലേക്ക് ക്രിസ്തു നടന്നു!

ലോകചരിത്രത്തിലും ഇത്തരം അനേകം ഉദാഹരണങ്ങൾ ഉണ്ട്. അന്ധതയും ബധിരതയും തരണം ചെയ്ത്, ഹെലൻ കെല്ലർ  വെളിച്ചവും ശബ്ദവും നഷ്ടപ്പെട്ടവർക്ക് പുതിയൊരു ലോകം സൃഷ്ടിച്ചു.  
ഇരുപത്തി ഏഴ് വർഷത്തെ ജയിൽശിക്ഷ സഹിച്ച്, നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ഏകത്വത്തിനായി നിലകൊണ്ടു.  നിരാശക്കും വിജയത്തിനും ഇടയിലുള്ള  പാലമാണെന്ന് ദൃഢനിശ്ചയം എന്ന സമുന്നത ദർശനം അദ്ദേഹം ലോകത്തിന് നൽകി.  

-ഫാ. ഡോ. ഏ. പി. ജോർജ്