ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്‌ഷ.'
സങ്കീര്‍ത്തനങ്ങള്‍ 68 : 19
ദുർബലരെയും എളിയവരെയും ഭാരം ചുമപ്പിക്കുന്ന ഹൃദയ ശൂന്യരായ മനുഷ്യർ അനവധിയാണ്. പ്രതികരണശേഷിയില്ലാത്ത സാധുക്കളുടെ മേൽ കർക്കശമായ നീതി ന്യായങ്ങളും നിർബന്ധങ്ങളും അടിച്ചേൽപ്പിക്കുന്ന അധികാരികളാണ് മത-രാഷ്ട്രീയ മേഖലകളിൽ അധികവും. അധികാര കേന്ദ്രങ്ങളിൽ പിടിപാടുള്ളവർക്ക് ഇത്തരം നിയമ വ്യവസ്ഥകൾ ബാധകമല്ല.
വൈകാരിക സംഘർഷങ്ങളുടെയും പീഡനങ്ങളുടെയും വൻ ചുമടുകൾ മക്കളുടെയും ജീവിതപങ്കാളികളുടെയും മേൽ കെട്ടിവയ്ക്കുന്നവരും അനവധിയാണ്.
ജീവിത ഭാരങ്ങളും പാപഭാരങ്ങളും ചുമന്നു തളരുന്നവരെ, നിങ്ങൾ തനിച്ചല്ല, താങ്ങും കരങ്ങൾ നിങ്ങൾക്ക് പിന്നിലുണ്ട്. നിങ്ങൾക്കുള്ള സമാശ്വാസത്തിന്റെ അത്താണിയാണ് കുരിശു ചുമന്ന നമ്മുടെ യേശുക്രിസ്തു.
'നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.'
സങ്കീര്‍ത്തനങ്ങള്‍ 55 : 22
'നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്‌ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്‌ഷിക്കുകയും ചെയ്യും.'
യെശയ്യാ 46 : 4
'അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.' 1 പത്രൊസ് 5:7
'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.'
മത്തായി 11 : 28-29
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ