തന്നാലായ നന്മ ചെയ്യുന്നവര്‍

യേശു ബഥാന്യയില്‍ കുഷ്ഠരോഗിയായ ശീമോന്‍റെ വീട്ടില്‍ പന്തിയിലിരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടമാംസി തൈലവുമായി വന്ന് ഭരണി പൊട്ടിച്ച് യേശുവിന്‍റെ തലയില്‍ ഒഴിച്ചു. മുന്നൂറില്‍ അധികം വെള്ളിക്കാശു വിലയുള്ള തൈലം വെറുതെ ഒഴിച്ചു കളഞ്ഞിതിനെ പറ്റി കണ്ടു നിന്നവര്‍ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ക്രിസ്തു പറഞ്ഞു:’ അവളെ വിടുവിന്‍ അവളെ അസഹ്യപ്പെടുത്തരുത്. അവള്‍ തന്നാലാവത് ചെയ്തു’.

ഭാര്യയെ വെടിവയ്ക്കുവാന്‍ തോക്കു ചൂണ്ടി വന്ന ഘാതകനെ തടയുവാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരന്‍ പള്ളിമുറ്റത്ത് വച്ച് വെടിയേറ്റു മരിച്ചു. സ്വന്തം മാതാപിതാക്കളുടെ മുമ്പില്‍ വച്ചാണ് ആ ചെറുപ്പക്കാരന്‍ വെടിയേറ്റ്  മരിച്ചത്. മകന്‍റെ വേര്‍പാടിന്‍റെ തീവ്ര ദുഃഖത്തിലായ മാതാപിതാക്കള്‍ പറഞ്ഞു. അവന്‍റെ നഷ്ടം ചെറുതല്ല, കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെവണ്ണം ഞങ്ങളുടെ ഹൃദയം തകര്‍ന്ന് പോയി. പക്ഷെ അവന്‍ നിത്യതയിലേക്ക് കടന്ന് പോയത് ഒരു പുരുഷായുസ്സിന്‍റെ സുകൃതങ്ങള്‍ ചെയ്തിട്ടാണ്. സ്നേഹിതന്മാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അവന്‍ നിവൃത്തിച്ചു. എന്‍റെ മകനെ കൊന്നവന്‍റെ കരങ്ങള്‍ ഇനി മറ്റൊരാളുടെ ജീവനെടുക്കാന്‍ ഇടയാകാതെ നിയമത്തിന്‍റെ കരങ്ങള്‍ ബന്ധിച്ചപ്പോള്‍ മാനസാന്തരപ്പെടാനും മനം തിരിയുവാനും അവന്‍റെ ഘാതകന് അവന്‍ അവസരമുണ്ടാക്കി. രോഗപ്രതിസന്ധി മൂലം ജീവിതം വഴിമുട്ടിയ അനേകര്‍ക്ക് സ്വന്തം അവയവങ്ങള്‍ നല്‍കി ജീവിക്കാന്‍ അവസരമുണ്ടാക്കി. സ്വന്തം മകന്‍റെ വേര്‍പാടിലും ഇങ്ങനെയൊക്കെ പോസിറ്റീവായി ചിന്തിക്കാന്‍ കഴിയുമെന്ന് ഈ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു.

തന്നാലാവുന്നത് അവന്‍ ചെയ്തു.

തലച്ചോറിലെ ട്യൂമറിന് ചികിത്സയില്‍ കഴിയുന്ന പുക്കാട്ടുപടിയിലെ ഷാദിയ എന്ന ഒമ്പതുവയസുകാരി തന്‍റെ കൊച്ചു സമ്പാദ്യം മുഴുവനും പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും സമര്‍പ്പിച്ച്  കേരളമനസാക്ഷിക്കുമുമ്പില്‍ വിസ്മയമായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍ രോഗം ജീവിതത്തിന് അതിര്‍ത്തി കുറിച്ചപ്പോഴും തന്‍റെ നിസ്സാഹായതയുടെ നിമിഷങ്ങളില്‍ തന്നാലാവുന്ന നന്മചെയ്യുകയാണവള്‍.

സകലജനത്തിനുമുണ്ടായ സന്തോഷമായ യേശുവിന്‍റെ അമ്മയാകാന്‍, മകന്‍ ജനസഹസ്രങ്ങളുടെ  ജനപ്രിയനായകനാകുന്നതു കണ്ടു സന്തോഷിക്കുവാന്‍ ഭാഗ്യം ലഭിച്ചവളാണ് മേരി മാതാവ്. ഒടുവില്‍ കുരിശിന്‍ ചുവട്ടില്‍ സ്വന്തം മകന്‍ ലോകത്തിന്‍റെ പാപപരിഹാര യാഗവസ്തുവായി മുറിക്കപ്പെടുന്നതു കണ്ടിട്ടും ഹൃദമുരുകി കാലിടറാതെ നില്‍ക്കുവാന്‍ അമ്മയ്ക്ക് കഴിഞ്ഞതെങ്ങിനെയാണ്? തന്‍റെ മകന്‍ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണെന്ന സത്യം മേരിയമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചിരുന്നു. തന്‍റെ മകനെ തന്‍റെ സ്വാര്‍ത്ഥമോഹങ്ങളുടെ കരങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കാനാവില്ലെന്ന് അമ്മയ്ക്കറിയാമായിരുന്നു. അതുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്‍റെ വീണ്ടെടുപ്പിനായി കാല്‍വരി ബലിപീഠത്തില്‍ മകന്‍റെ രക്തം ചിന്തുന്നത് കണ്ടിട്ടും ഹൃദയത്തിലൂടെ ഒരായിരം വാളുകള്‍ കടന്നിട്ടും സഹനത്തിന്‍റെ തീച്ചുളയില്‍ സ്വയം എരിഞ്ഞു കത്തി പ്രാര്‍ത്ഥിച്ചുകൊണ്ട്  അവള്‍ കുരിശിന്‍ ചുവട്ടില്‍ നിന്നു. ലോകരക്ഷിതാവിന് ജന്മം കൊടുത്തു വളര്‍ത്തി ദൈവേഷ്ടത്തിന് സമര്‍പ്പിച്ച് തന്നാലാവുന്നത് അവള്‍ ചെയ്തു.

ഒരാളുടെ മഹത്വം എത്ര ദീര്‍ഘകാലം ജീവിച്ചിരുന്നു, എത്ര വാരിക്കൂട്ടി, ഏതെല്ലാം സ്ഥാനമാനങ്ങള്‍ നേടി എന്നതൊന്നുമല്ല. ഭൂമിയില്‍ ദൈവരാജ്യം വരാന്‍ മനുഷ്യമനസ്സിലെ ദുഷ്ടതയെ നന്മയിലേക്ക് രൂപാന്തരപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.

സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ സാമൂഹ്യതിന്മയ്ക്കെതിരെ അണിചേരുവാന്‍ സാമൂഹ്യ വിരുദ്ധരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടു വരാന്‍ ത്യാഗങ്ങളും നഷ്ടങ്ങളും സ്വന്തജീവനും സമര്‍പ്പിക്കുന്നവര്‍ ധന്യ ജന്മങ്ങളാണ്. യേശുക്രിസ്തുവിന്‍റെ പുനരാവിഷ്കാരങ്ങളാണ് . കൂരിരുട്ടില്‍ നിമിഷനേരത്തേക്ക് വെളിച്ചം പകര്‍ന്ന് മിന്നിമായുന്ന ഇടിമിന്നല്‍ പോലെ തന്നാലാകുന്ന പുണ്യം ചെയ്തു മറഞ്ഞുപോകുന്നവര്‍ക്ക് ധന്യ പ്രണാമം!