ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
തന്റെ മക്കളോടുള്ള ദൈവത്തിന്റെ സമീപനം എന്നും എപ്പോഴും കരുണയും ആർദ്രതയും നിറഞ്ഞതായിരിക്കും. ജീവിത ദുരന്തങ്ങളുടെ സമയത്ത് ഇത് വിശ്വസിക്കാൻ പലപ്പോഴും നമുക്ക് പ്രയാസമായിരിക്കും. ദൈവം ശിക്ഷിക്കുകയാണെന്നും മറന്നുപോയെന്നും ഒക്കെ നമ്മൾ ചിന്തിച്ചു പോയേക്കാം.
സഹന വേദനയിൽ ഇയ്യോബും ഇടറി പോയി. പക്ഷേ ദൈവത്തിലുള്ള പ്രത്യാശ വീണ്ടെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: 'എന്നാല്‍, എന്റെ വഴി അവിടുന്ന് അറിയുന്നു. അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും.' ഇയ്യോബ് 23 : 10
ജീവിത ദുരന്തങ്ങളിലുടെ നമ്മുടെ ശുദ്ധീകരണത്തിനും മഹത്വത്തിനും വേണ്ടി ദൈവം പ്രവർത്തിക്കുകയാണെന്ന് ഇയ്യോബിനെ പോലെ ചിന്തിക്കുവാൻ കഴിഞ്ഞാൽ പതറിപ്പോകാതെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കും.
അതുകൊണ്ടാണ് സഹനങ്ങളിൽ സന്തോഷിക്കണമെന്ന് യാക്കോബ് ശ്ലീഹാ പറയുന്നത്:
'ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘ സഹനത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.'
യാക്കോബ് 5 : 11
ഇയ്യോബിന്റെതുപോലുള്ള മെന്റൽ സെറ്റുണ്ടാകാൻ ദൈവത്തിന്റെ അത്ഭുത ശക്തി നമുക്ക് ആവശ്യമാണ്.
ദൈവം അറിഞ്ഞും അനുവദിച്ചും വരുന്ന ദുരന്തങ്ങൾക്കൊന്നും നമ്മെ തകർക്കുവാൻ കഴിയില്ല. ശുദ്ധീകരണം നേടിക്കഴിയുമ്പോൾ, അനുഗ്രഹീതരും പ്രശോഭിതരും സാക്ഷ്യം ഉള്ളവരുമായി ദൈവം നമ്മെ സമൂഹത്തിന്റെ മുമ്പിൽ നിർത്തും.
ക്രിസ്മസ് -പുതുവത്സരാശംസകൾ!
ഏ. പി. ജോർജച്ചൻ.
☆
Jesus said to them, "It is I; don't be afraid." John 6:20.
ദൈവത്തിനു സ്തോത്രം!