'നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന് വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?
ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന് പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.'
മത്തായി 18 : 12-14
വഴിതെറ്റിപ്പോയ ആടിനെ മറന്നുകളയാതെ, അന്വഷിച്ച് അവയ്ക്കു പിന്നാലെ പോകുന്ന സ്നേഹ ഇടയനാണ് ക്രിസ്തു. വഴിതെറ്റിപോയ ഓരോ ആടിനെപ്പറ്റിയും സ്വര്‍ഗ്ഗത്തിൽ വലിയ ആകാംഷയുണ്ട്.
നഷ്ടപ്പെട്ട മക്കൾ മടങ്ങിവരുമ്പോൾ സ്വർഗത്തിൽ ആഹ്ലാദവും സെലിബ്രേഷനുമാണ്.
ദാമ്പത്യത്തിലും കുടുംബത്തിലും ഇടവകയിലും നഷ്ടപ്പെട്ടവരെ ദൈവസ്നേഹത്തിലേക്ക് മടക്കികൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മനുഷ്യരെ പിടിക്കാനും ആത്മാക്കളെ നേടുവാനും വിളിക്കപ്പെട്ടവരാണ് നമ്മൾ.
എല്ലാവരും നിത്യതയുടെ അവകാശികളാകണമെന്ന് ദൈവം ആഗ്രഹിക്കുമ്പോൾ ആരെയും വെറുക്കാനും തള്ളിക്കളയാനും നമുക്ക് അവകാശമില്ല.
'ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും.
നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.' എസെക്കിയേല്‍ 34 : 15-16
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ