ഭ്രമണപഥമേത്?

'അവര്‍ വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്‌...'

യുദാ 1 : 13

വ്യാജോപദേഷ്ടാക്കളുടെ ക്ഷുദ്രസ്വഭാങ്ങൾ വിവരിച്ചുകൊണ്ട് യൂദ സ്ലീഹ പറയുന്നത്, അവർ ' വക്രഗതിയുള്ള നക്ഷത്രങ്ങൾ' ആണെന്നാണ്.

എന്താണ് വക്രഗതിയുള്ള നക്ഷത്രങ്ങൾ? 

 

വിശ്വാസികളുടെയും നേതൃത്വത്തിന്റെയും പ്രതിബദ്ധതയില്ലാത്ത വ്യക്തിത്വ ശൈലിയെയും അസ്ഥിര വിശ്വാസജീവിതത്തെയും പറ്റിയുള്ള  അതി സൂക്ഷ്മമായ മനശാസ്ത്ര നിരീക്ഷണമാണിത്.

ഇവർ ക്രിസ്തുവിനു ചുറ്റുമുള്ള  ഭ്രമണപഥത്തിൽ സുസ്ഥിരമായി പ്രയാണം ചെയ്യുന്നവരെല്ല. പലപ്പോഴും നിഷേധ ശക്തികളുടെ ആകർഷണം മൂലം ക്രിസ്തുവിൽ നിന്ന് അകന്നു പോകും. 

 

പ്രസംശക്കും പ്രതിഫലത്തിനും പദവിക്കും ഉദ്ദിഷ്ടകാര്യസാദ്ധ്യതക്കുംവേണ്ടി  വിവിധ ഭൗതിക വിഗ്രഹങ്ങൾക്ക് ചുറ്റും മാറി മാറി ഭ്രമണം ചെയ്യുന്നവർ  ക്രിസ്തിയ സാക്ഷ്യം നഷ്ടപ്പെട്ടവരാണ്. വിശ്വാസികളുടെ ക്രിസ്തു ബന്ധത്തിന് ഇടർച്ച ഉണ്ടാക്കുന്നവരാണ്. 

 

തന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിന് വെല്ലുവിളിയും പീഡനങ്ങളും ഉണ്ടായപ്പോഴെല്ലാം ക്രിസ്തുവുമായുള്ള ശാശ്വത ബന്ധത്തിന്റെ സുസ്ഥിര ഭ്രമണപഥത്തിലൂടെ ജീവിതാന്ത്യംവരെ  പൗലോസ് അപ്പോസ്തലൻ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ വിശ്വാസ സാക്ഷ്യം വിസ്മയകരമാണ്: 

 

റോമർ

8:35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?

8:38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ

8:39 ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു. 

 

വെളിച്ച ദൂതന്റെ വേഷം കെട്ടിയ വ്യാജ ഉപദേഷ്ടാക്കൾ നൂതന സിദ്ധാന്തങ്ങളും പഠിപ്പിക്കലുമായി  കാലാകാലങ്ങളിൽ രംഗത്ത് വരും. ഏദൻ തോട്ടത്തിൽ ദൈവബന്ധത്തിൽ നിന്ന് അടർത്തി മാറ്റുവാൻ ശ്രമിച്ച അതേ തന്ത്രങ്ങളും പ്രലോഭനങ്ങളും നമുക്ക് മുമ്പിൽ വരും. ദൈവബന്ധത്തിന്റെ ഭ്രമണപഥത്തിൽ, തിരുവചനത്തിന്റെ വഴിയിൽ ഉറച്ചു നിൽക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. 

 

വ്യാജോപദേഷ്ടാക്കളാൽ ആകർഷിക്കപ്പെട്ടപ്പോഴും ജീവിത പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും ക്രിസ്തുവുമായുള്ള ആത്മബന്ധത്തിന്റെ ഭ്രമണപഥത്തിൽ നിന്ന് വ്യതിചലിച്ചു പോയ എന്റെ ജീവിതത്തിലെ നിർഭാഗ്യകരമായ സാഹചര്യങ്ങളെ വളരെ ഖേദത്തോടെ ഞാൻ ഓർക്കുന്നു. അങ്ങയിൽ നിന്ന് അകന്നു പോയപ്പോഴും വിസ്മയ  സ്നേഹത്തിന്റെ ആകർഷണ വലയത്തിൽ  വീണ്ടും വീണ്ടും എന്നെ ചേർത്തുനിർത്തി പരിപാലിച്ച  വൻ കൃപയെ നന്ദിയോടും വിനയത്തോടും  ഓർക്കുന്നു. 

 

ക്രിസ്തുവിൽ നിന്ന് അടർത്തി മാറ്റുവാനുള്ള നിഷേധ ശക്തികളുടെ പ്രലോഭന ആകർഷണ വലയത്തിൽ വീണു പോകാതിരിക്കാൻ ഭാഗ്യവാനായ പൗലോസ് അപ്പോസതോലന്റെ നിശ്ചയദാർഢ്യത്തിലും ലക്ഷ്യബോധത്തിലും നാഥാ എന്നെ ഉറപ്പിക്കേണമേ:

'ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. ഫിലിപ്പിയർ 3:14

-ശുഭാശംസകൾ!

ഏ. പി. ജോർജ്ച്ചൻ