അഴിമതിക്കാരുടെ ക്ഷുദ്രമനസ്സ്

              
                    വളരെ പ്രധാനപ്പെട്ട സേവന ഉത്തരവാദിത്വങ്ങളാണ്  സ്റ്റേറ്റ്,  സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. അവർക്കിടയിൽ നിലനിൽക്കുന്ന അഴിമതിയും കൈക്കൂലിയും വളരെ നിർഭാഗ്യകരമാണ്. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. ചിലർ അങ്ങനെയാകുന്നതിന്റെ പിന്നിൽ അവരുടെ രോഗബാധിത വ്യക്തിത്വത്തിന്റെ സ്വാധീനം ശ്രദ്ധേയമാണ്.

ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ തങ്ങൾ അർഹിക്കുന്നു എന്ന ചിന്താഗതിക്കാരാണ് പല ഉദ്യോഗസ്ഥരും.  ഇതിനെ 'അർഹതാ മനോഭാവം' (entitlement mentality) എന്ന് വിളിക്കാം. അവരുടെ സേവനത്തിന് ജനം അഡീഷണൽ പണം കൊടുക്കാൻ   ബാധ്യസ്ഥരാണ് എന്നാണ് അവർ ചിന്തിക്കുന്നത്. അതുകൊണ്ട് സ്വന്തം ധിക്കാര മനോഭാവവും അഴിമതിയും അവർ ന്യായീകരിക്കുന്നു.

' എല്ലാവരും കൈക്കൂലി വാങ്ങുന്നുണ്ട്,  അത് ഞാനും ചെയ്യുന്നു, അത് വലിയ അപരാധമല്ല' എന്ന ചിന്തയാണ്‌ പലർക്കും.  തെറ്റിന്റെ കാഠിന്യം കുറച്ചു കാണുവാനും കുറ്റബോധം ഒഴിവാക്കുവാനും ഈ ധാർഷ്ട്യ ചിന്ത കാരണമാകുന്നു. തന്റെ അധാർമിക പ്രവർത്തിമൂലം  മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ചിന്തിക്കാൻ കഴിയാത്ത 'മോറൽ ഡിസ് എൻഗേജ്മെന്റ് ' ആണ് ഇവരുടെ പ്രശ്നം.

മറ്റുള്ളവരുടെ കഷ്ടപ്പാടുകളും നിസ്സഹായതയും കാണുവാൻ കഴിയാത്ത,  മനുഷ്യത്വം വറ്റിയുണങ്ങിയ 'നാർസിസ്റ്റ്' വ്യക്തിത്വമാണ് അഴിമതിക്കാരുടേത് . അതുകൊണ്ട്, സ്വന്തം സുഖസൗകര്യങ്ങളിൽ മാത്രം താല്പര്യമുള്ള  ഇവർ പാവപ്പെട്ട രോഗികളിൽ നിന്ന് പോലും ചില്ലി കാശ് പിടിച്ചു വാങ്ങുന്ന കരാള മനസ്കരാണ് .

ഒന്നിലും തൃപ്തിയില്ലാത്ത അത്യാർത്തി നിറഞ്ഞ മനസ്സ് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ആർഭാടങ്ങളോടും ഭൗതിക നേട്ടങ്ങളോടും ആസക്തിയുള്ള ഇവരുടെ  മനസ്സെപ്പോഴും വെട്ടിപിടിക്കുവാനുള്ള ആവേശത്തിലായിരിക്കും.

ദുർബലരെയും കഴിവു കുറഞ്ഞവരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന അധിനായക അതിക്രമക്കാരാണ് അഴിമതിക്കാർ. ഇരകളെ ഭീഷണിപ്പെടുത്തി കെണിയിൽ വീഴ്ത്തുവാനുള്ള  കപട തന്ത്രങ്ങളിൽ ഉന്നത ബിരുദം നേടിയവരാണ് ഇവർ. 

അഴിമതിക്കാരുടെ ഓഹരി പറ്റുന്ന അധികാരനേതൃത്വം ഇവരുടെ ദുഷ് പ്രവർത്തിക്ക് അനുകൂല ഘടകങ്ങളാണ്.  നിയമത്തിന്റെ പിടിയിലായാൽ  വൻ കോഴ കൊടുത്തു രക്ഷപ്പെടാമെന്നുള്ളതുകൊണ്ട് അഴിമതിക്കാർക്ക് നിയമത്തെ തീരെ  ഭയമില്ല,  ആരോടും കടപ്പാടും ഇല്ല.

അഴിമതിക്കാർ അധികാരസ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രതിസന്ധികൾ അനവധിയാണ് :
ജനങ്ങൾക്ക് ഗവൺമെന്റിലുള്ള വിശ്വാസം നഷ്ടപ്പെടും. കൈക്കൂലി നൽകുവാൻ കഴിയാത്ത പാവപ്പെട്ടവർ ദുരിതത്തിൽ ആകും.  നീതി- ന്യായ തീരുമാനങ്ങളും വിധിപ്രസ്താവനയും നീണ്ടുപോകും.  ധാർമിക ബോധമുള്ളവർ ഗവൺമെന്റ് സർവീസിൽ നിന്നും അകന്നുനിൽക്കുവാനും പബ്ലിക് സർവീസ്  മൂല്യബോധമില്ലാത്തവരുടെ കുടിയേറ്റ മേഖല ആകുവാനും സാധ്യതയുണ്ട്.

എന്താണ് ഈ ദുരവസ്ഥയ്ക്കുള്ള പരിഹാരമാർഗങ്ങൾ?

'ധാർമിക അടിസ്ഥാനങ്ങൾ വീണുപോയാൽ നീതിമാൻ എന്ത് ചെയ്യും' എന്ന ബൈബിളിലെ ചോദ്യം നാടിനെ സംബന്ധിച്ചിടത്തോളം  വളരെ പ്രസക്തമാണ്. മത- രാഷ്ട്രീയ -ഔദ്യോഗിക മേഖലകളിൽ  അധാർമികതയുടെ കടന്നുകയറ്റം സംഭവിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടും വ്യവസ്ഥിതിയും ആണ് നമുക്ക് ആവശ്യം. നിലവിലുള്ള അഴിമതി നിരോധന നിയമം ശക്തമായി  നടപ്പിലാക്കുവാൻ തയ്യാറാകുന്ന പ്രതിബദ്ധതയുള്ള ഭരണാധികാരികൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയും:
അഴിമതി കുറ്റത്തിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഉടനടി 'ഡിസ്മിസൽ' എന്ന കർശന നിയമം വരണം.

ഡിജിറ്റൽ ഭരണ സമ്പ്രദായത്തിലൂടെ ( digital governance) അഴിമതി വളരെയധികം നിയന്ത്രിക്കുവാൻ കഴിയും. ജനങ്ങൾക്ക് ഔദ്യോഗിക സേവനങ്ങൾ  ഡിജിറ്റൽ പോർട്ടലിലൂടെ ലഭ്യമാക്കാനുള്ള  സൗകര്യം ഉണ്ടാക്കിയാൽ അഴിമതിക്കാരുടെ കറുത്ത കൈകളെ നിയന്ത്രിക്കാൻ കഴിയും. ഇക്കാര്യത്തിൽ സിംഗപ്പൂർ സമുന്നത  മാതൃകയാണ്.

ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും സൈക്കോളജിക്കൽ സ്ക്രീനിങ്ങും നൈതിക ബോധവൽക്കരണ പരിശീലനവും( ethic training) നൽകണം. ശിപാർശ, സ്വജനപക്ഷവാദം, കോഴ തുടങ്ങിയവയിലൂടെ ജോലിയിൽ നുഴഞ്ഞുകയറുന്നവർ നാടിനും ജനങ്ങൾക്കും ഭാരമായ ഭാരവാഹികൾ ആയിരിക്കും.

പൗരാവകാശങ്ങൾ നേടുവാൻ കൈക്കൂലി കൊടുത്തേ മതിയാകൂ എന്ന ഘട്ടത്തിൽ പ്രതികരിക്കാനും ആക്ടിവിസത്തിനും പോകാൻ സാധാരണക്കാർക്ക് കഴിഞ്ഞെന്നു വരില്ല. അവർക്ക് സ്വന്തം ജീവനും നിലനിൽപ്പും പ്രധാനമാണല്ലോ. അഴിമതിക്കെതിരെ ശബ്ദമുയർത്താനും പരാതി പറയുവാനും എല്ലാവർക്കും അവകാശമുണ്ടാകണം. അങ്ങനെ പ്രതികരിക്കുന്നവർ ഒരിക്കലും ക്രൂശിക്കപ്പെടരുത്. ലീഗൽ എയ്ഡ്,  സിവിക് ടെക് പ്ലാറ്റ്ഫോം, സിറ്റിസൺ ചാർട്ടേഴ്സ് തുടങ്ങിയ സംവിധാനങ്ങൾ ജനങ്ങൾക്ക് സൗകര്യപ്പെടുത്തി കൊടുക്കണം. 

നമ്മുടെ സംസ്കാരത്തിലെ കാൻസർ ബാധയാണ് അഴിമതി. സാംസ്കാരിക പുനസംസ്കരണം,  ധാർമിക നേതൃത്വം,  വ്യവസ്ഥാപിത രൂപകൽപ്പന എന്നിവയിലൂടെ അഴിമതി നിരോധനം സാധ്യമാക്കണം. പൗരന്റെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടണം.

അധികാര കസേരയിൽ കയറ്റി ഇരുത്തുന്നതും  അധികാരികൾക്ക് ശമ്പളം നൽകുന്നതും  ജനങ്ങൾ ആണെന്ന് ഉദ്യോഗസ്ഥരും ഭരണാധികാരികളും തിരിച്ചറിയുമ്പോൾ കാര്യങ്ങൾക്ക് മാറ്റം വരും. അതെങ്ങനെ സാധ്യമാക്കാം എന്ന്, കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, കോമൺ സെൻസുള്ള ജനങ്ങൾ ചിന്തിക്കണം, പ്രതികരിക്കണം.

'നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ജീവിക്കും.' എന്നാണ് ബൈബിളിലെ സദൃശ്യവാക്യത്തിലെ പ്രസ്താവന(15 : 27).  അനധികൃതമായി നേടുന്ന കറപുരണ്ട  പണം കുടുംബത്തിനും തലമുറകളുടെ നാശത്തിനും കാരണമാകും. ചരിത്രം സാക്ഷി.

മനുഷ്യരെ കൊള്ളയടിച്ചിരുന്ന കാട്ടാളനെ ഒരു  സന്യാസി ഉപദേശിച്ച്  സാത്വികനായ വാല്മീകി ആക്കി മാറ്റി.  ദ്രവ്യാഗ്രഹികളായ ഹൃദയ ശൂന്യരെ  നിയന്ത്രിക്കാനും തിരുത്തുവാനും നീതിബോധമുള്ള ജീവിതപങ്കാളിക്ക് സാധിക്കും.

'ഉള്ള അവസ്ഥയിൽ സംതൃപ്തിയോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്. ' -സെന്റ് പോൾ.