"നിങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിപ്പിൻ." (1 പത്രോസ് 5:2).
പത്രോസ് ഇടയന്മാർക്ക് നൽകുന്ന വളരെ പ്രധാനപ്പെട്ട ഉപദേശമാണിത്. 'നിങ്ങളുടെ ആട്ടിൻകൂട്ടം' എന്നല്ല, 'ദൈവത്തിന്റെ ആട്ടിൻകൂട്ടം' എന്നാണ് ഇവിടെ പറയുന്നത്. ഇത് സഭയിലെ ശുശ്രൂഷകർക്കു മാത്രമല്ല, ഓരോ ക്രിസ്തീയ മാതാപിതാക്കൾക്കും കൂടിയുള്ള ഉപദേശമാണ്.
നമ്മുടെ മക്കൾ നമ്മുടെ 'പേഴ്സണൽ പ്രൈവറ്റ് പ്രോപ്പർട്ടി' അല്ല. പരിപോഷിപ്പിച്ചു വളർത്തുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്ന അമൂല്യ താലന്തുകളാണ്. അവരുടെ ശരീരത്തിന്റെയും ആത്മാവിന്റെയും ഉത്തരവാദിത്വം ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുകയാണ്. ദൈവം ദാനമായി നൽകിയ മക്കളുടെ പേരെന്റിങ്ങിനെപറ്റി ഒരുനാൾ ദൈവസന്നിധിയിൽ മാതാപിതാക്കൾ കണക്ക് ബോധിപ്പിക്കേണ്ടിവരും. നമ്മുടെ പേരെന്റിംഗ് നിയോഗത്തിൽ ജാഗ്രത ഉള്ളവരായിരിക്കുവാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയും ആണ് ഈ വേദഭാഗം.
മക്കൾക്ക് മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും സുരക്ഷിതമായ ഭാവിയും നൽകുവാൻ കഠിനമായി അധ്വാനിക്കുന്നവരാണ് മാതാപിതാക്കൾ. അത് അഭിലക്ഷണീയമാണ്. അതോടൊപ്പം നിത്യതയ്ക്ക് വേണ്ടി അവരെ ഒരുക്കുവാനും ഉള്ള നിയോഗം മാതാപിതാക്കൾ മറന്നു പോകാതിരിക്കേണ്ടതാണ്. ജോലി നേടാൻ പരിശീലിപ്പിക്കുന്നതിനേക്കാൾ പ്രധാനമാണ് ക്രിസ്തുവുമായി ആത്മബന്ധം സ്ഥാപിക്കുവാൻ പഠിപ്പിക്കുന്നത്. ലോക വിജയം നേടുവാനുള്ള സോഷ്യൽ സ്കിൽ ട്രെയിനിങ്ങിനേക്കാൾ പ്രധാനമാണ് ദൈവസന്നിധിയിൽ വിശുദ്ധരും വിശ്വസ്തരുമായി നിൽക്കാൻ അവരെ ഒരുക്കുന്നത്.
"ഈ വചനങ്ങൾ... നിന്റെ മക്കളെ ഉത്സാഹത്തോടെ പഠിപ്പിക്കണം." എന്നാണ് ആവർത്തനപുസ്തകം 6:6–7 ലെ ദൈവ കൽപ്പന.
"കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും മക്കളെ വളർത്തണമെന്നാണ് പൗലോസ് അപ്പോസ്തോലന്റെ എഫെസ്യർ 6:4 ലെ ഉപദേശം. ആത്മിയ വിദ്യാഭ്യാസവും പരിശീലനവും സഭയുടെ മാത്രം ഉത്തരവാദിത്വമല്ല, അത് പ്രഥമമായി മാതാപിതാക്കൾക്കുള്ള ദൈവ നിയോഗമാണ്. അക്ഷരങ്ങൾ പഠിക്കുന്നതിനു മുമ്പ് കുട്ടികൾ വായിച്ചു തുടങ്ങുന്ന ബൈബിൾ മൂല്യങ്ങളാണ്, മാതാപിതാക്കളുടെ പ്രാർത്ഥനാ ജീവിതം, ജീവിത വിശുദ്ധി, ക്ഷമ, സ്നേഹം, സത്യസന്ധത തുടങ്ങിയവയൊക്കെ.
മാതാപിതാക്കളുടെ വാക്കുകളേക്കാൾ മക്കൾ കൂടുതൽ ശ്രദ്ധിക്കുന്നതും അനുകരിക്കുന്നതും അവരുടെ ജീവിതമാണ്. മാതാപിതാക്കൾ ദൈവത്തെ ആശ്രയിക്കുന്നതു കാണുമ്പോൾ മക്കൾ വിശ്വാസം പഠിക്കുന്നു. ക്ഷമ ചോദിക്കുന്നതു കാണുമ്പോൾ മക്കൾ വിനയം പഠിക്കുന്നു. പ്രാർത്ഥിക്കുന്നതു കാണുമ്പോൾ മക്കൾ ദൈവത്തെ അന്വേഷിക്കാൻ പഠിക്കുന്നു.
മക്കൾക്ക് മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ പാരമ്പര്യം ക്രിസ്തുവിൽ ആശ്രയിക്കുകയും ക്രിസ്തുവിനെ സ്നേഹിക്കുന്കയും ചെയ്യുന്ന ജീവിത മാതൃകയാണ്. ഒരുനാൾ നമ്മുടെ മക്കൾ നമ്മളിൽ നിന്ന് അകന്നു പോകും. അന്ന് അവരുടെ ആശ്രയം യേശു കർത്താവിൽ ആണെങ്കിൽ, ജീവിത പ്രതിസന്ധികളിൽ അവർ ആശ്വാസം അനുഭവിക്കും. വഴിതെറ്റാതെ ജീവന്റെ വഴിയിലൂടെ വിജയകരമായ ആത്മീയയാത്ര തുടരും.
ഇന്നത്തെ അതിവേഗ ശാസ്ത്ര-സാങ്കേതിക ലോകത്ത്, മക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് മാതാപിതാക്കൾ മാത്രമല്ല, മൊബൈൽ ഫോണുകളും, സോഷ്യൽ മീഡിയയും, നിർമ്മിത ബുദ്ധിയും, ഡിജിറ്റൽ സംസ്കാരവും ഒക്കെ അവരുടെ ചിന്തകളെയും മൂല്യങ്ങളെയും ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിസ്തീയ മാതാപിതാക്കളുടെ ദൗത്യം കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. മക്കളുടെ കൈകളിൽ ഒരു സ്മാർട്ട്ഫോൺ കൊടുക്കുന്നതിനേക്കാൾ പ്രധാനമാണ് അവരുടെ ഹൃദയത്തിൽ ദൈവവചനം നട്ടുവളർത്തുന്നത്. ലോകവുമായി ബന്ധപ്പെടാനുള്ള സാങ്കേതികവിദ്യ, മാതാപിതാക്കൾ പഠിപ്പിച്ചില്ലെങ്കിൽ പോലും കുട്ടികൾ പഠിച്ചോളും. എന്നാൽ, ശാഖ മുന്തിരി തണ്ടിൽ വസിക്കുന്നതുപോലെ, ക്രിസ്തുമായുള്ള ആത്മബന്ധത്തിൽ ജീവിക്കുന്ന ആത്മീയ ശൈലി കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. നമ്മുടെ മക്കളുടെ ഭാവി നിർണയിക്കുന്നത് ടെക്നോളജി മാത്രമല്ല, അവരുടെ ഹൃദയത്തിൽ എഴുതപ്പെടുന്ന തിരുവചനവും വിശ്വാസവുമാണ്.
അതുകൊണ്ട്, ഭവനങ്ങൾ ചെറിയ സഭകളായും, നമ്മുടെ ജീവിതം ജീവിക്കുന്ന സുവിശേഷമായും, നമ്മുടെ മക്കൾ ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായും വളരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
☆
-ഫാ. ഡോ. ഏ. പി. ജോർജ്