ആവണക്കുകൾ ഉണങ്ങുമ്പോൾ

 'യോനായ്‌ക്കു തണലും ആശ്വാസവും നല്‍കുന്നതിന്‌ ദൈവമായ കര്‍ത്താവ്‌ ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട്‌ യോനാ അത്യധികം സന്തോഷിച്ചു.' യോനാ 4 : 6

ആവണക്ക്  ചെടി കണ്ട്‌ യോനാ അത്യധികം സന്തോഷിച്ചു. എന്നാൽ നിനുവക്കാർ മനസാന്തരപ്പെടുകയും ദൈവം പാപക്ഷമ നൽകുകയും ചെയ്തപ്പോൾ യോനക്ക് യാതൊരു സന്തോഷവും തോന്നിയില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങളെപ്പറ്റി യോന കൂടുതൽ താല്പര്യവാനായിരുന്നു. 

തന്റെ ജനത്തിന്റെയല്ലാതെ മറ്റാരുടെയും രക്ഷയെക്കുറിച്ച് യോന ചിന്തിച്ചിരുന്നില്ല. അനേകം ക്രിസ്തീയ വിഭാഗങ്ങളും സഭകളും ഇന്നും ഈ വീക്ഷണം വച്ച് പുലര്‍ത്തുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.
തങ്ങളുടെ സുഖസൗകര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നവര്‍ മറ്റുള്ളവരുടെ ദുരിതങ്ങളെയും പാപം തടവിലാക്കിയ ആത്മാക്കളെയുംപറ്റി വ്യാകുലപ്പെടാറില്ല. നമ്മുടെ ജീവിതത്തിലെ സുഖസമൃദ്ധിയുടെ ആവണക്കുകൾ ഉണക്കികളയുന്നതിനു പിന്നിൽ ചില ദിവ്യോദ്ദേശങ്ങളുണ്ട്. ചില പുതിയ ചിന്തകൾക്കും ദർശനങ്ങൾക്കും വഴിത്തിരിവിനും ദൈവാശ്രയത്തിനുമൊക്കെ അത് നിമിത്തമായേക്കാം.

'നിന്നെ രക്‌ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്‌ ... നിന്നെ പൂര്‍ണമായി നശിപ്പിക്കുകയില്ല. നീതിപൂര്‍വം ഞാന്‍ നിന്നെ ശാസിക്കും; ശിക്‌ഷിക്കാതെ വിടുകയില്ല.'
യിരെമ്യ 30 : 11
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ